ഇതേ കാലയളവിൽ കഴിഞ്ഞ വർഷത്തെ ഉപഭോഗം 529.47 ദശലക്ഷം യൂണിറ്റ്
കോഴിക്കോട്: വേനൽ ചൂട് പൊള്ളിച്ച ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കോഴിക്കോട് ജില്ലയിലെ ആകെ വൈദ്യുതി ഉപഭോഗം 602.34 ദശലക്ഷം യൂണിറ്റ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 529.47 ദശലക്ഷം യൂണിറ്റ് ഉപയോഗിച്ചിടത്താണിത്.
എ സി, ഫാൻ, ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് എന്നിവയുടെ ഉപയോഗം കുത്തനെ വർധിച്ചതോടെയാണ് വൈദ്യുതി ഉപഭോഗം കൂടിയതെന്ന് കെ എസ് ഇ ബി പറയുന്നു. ഫെബ്രുവരിയിൽ ജില്ലയിൽ 189.82 ദശലക്ഷം യൂണിറ്റ് ഉപയോഗം രേഖപ്പെടുത്തിയപ്പോൾ അടുത്ത മാസത്തെ ഉപയോഗം 192.78 ദശലക്ഷം യൂണിറ്റ് ആയി ഉയർന്നു. ഏപ്രിലിലെ ഉപഭോഗം വീണ്ടും ഉയർന്നു 219.74 ദശലക്ഷം യൂണിറ്റ് ആയി.
ജില്ലയിലെ വൈദ്യുതി ഉപഭോഗം കണക്കാക്കുന്നത് രണ്ട് കെ എസ് ഇ ബി സർക്കിളുകളിലെ ആകെ ഉപഭോഗം കണക്കാക്കിയാണ്; കോഴിക്കോട് സർക്കിളും വടകര സർക്കിളും.
2024 ഫെബ്രുവരി-ഏപ്രിൽ കാലയളവിൽ കോഴിക്കോട് സർക്കിളിൽ 434.88 ദശലക്ഷം യൂണിറ്റ് ഉപഭോഗം രേഖപ്പെടുത്തിയപ്പോൾ ഇതേ മാസങ്ങളിൽ വടകര സർക്കിളിൽ ഇത് 167.46 ദശലക്ഷം യൂണിറ്റ് ആണ്.
ഈ വർഷം ഉപഭോഗം കൂടിയ സമയം (പീക്ക് ടൈം) രാത്രി 10 മുതൽ പുലർച്ചെ രണ്ട് വരെയാണ്. കഴിഞ്ഞ വർഷം ഇത് വൈകീട്ട് ആറ് മുതൽ രാത്രി 10 വരെയായിരുന്നു.
കോഴിക്കോട് ജില്ലയിലെ വൈദ്യുതി ഉപഭോഗം
2024
ഫെബ്രുവരി-189.82 ദശലക്ഷം യൂണിറ്റ്
മാർച്ച്-192.74 ദശലക്ഷം യൂണിറ്റ്
ഏപ്രിൽ – 219.74 ദശലക്ഷം യൂണിറ്റ്
2023
ഫെബ്രുവരി-167.34 ദശലക്ഷം യൂണിറ്റ്
മാർച്ച്-168.19 ദശലക്ഷം യൂണിറ്റ്
ഏപ്രിൽ-193.96 ദശലക്ഷം യൂണിറ്റ്
മൂന്നു മാസം ജില്ലയിലെ വൈദ്യുതി ഉപഭോഗം 602.34 ദശലക്ഷം യൂണിറ്റ്

