ബേപ്പൂര്‍ മണ്ഡലത്തില്‍ ബസ് വെയിറ്റിങ് ഷെഡുകളുടെ നിര്‍മാണത്തിന് 23 ലക്ഷം

കോഴിക്കോട്: ബേപ്പൂര്‍ മണ്ഡലത്തിലെ മണ്ണൂര്‍-കടലുണ്ടി റോഡില്‍ വിവിധയിടങ്ങളില്‍ ബസ് വെയിറ്റിങ് ഷെഡുകള്‍ നിര്‍മിക്കാന്‍ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍നിന്ന് 23 ലക്ഷം രൂപ അനുവദിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

കിഫ്ബി പദ്ധതിയില്‍ നവീകരിച്ച മണ്ണൂര്‍-കടലുണ്ടി റോഡില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ കുറവ് ശ്രദ്ധയില്‍പെട്ടതിനെ തുര്‍ന്നാണ് തുക അനുവദിച്ചത്.
മണ്ണൂര്‍ വളവ്, മണ്ണൂര്‍ പഴയ ബാങ്ക് സ്റ്റോപ്പ്, പ്രബോധിനി, കോട്ടക്കടവ് ജങ്ഷന്‍, കടലുണ്ടി ലെവല്‍ ക്രോസ് എന്നിവിടങ്ങളിലാണ് ബസ് വെയിറ്റിങ് ഷെഡ് നിര്‍മിക്കുക. സില്‍ക്കിനാണ് നിര്‍മാണ ചുമതല. നടപടികള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം പ്രവൃത്തി ആരംഭിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.