കേരളത്തിന്റെ ഭാവി വികസനത്തിന് പുതിയ ദിശ;  ‘റീഇമാജിനിങ് കേരളം’ നേതൃത്വ ശില്പശാല ഐ ഐ എമ്മിൽ

കോഴിക്കോട്: കേരളത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവി വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐ.ഐ.എം.കെ) സംഘടിപ്പിക്കുന്ന ദ്വിദിന നേതൃത്വ ശിൽപശാലയായ ‘റീഇമാജിനിങ് കേരളം’ സെപ്റ്റംബർ നാലിനും അഞ്ചിനും കോഴിക്കോട് ഐ.ഐ.എം. ക്യാമ്പസിൽ നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശനും സംസ്ഥാനത്തെ മുഴുവൻ മന്ത്രിസഭാംഗങ്ങളും പരിപാടിയിൽ പങ്കെടുക്കും.

കേരളത്തിന്റെ ഭാവി വികസനത്തിന് പുതിയ ആശയങ്ങളും തന്ത്രപരമായ സമീപനങ്ങളും രൂപപ്പെടുത്തുന്നതിനുള്ള സംവാദ വേദിയായാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വം, ഐ.ഐ.എം.കെ അധ്യാപകർ, രാജ്യാന്തര വിദഗ്ധർ എന്നിവർ പങ്കെടുക്കുന്ന ചർച്ചകളിൽ സംസ്ഥാനത്തിന്റെ വികസന പാതയെ സ്വാധീനിക്കുന്ന വിവിധ വിഷയങ്ങൾ ആഴത്തിൽ പരിശോധിക്കും.

കൃത്രിമബുദ്ധിയുടെ കാലത്തെ നേതൃത്വം, നയങ്ങൾ ജനജീവിതത്തിൽ സുസ്ഥിരമായ മാറ്റങ്ങളാക്കി മാറ്റുന്നതിനുള്ള സമീപനങ്ങൾ, കാലാവസ്ഥാ പ്രതിരോധം, സമൂഹാധിഷ്ഠിത ദുരന്തനിവാരണം, പൊതുജനാരോഗ്യ, വയോജന സമൂഹം, ‘സിൽവർ ഇക്കോണമി’, കേരളത്തിന്റെ സാമ്പത്തിക-ധനകാര്യ അടിത്തറ, തൊഴിൽ, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസത്തിലെ മികവ്, കേരളത്തെ ആഗോള ബ്രാൻഡായി ഉയർത്തുന്നതിനുള്ള സാധ്യതകൾ തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്യുക.

ഐ.ഐ.എം.കെ അധ്യാപകരോടൊപ്പം ജപ്പാനിലെ കിയോ സർവകലാശാല, കിംഗ്സ് കോളേജ് ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരും സെഷനുകൾ നയിക്കും. ആരോഗ്യവും ക്ഷേമവും സംബന്ധിച്ച പ്രത്യേക സെഷന്‍ അരവിന്ദ് ഐ കെയർ സിസ്റ്റം ചീഫ് മെഡിക്കൽ ഓഫീസറും ഡയറക്ടർ–പ്രോജക്ട്സുമായ ഡോ. അരവിന്ദ് ശ്രീനിവാസൻ, നാരായണ ഹെൽത്ത് ചെയർമാൻ ഡോ. ദേവി ഷെട്ടി എന്നിവർ നേതൃത്വം നൽകും.

ദൈനംദിന ഭരണനിർവഹണത്തിന്റെ തിരക്കുകളിൽ നിന്ന് മാറിനിന്ന് കേരളത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന പ്രധാന മാറ്റങ്ങളെക്കുറിച്ച് സംസ്ഥാന നേതൃത്വത്തിന് കൂട്ടായ ചിന്തയ്ക്കും തന്ത്രപരമായ ആലോചനയ്ക്കും അവസരമൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ഐ.ഐ.എം.കെ ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി പറഞ്ഞു. പ്രായമായിക്കൊണ്ടിരിക്കുന്ന ജനസംഖ്യ, കൃത്രിമബുദ്ധിയുടെ വളർച്ച, കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റവും പ്രവാസി പണമയയ്ക്കലിലെ മാറ്റങ്ങളും, വർധിച്ചുവരുന്ന ധനകാര്യ സമ്മർദങ്ങളും കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളാണെന്നും അദ്ദേഹം പറഞ്ഞു.

ക്ലാസ് മുറിയിലെ പരിശീലനത്തിനുപകരം വിദഗ്ധരും നയരൂപീകരകരും തമ്മിലുള്ള സംവാദങ്ങൾക്കും ആശയവിനിമയത്തിനുമാണ് പരിപാടിയിൽ പ്രാധാന്യം നൽകുന്നത്. കേരളത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന ദീർഘകാല മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും നയപരമായ തീരുമാനങ്ങളെ സുസ്ഥിര ഫലങ്ങളാക്കി മാറ്റുന്നതിനുള്ള തെളിവധിഷ്ഠിത സമീപനവും വളർത്തുകയാണ് ലക്ഷ്യം.

കേരള മന്ത്രിസഭയ്ക്കായി ഐ.ഐ.എം.കെ സമർപ്പിത നേതൃത്വ പരിപാടി സംഘടിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2011ൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കായി ഐ.ഐ.എം.കെ ഏകദിന നേതൃത്വ-മാനേജ്മെന്റ് പരിപാടി സംഘടിപ്പിച്ചിരുന്നു.

കേരളത്തിന്റെ വികസനത്തിന് ദീർഘകാല കാഴ്ചപ്പാടും തന്ത്രപരമായ ദിശയും രൂപപ്പെടുത്തുന്നതിൽ അക്കാദമിക രംഗവും സർക്കാരും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന വേദിയാകും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000