ആദ്യ സൈക്കിൾ ഷെഡ് ഉദ്ഘാടനം 12ന്
സവാരിക്ക് 20 സൈക്കിൾ
കോഴിക്കോട്: കോർപ്പറേഷനിൽ ആദ്യമായി സൈക്കിൾ ഷെഡ് വരുന്നു. ഒപ്പം നാട്ടുകാർക്ക് ഉപയോഗിക്കാൻ 20 സൈക്കിളും. ചെലവൂർ സ്പോർട്സ് പാർക്കിലാണ് പദ്ധതി വരുന്നത്. ഫെബ്രുവരി 12 ന് വൈകീട്ട് നാലിന് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
മനോഹരമായ സ്പോർട്സ് സൈക്കിളുകളാണ് സവാരിക്കാരെ കാത്തിരിക്കുന്നത്. കുടുംബശ്രീയുമായി കൈകോർത്താണ് 17-ാം വാർഡായ ചെലവൂരിൽ അഭിമാനാർഹമായ പദ്ധതി. നല്ലൊരു കായിക സംസ്കാരം വളർത്തിയെടുക്കാനുദ്ദേശിച്ചാണ് കൗൺസിലർ സി എം ജംഷീർ മുൻകൈ എടുത്ത് പദ്ധതി നടപ്പാക്കുന്നത്.
ഉദ്ഘാടനച്ചടങ്ങിൽ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് അധ്യക്ഷത വഹിക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി ദിവാകരൻ പങ്കെടുക്കും.
സൈക്കിൾ സവാരിക്കാരേ ഇതിലേ ഇതിലേ…

