ടി കെ കിഷോർ കുമാർ എൻഎൽസിഎഫ് ഡയറക്ടർ
ന്യൂഡൽഹി: കേരള സഹകരണസംഘം പ്രതിനിധിയും മലയാളിയുമായ ടി കെ കിഷോർ കുമാർ വീണ്ടും ദേശീയ തൊഴിൽ സഹകരണ ഫെഡറേഷന്റെ (NLCF) ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണേന്ത്യയിൽനിന്നു ഡയറക്ടർ ബോർഡിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏക സ്ഥാനാർത്ഥിയും അദ്ദേഹമാണ്.
ന്യൂഡൽഹിയിൽ നടന്ന ദേശീയ തെരഞ്ഞെടുപ്പിലാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണസംഘം ചീഫ് പ്രോജക്റ്റ് കോ-ഓർഡിനേറ്ററും കോഴിക്കോട് സ്വദേശിയുമായ ടി കെ കിഷോർ കുമാർ തെരഞ്ഞെടുക്കപ്പെട്ടത്.
കേന്ദ്ര സഹകരണ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന തൊഴിൽ, നിർമ്മാണ, വനമേഖലകളിലെ സഹകരണപ്രസ്ഥാനങ്ങളുടെ ദേശീയസംഘടനയാണ് നാഷണൽ ലേബർ കോ- ഓപ്പറേറ്റീവ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ. രാജ്യത്തെ 17 സംസ്ഥാനഫെഡറേഷനുകളും 215 ജില്ലാ ഫെഡറേഷനുകളും തൊഴിൽ, നിർമാണ, വനമേഖലകളിലെ 44,143 സഹകരണസംഘങ്ങളുടെയും അപ്പെക്സ് സംഘടനയായ എൻഎൽസിഎഫ്ഐയിൽ 27.30 ലക്ഷം തൊഴിലാളികൾ അംഗങ്ങളാണ്.
കേരളത്തിലെ സഹകരണമേഖല പൊതുവേയും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണസംഘം പ്രത്യേകിച്ചും ദീർഘകാലമായി നടത്തിവരുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരംകൂടിയാണ് കിഷോർ കുമാറിന്റെ തെരഞ്ഞെടുപ്പെന്ന് സഹകരണമന്ത്രി വി എൻ വാസവൻ പറഞ്ഞു. നൂറാം വാർഷികം ആഘോഷിക്കുന്ന ഊരാളുങ്കൽ സൊസൈറ്റിക്കു ദേശീയതലത്തിൽ കിട്ടുന്ന മികച്ച അംഗീകാരമായിക്കൂടി ഇതിനെ കാണുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നോക്ക വിഭാഗങ്ങൾ അടങ്ങുന്ന പാവപ്പെട്ട തൊഴിലാളികളുടെയും അസംഘടിതമേഖലയുടെയും സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനും തൊഴിൽ സഹകരണസംഘങ്ങളുടെ ഉന്നമനത്തിനുമായി പ്രവർത്തിക്കുക, അത്തരം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ഏകോപിപ്പിക്കുക, സഹായിക്കുക, വികസിപ്പിക്കുക എന്നിവയാണ് ദേശീയ തൊഴിൽ സഹകരണ ഫെഡറേഷന്റെ പ്രധാന ലക്ഷ്യങ്ങൾ.
