അമൃത കോളങ്ങാട്
എന്താണ് ഈ നഗരത്തിനു ഇത്രയും പ്രത്യേകത. ആൾക്കാരെ വീണ്ടും വീണ്ടും ആകർഷിക്കാൻ എന്ത് മാന്ത്രികതയാണ് ആ നഗരം ഉള്ളിൽ ഒളിപ്പിച്ചിരുന്നത് ….ഒരുപാട് ചോദ്യങ്ങളുമായാണ് വാരണാസി യാത്ര ആരംഭിക്കുന്നത്. അതിനൊക്കെയുള്ള ഉത്തരങ്ങൾ കണ്ടെത്തണം. ആ നഗരത്തെ നേരിട്ടറിയണം.
തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് വിമാനം ഉയരുമ്പോൾ മനസ്സിൽ ഇതുവരെ ഇല്ലാത്ത ഒരു ആവേശം ഉണ്ടായിരുന്നു ഈ യാത്രയിൽ. യാത്രയിൽ അപ്രതീക്ഷിതമായുണ്ടായ കാലാവസ്ഥയിലെ മാറ്റങ്ങളോ വിമാനം വൈകിയതോ ഒന്നും എന്നെ കാര്യമായി ബാധിച്ചില്ല. മനസ്സ് മുഴുവൻ വാരണാസി ആയിരുന്നു. .
എയർപോർട്ടിൽ നിന്നുള്ള യാത്രയിൽ ഉടനീളം വാരണാസി എന്ന നഗരത്തിന്റെ വിവിധ മുഖങ്ങളാണ് കാണാൻ കഴിഞ്ഞത്.
റൂമിൽ എത്തിയ ഉടൻ തന്നെ ഏറ്റവും അടുത്തുള്ള സ്ഥലങ്ങളെ കുറിച്ചുള്ള അന്വേഷണം ആയിരുന്നു.
അസ്സി ഘാട്ട്
താമസസ്ഥലത്തു നിന്ന് ഏറ്റവും അടുത്തുള്ള ഘാട്ട്. ചന്ദനത്തിരികളുടെയും എണ്ണയുടെയും ഗന്ധം തളം കെട്ടിനിൽക്കുകയാണ് അസ്സി ഘാട്ടിൽ മുഴുവൻ. ഗംഗയിലെ ആരതികളിൽ പ്രധാനപ്പെട്ട ആരതി നടക്കുന്ന ഘാട്ട് ആണ് അസ്സി ഘാട്ട്. മറ്റു ഘാട്ടുകളെ അപേക്ഷിച്ച് തിരക്ക് കുറഞ്ഞ ഘാട്ട് ആണിത്.
ഗല്ലികളിലൂടെ ….
വാരണാസിയുടെ താളം ഗല്ലികളും അതിലെ ജീവിതങ്ങളുമാണ്. നിരവധി ഗല്ലികളാണ് അവിടെ മുഴുവൻ. ഇടുങ്ങിയ ഈ ഗല്ലികളിൽ ആയിരക്കണക്കിന് ആൾക്കാർ ജീവിക്കുകയാണ്. പരിമിതമായ സൗകര്യങ്ങളാണ് ഗല്ലികളിൽ. ആ പരിമിതികളിലും സന്തോഷം കണ്ടെത്തുകയാണ് അവിടെയുള്ള ആൾക്കാർ. ഗല്ലികളിൽ വഴി തെറ്റിയാലും പേടിക്കാതെ നടന്നു നീങ്ങിയാൽ ഗംഗയുടെ തീരത്തെത്തും എന്നത് ഉറപ്പാണ്. നിരവധി കരകൗശലങ്ങൾ വിൽക്കുന്ന കടകളും, വാരണാസിയിലെ പേരുകേട്ട ഭക്ഷണസ്ഥലങ്ങളും ഇത്തരത്തിലുള്ള ഗല്ലികളിലാണ്.
ഘാട്ടുകളിലൂടെ..
ഏതാണ്ട് 89 ഘാട്ടുകളാണ് വാരണാസിയിൽ ഉള്ളത്. 14 ഘാട്ടുകളിലൂടെ നടന്ന് കാഴ്ചകൾ കാണാനേ കഴിഞ്ഞുള്ളു. ഓരോ ഘാട്ടിനും ഓരോ കഥയുണ്ട് പറയാൻ. ചരിത്രത്തിനപ്പുറം ഓരോ ഘാട്ടിലും നമ്മൾ കാണുന്ന മനുഷ്യർക്കും പറഞ്ഞാൽ തീരാത്ത കഥകളുണ്ട്. ആ കഥകൾ കേട്ട് നിൽക്കുമ്പോൾ നമ്മളും അതിലൂടെ ജീവിക്കുന്നതായി തോന്നുന്ന ഒരു പ്രതീതി ഉണ്ടാകും .
ഗംഗ ആരതി
ദശാശ്വമേധ ഘാട്ട് ഗംഗ ആരതിക്കായി ഒരുങ്ങി കഴിഞ്ഞു. ഗംഗയിലെ ഏറ്റവും വര്ണശബളിതമായ ആരതിയാണിത്. ജനങ്ങൾ ആരതിയുടെ ഊർജത്തിലും തിളക്കത്തിലും അലിഞ്ഞു ഇല്ലാതാവുകയാണ്. അന്തരീക്ഷം ശിവസ്തുതികളാൽ നിറഞ്ഞു. ദീപങ്ങൾ കൊണ്ട് ഗംഗയുടെ ഭംഗി നൂറു മടങ്ങായി ഇരട്ടിച്ചു. സ്വർണക്കസവുമുണ്ടുകളും ചുവന്ന കുർത്തികളും ധരിച്ച പൂജാരിമാർ ദീപങ്ങളും മന്ത്രങ്ങളും ശംഖനാദങ്ങളുമായി ഗംഗയെ തഴുകുകയാണ്. പറഞ്ഞറിയിക്കാൻ പറ്റാത്ത ഭംഗിയാണ് ആരതിയിൽ ഗംഗയെ കാണാൻ.
കാശി വിശ്വനാഥനെ കാണാൻ…ലോകത്തിന്റെ പല സ്ഥലങ്ങളിൽ നിന്നും ഭക്തർ കൂട്ടമായി ഒഴുകി എത്തുന്ന സ്ഥലമാണ് കാശി. മോക്ഷത്തിലേക്കുള്ള വാതിൽ – അതാണ് കാശി വിശ്വനാഥൻ. രൗദ്രകോപഭാവങ്ങളിൽ നിന്ന് മാറി കരുണയുടെ മുഖം കൈവരിച്ചു ഭക്തരെ കാത്തിരിക്കുന്ന വിശ്വനാഥനെയാണ് നമുക്ക് കാശിയിൽ കാണാൻ കഴിയുക. വലുതും ചെറുതുമായ നിരവധി ക്ഷേത്രങ്ങൾ ഇനിയുമുണ്ട് ഗംഗയുടെ തീരങ്ങളിൽ.
സാരാനാഥ്
വാരാണസിയിൽ നിന്ന് ഏതാണ്ട് പത്തുകിലോമീറ്ററിൽ അധികം ദൂരമുണ്ട് സാരാനാഥിലേക്ക്..പ്രബുദ്ധതയുടെയും നിർവാണത്തിന്റെയും സന്ദേശം മുന്നോട്ട് വച്ച ശ്രീബുദ്ധൻ്റെയും ആ ആശയങ്ങളിലൂടെ ഒരു ലോകം കെട്ടിപ്പടുക്കാൻ ശ്രമിച്ച അശോക ചക്രവർത്തിയുടെയും ജീവിതത്തിലൂടെ സഞ്ചരിക്കാൻ സാധിക്കും സാരാനാഥിലൂടെ നടക്കുമ്പോൾ.
മണികർണിക ഘാട്ട്
ജീവിതം എന്താണെന്നു ഓരോരുത്തരെയും ചിന്തിപ്പിക്കുന്ന ഇടം. മണികർണിക ഘാട്ടിലേക്ക് നടക്കുമ്പോൾ മനസ്സ് ഒന്ന് ഇടറുന്നുണ്ടായിരുന്നു. പൊതുവെ ഇങ്ങനെയുള്ള കാഴ്ചകളിൽ നിന്ന് മാറിനിൽക്കുന്ന ഒരാളാണ് ഞാൻ. ഘാട്ടിലേക്ക് ഇറങ്ങുമ്പോൾ തന്നെ വഴികൾ നീളെ ബഹളങ്ങളും നമ്മെ വഴി മാറ്റി വിറകുകൾ ചുമന്നു കൊണ്ട് വേഗത്തിൽ ഓടുന്ന ആൾക്കാരെയും ഒക്കെയാണ് കണ്ടത്. ഘാട്ടിൽ എത്തുമ്പോൾ നമ്മെ വരവേൽക്കുന്നത് മോക്ഷപ്രാപ്തിക്കായി വെമ്പൽ കൊള്ളുന്ന ശവശരീരങ്ങളാണ്.
നിർത്താതെ കത്തുന്ന ചിതകൾ, ഊഴം കാത്തുനിൽക്കുന്ന ചേതനയറ്റ ശരീരങ്ങൾ, ഗംഗയിലെ പുണ്യ ജലം കൊണ്ട് ദേഹശുദ്ധി വരുത്തി മോക്ഷം നേടാനായി ഗംഗയുടെ കരയിൽ കൂട്ടിയിട്ട ശവശരീരങ്ങൾ എന്നീ കാഴ്ചകളാണ്. ഒരു വല്ലാത്ത എനർജി എനിക്ക് അവിടെ നിൽക്കുമ്പോൾ അനുഭവപ്പെട്ടു. മനുഷ്യർക്ക് തിരിച്ചറിവുകൾ ഉണ്ടാകുന്ന സ്ഥലമാണ് മണികർണിക. ചിതകൾ എരിഞ്ഞുകൊണ്ടേ ഇരിക്കുകയാണ് മണികർണികയിൽ. ഇതൊന്നും ഒന്നുമല്ല എന്ന് തോന്നിപ്പിക്കുംവിധം ചില മനുഷ്യരെയും നമുക്ക് കാണാൻ കഴിയും. തണുപ്പകറ്റാൻ ചിതകൾക്കരികിൽ ചൂടേറ്റ് കിടന്നുറങ്ങുന്നവർ, കാഴ്ചകൾ കണ്ടു നടക്കുന്നവർ, കത്തുന്ന ശരീരങ്ങൾക്കിടയിൽ ചായയും പാനും വിറ്റ് നടക്കുന്നവർ. ജീവിതത്തിലെ വിവിധ ഭാവങ്ങളാണ് നമുക്ക് മണികർണികയിൽ കാണാൻ കഴിയുന്നത്.
വാരണാസിയിൽ നിന്ന് തിരിച്ചു വരുമ്പോൾ മനസ്സിൽ ഒരു പോസിറ്റീവ് എനർജിയുണ്ട്. എന്താണെന്നു പറഞ്ഞറിയിക്കാൻ പറ്റാത്തപോലെ.. വാരണാസിയെ അടുത്തറിഞ്ഞവർ പറയുന്ന പോലെ വാരണാസി ഒരു അത്ഭുതമാണ്..കണ്ടു തീർക്കാനാകാത്ത, പറഞ്ഞറിയിക്കാൻ പറ്റാത്ത ഭക്തിയുടെയും വിശ്വാസങ്ങളുടെയും ലഹരിയുടെയും ജീവിത- മരണങ്ങളുടെയും തിരിച്ചറിവുകളുടെയും കാഴ്ചകളാണ് അവിടെ മുഴുവൻ.






