ടി കെ രമേഷ് ബാബു
‘മുട്ടായി തെരുവി’ലെ
തിരക്കാണ് തിരക്ക്.
മൊബൈൽ വീണാൽ കാണില്ല.
പക്ഷേ കാറ്റില്ല; കച്ചവടക്കാരുടെ
വിളിയോ വിളി.
പണ്ടും തിരക്കോട് തിരക്കാണ്.
നല്ല പപ്പാസ് തുണി
വാങ്ങാൻ മുട്ടായിതെരുതന്നെ.
വാച്ച് കട, പുസ്തകക്കട.
തുടക്കത്തിലേ ടൂറിങ് ബുക്സ്,
മുന്നോട്ട് മൂന്നും കവലയിൽ
പി കെ ബ്രദേഴ്സ്,
മൾബറി മുതൽ പുസ്തകശാലകൾ
കടന്നാൽ രാമദാസ്
വൈദ്യരുടെ വിദ്യകാണാം.
മുട്ടായിതെരുവിൽ മുട്ടായി
അന്നും ഇന്നുമില്ല.
ആ മുട്ടായി കാണാമധുരം.
എന്നാലും കാറ്റടിക്കുന്നില്ല.
കിഴക്ക് പാളയത്തു നിന്ന്
പച്ചക്കറിയുടെ പച്ചക്കാറ്റ് വരുന്നില്ല.
പടിഞ്ഞാറുന്ന് വലിയങ്ങാടിയുടെ
കൊപ്രമണം എത്തുന്നില്ല.
പാളയത്ത് പച്ചക്കറി ഇന്നുമുണ്ട്;
വലിയങ്ങാടിയിൽ കൊപ്രയും.
കടപ്പുറത്ത് കുരുന്നു കുഞ്ഞുങ്ങൾ
ബലൂൺ വീർപ്പിച്ച് ഓടി വീഴുന്നുണ്ട്.
പുറംകടലിൽ മീൻ തോണിയിൽ
തഴമ്പിച്ച കൈകളിൽ പങ്കായമുണ്ട്;
കാറ്റിൻ്റെ ദിശയറിയാൻ കൈഫോണുണ്ട്.
എങ്കിലും മുട്ടായി തെരുവിൽ
കാറ്റു വരുന്നില്ല.
അശോക ഹോട്ടൽ
തൊണ്ണൂറുകളിൽ കോഴിക്കോട് ദേശാഭിമാനി ഡസ്കിൽ മിക്കവാറും നൈറ്റ് ഡ്യൂട്ടിയായിരിക്കും. പുലർച്ചെ മൂന്നു മണിക്കേ ഡ്യൂട്ടി കഴിയൂ. കഴിഞ്ഞാൽ മുടിഞ്ഞ വിശപ്പായിരിക്കും. കടപ്പുറത്ത് ബീച്ചാശുപത്രിക്കു മുന്നിലെ എയർലൈൻസ് ഹോട്ടലിലാണ് താമസം.
ഇന്നത്തെപ്പോലെ പട്ടി ശല്യമില്ല. എങ്കിലും തനിയെ നടക്കുമ്പോൾ ഉൾക്കിടിലം ഉണ്ടാവും. ലോഡ്ജിനടുത്ത് എത്തിയാൽ അപ്പുറത്ത് അശോക ഹോട്ടലുണ്ട്. എന്നാൽ കത്തലടക്കാം.
തീ പാറുന്ന പുട്ടും കൊത്തിവരട്ടിയ പോത്തിറച്ചിയും ആവോളം തിന്നും. കൂട്ടിന് കടലിൽ പോയി തോണി കരക്കടുപ്പിച്ച് ഓടിയെത്തുന്ന മത്സ്യത്തൊഴിലാളികളും. അവരുടെ തീറ്റകണ്ട് ആസ്വദിച്ച് ഈയുള്ളവനും തിന്നും. അങ്ങിനെ റൂമിലെത്തി അടുത്ത നൈറ്റ് ഡ്യൂട്ടിവരെ പള്ളിയുറക്കം.
അശോക ഹോട്ടലിൻ്റെ മുതലാളി മടപ്പള്ളി കോളേജിൽ എൻ്റെ എസ് എഫ് ഐ സഹപാഠി രത്നാകരക്കുറുപ്പായിരുന്നു. പിന്നീട് കുറേ കാലം കഴിഞ്ഞ് ചെന്നു നോക്കിയപ്പോൾ അവിടം മെഡിക്കൽ ലാബായിരുന്നു. വെറുതേ ബിപിയും ഷുഗറും ചെക് ചെയ്തു. പിന്നീട് കുറേ കാലം കഴിഞ്ഞപ്പോൾ അവിടം മൊബൈൽ വിൽപ്പന കേന്ദ്രമായിരുന്നു. ഇപ്പോൾ എന്തെന്നറിയില്ല.


