വടകര: ചെറുധാന്യങ്ങളുടെ മേഖലയിൽ വിവിധ പ്രവർത്തനങ്ങൾ ചെയ്യാനായി രജിസ്റ്റർ ചെയ്ത സംഘടനയായ മില്ലറ്റ് മിഷൻ മില്ലറ്റ് ബോധവൽക്കരണം, മില്ലറ്റ് കൃഷി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന മത്സരം, മാതൃക മില്ലറ്റ് കൃഷിത്തോട്ടം എന്നിവ സംഘടിപ്പിക്കുന്നു.
കൃഷിക്ക് ആവശ്യമായ വിത്തുകൾ സംഘടനയുടെ വടകരയിലുള്ള ആസ്ഥാനത്ത് ലഭ്യമാണ്. വിളവെടുത്താൽ സംസ്കരണം ആവശ്യമില്ലാത്ത റാഗി, ബജ്ര (കമ്പ്), മണിച്ചോളം എന്നിവയുടെ വിത്തുകളാണുള്ളത്. വില (കിലോയ്ക്ക്)
റാഗി:85, ബജ്ര:85, മണിച്ചോളം: 110. പോസ്റ്റലായി ലഭിക്കേണ്ടവർക്ക് അയച്ചുകൊടുക്കും. മറ്റ് ആറ് മില്ലറ്റുകളുടെയും വിത്തുകൾ ആവശ്യപ്പെടുന്നവർക്ക് ലഭ്യമാക്കും. ബന്ധപ്പെടേണ്ട നമ്പർ: 95391 69494.
മില്ലറ്റ്, മില്ലറ്റ് കൃഷി എന്നിവയെക്കുറിച്ച് ഐടി അധിഷ്ഠിത ക്ലാസുകളാണ് നൽകുക. കൃഷിക്കൂട്ടങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, വായനശാലകൾ, അംഗൻവാടി, ആശ വർക്കർമാർ, ആരോഗ്യപ്രവർത്തകർ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവർക്കെല്ലാം ക്ലാസുകൾ നൽകും. ക്ലാസ്സുകൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 9447262801.
കേരളത്തിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി “ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ ചെറുധാന്യങ്ങൾ” എന്ന വിഷയത്തിലാണ് ഉപന്യാസ മത്സരം നടത്തുന്നത്. നാലു പേജിൽ കവിയാത്ത ഉപന്യാസം സ്കൂൾ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രത്തോടൊപ്പം ഏപ്രിൽ 15നകം സെഡ് എ സൽമാൻ, പാലേരി മണ്ണിൽ, ചെറിയ കുമ്പളം, പാലേരി പി ഒ, കുറ്റ്യാടി പിൻ:673508 എന്ന വിലാസത്തിൽ ലഭിക്കണം. ഒന്നാം സ്ഥാനത്തിന് 10 കിലോ, രണ്ടാം സ്ഥാനത്തിന് അഞ്ച് കിലോ, മൂന്നാം സ്ഥാനം മൂന്ന് കിലോ എന്നീ രീതിയിൽ മില്ലറ്റുകളും സമ്മാനം നൽകും. ഉപന്യാസരചന സംബന്ധിച്ച് ബന്ധപ്പെടേണ്ട നമ്പർ: 95627 34732.
സംഘടനയുടെ നേതൃത്വത്തിൽ മാതൃക മില്ലറ്റ് കൃഷിത്തോട്ടം നിർമ്മിക്കും. ഓർക്കാട്ടേരിയിൽ നിർമ്മിക്കുന്ന തോട്ടത്തിൽ 9 മില്ലറ്റുകളും കൃഷി ചെയ്യും. കർഷകർക്കും ബഹുജനങ്ങൾക്കും സന്ദർശിക്കാനും പഠിക്കാനും ഗവേഷണം നടത്താനും ഉതകുന്ന രീതിയിലാകും തോട്ടം നിർമ്മിക്കുക.
യോഗത്തിൽ മില്ലറ്റ് മിഷൻ പ്രസിഡൻ്റ് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. സെക്രട്ടറി വി മോഹന ബാബു, ഒ കെ ചന്ദ്രൻ, എം രഞ്ജിഷ്, കെ ജയരാജൻ, എ എ ചന്ദ്രൻ, കെ അശോകൻ എന്നിവർ സംസാരിച്ചു.
മില്ലറ്റ് കൃഷി പ്രോത്സാഹനത്തിന് മില്ലറ്റ് മിഷൻ

