കോഴിക്കോട്: യുനെസ്‌കോ ഇന്ത്യയിലെ പ്രഥമ സാഹിത്യ നഗരമായി കോഴിക്കോടിനെ തെരഞ്ഞെടുത്ത സാഹചര്യത്തിൽ എസ് വൈ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്‌കാരിക സമ്മേളനം നവംബർ 21 ന് ചൊവ്വാഴ്ച വൈകുന്നേരം 6.30 ന് കോഴിക്കോട് ടൗൺഹാളിൽ നടക്കും.
യുനെസ്‌കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്.
അറബിയിലും മലയാളത്തിലും അറബിമലയാളത്തിലും സംസ്‌കൃതത്തിലുമെല്ലാമായി എഴുതി വെച്ച നിരവധി ഗ്രന്ഥങ്ങളുടെ പൈതൃകമുണ്ട് കോഴിക്കോടിന് പറയാൻ. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛൻ എഴുതിത്തുടങ്ങുന്നതിന് മുമ്പ് അറബി മലയാള ലിപിയിൽ ഖാളി മുഹമ്മദ് രചിച്ച മുഹ്‌യിദ്ദീൻ മാല ഈ ദേശത്തെ ജനകീയ കൃതിയായി മാറിയിരുന്നു. ഫത്ഹുൽ മുബീൻ, ഖുതുബത്തുൽ ജിഹാദ് പോലെയുള്ള കൃതികൾ പോർച്ചുഗീസ് വിരുദ്ധ പോരാട്ടത്തിന്റെ പ്രമേയമായി ജനങ്ങൾക്കിടയിൽ പ്രചരിച്ചിരുന്നു. മുച്ചുന്തി പള്ളിയും മിശ്കാൽ പള്ളിയുമുൾപ്പെടെ കോഴിക്കോട്ടെ പൗരാണിക മുസ്‌ലിം ആരാധനാലയങ്ങളെല്ലാം ഈ ധൈഷണിക വ്യവഹാരത്തിന്റെ ഭാഗമായിരുന്നു. അച്ചടിച്ചതും കയ്യെഴുത്ത് പ്രതികളുമായി നിരവധി പൗരാണിക കൃതികൾ ഇവിടങ്ങളിലെല്ലാം ഇപ്പോഴും സംരക്ഷി،പ്പെടുന്നത് അക്കാലത്തെ ഗ്രന്ഥശാലാ സംസ്‌കാരത്തിന്റെ ശേഷിപ്പാണ്.
രേവതി പട്ടത്താനവും പതിനെട്ടര കവികളും കുന്ദലതയുമെല്ലാം പ്രതിനിധാനം ചെയ്യുന്ന കോഴിക്കോടിന്റെ പൗരാണിക സാഹിത്യ ഭൂപടത്തിൽ നിന്ന് വർത്തമാനത്തിലേക്കും പ്രയാണത്തിനിടയിൽ മോയിൻ കുട്ടി വൈദ്യർപോലും കോഴിക്കോടിന്റെ സാഹിത്യ പാരമ്പര്യത്തിന്റെ ഭാഗമാകുന്നുണ്ട്.
ആധുനിക കാലത്തേക്ക് വരുമ്പോൾ ബഷീറും എസ് കെ പൊറ്റെക്കാടും കെ ടി മുഹമ്മദും എം ടിയും യു എ ഖാദറും തുടങ്ങി എണ്ണമറ്റ മഹാരഥന്മാരുടെ ഓർമകൾ കൊണ്ട് ധന്യമാണ് കോഴിക്കോട്. നിരവധി ദിനപ്പത്രങ്ങളും പ്രസിദ്ധീകരണാലയങ്ങളും ഈ നഗരത്തിലുണ്ട്, പുസ്തക പ്രകാശനങ്ങളും ചർച്ചകളും ഇടവേളകളില്ലാതെ കോഴിക്കോട്ട് നടന്നുകൊണ്ടിരിക്കുന്നു. ഇതിനെല്ലാമുള്ള അംഗീകാരമാണ് സാഹിത്യ നഗരം എന്ന പദവിയിലൂടെ കോഴിക്കോട് സ്വന്തമാക്കിയിരിക്കുന്നത്.
ഈ നേട്ടത്തിന്റെ പശ്ചാത്തലത്തിൽ സാംസ്‌കാരിക പ്രവർത്തനങ്ങൾ സജീവമാക്കാനും പൈതൃകങ്ങളുടെ ശേഷിപ്പുകൾ നഷ്ടമാകാതെ സൂക്ഷിക്കാനും പ്രവർത്തകരെ സജ്ജമാക്കാനുമുള്ള വ്യത്യസ്ത പ്രവർത്തനങ്ങളുടെ തുടക്കമെന്ന നിലയിലാണ് സാംസ്‌കാരിക സമ്മേളനം സംഘടിപ്പിക്കുന്നത്.
മത സാമൂഹ്യ സാംസ്‌കാരിക രാഷ്ടീയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കുന്ന സമ്മേളനം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ജലീൽ സഖാഫിയുടെ അധ്യക്ഷതയിൽ
ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി സുൽത്വാനുൽ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. എം കെ രാഘവന്‍ എം പി മുഖ്യാതിഥിയായിരിക്കും.
ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി,
തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹ്മദ്, കെ പി രാമനുണ്ണി, യു കെ കുമാരന്‍, പി കെ ഗോപി,
ഫൈസല്‍ എളേറ്റില്‍, എൻ അലി അബ്ദുല്ല, മുസ്തഫ പി എറയ്ക്കല്‍, സ്വാദിഖ് മാസ്റ്റർ വെളിമുക്ക്, എ കെ അബ്ദുല്‍ മജീദ്, മുനീർ സഖാഫി ഓർക്കാട്ടേരി തുടങ്ങിയവർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ അബ്ദുൽ ജലീൽ സഖാഫി, ഡോ. അബൂബക്കർ നിസാമി, മജീദ് മാസ്റ്റർ കൊടിയത്തൂർ, കൈരളി അബ്ദുറഹ്മാൻ ഹാജി, സലീം മാസ്റ്റർ ചെറുവണ്ണൂർ എന്നിവർ സംബന്ധിച്ചു

