ഒബിസി പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ്പ് വായ്പാ പദ്ധതി

കോഴിക്കോട്: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഒബിസി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിനു വേണ്ടി നടപ്പാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പദ്ധതി പ്രകാരം പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. മൂന്ന് ലക്ഷം രൂപ വരെ കുടുംബവാര്‍ഷിക വരുമാനമുള്ള ഒബിസി വിഭാഗം പ്രൊഫഷണലുകള്‍ക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാം. ആറ് മുതല്‍ എട്ട് ശതമാനം വരെ പലിശനിരക്കില്‍ വായ്പ അനുവദിക്കും. തിരിച്ചടവ് കാലാവധി പരമാവധി 84 മാസം. അപേക്ഷകര്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ (എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിടെക്, ബിഎച്ച്എംഎസ്, ബിആര്‍ക്, വെറ്റിനറി സയന്‍സ്, ബി.എസ്.സി അഗ്രികള്‍ച്ചര്‍, ബിഫാം, ബയോടെക്നോളജി, ബിസിഎ, എല്‍എല്‍ബി, എംബിഎ, ഫുഡ് ടെക്നോളജി, ഫൈന്‍ ആര്‍ട്‌സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫോട്ടോഗ്രഫി, വീഡിയോഗ്രാഫി മുതലായവ) വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ ആയിരിക്കണം. പ്രായം 40 വയസു കവിയാന്‍ പാടില്ല.

ഈ പദ്ധതി പ്രകാരം മെഡിക്കല്‍/ആയുര്‍വേദ/ഹോമിയോ/സിദ്ധ/ദന്തല്‍ ക്ലിനിക്, വെറ്റിനറി ക്ലിനിക്, സിവില്‍ എഞ്ചിനിയറിംഗ് കണ്‍സല്‍ട്ടന്‍സി, ആര്‍ക്കിടെക്ടറല്‍ കണ്‍സല്‍ട്ടന്‍സി, ഫാര്‍മസി, സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ്, ഡയറി ഫാം, അക്വാകള്‍ച്ചര്‍, ഫിറ്റ്നസ് സെന്റര്‍, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യുകള്‍ച്ചര്‍ ഫാം, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, എഞ്ചിനീയറിംഗ് വര്‍ക്ക്ഷോപ്പ് തുടങ്ങി പ്രൊഫഷണല്‍ യോഗ്യതയുമായി ബന്ധപെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും. പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പ അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.

വായ്പാ തുകയുടെ 20 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) പിന്നോക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡി ആയി അനുവദിക്കും. സബ്‌സിഡി തുക അപേക്ഷകന്റെ വായ്പാ അക്കൌണ്ടില്‍ വരവ് വയ്ക്കും. പദ്ധതിയില്‍ സ്റ്റാര്‍ട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിനു മുമ്പ് തത്പരരായ പ്രൊഫഷണലുകള്‍ കോര്‍പ്പറേഷന്റെ ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് www.ksbcdc.com  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *