കോയമുഹമ്മദ്
രണ്ടായിരത്തി ഇരുപത്തിരണ്ട് ഏപ്രിൽ ആദ്യവാരം കൊച്ചിയിൽ ഐഎഫ്എഫ്കെയുടെ മേഖലാ പതിപ്പ് അരങ്ങേറാൻ പോകുന്നുവെന്ന് അവിചാരിതമായൊരു ദിവസം അറിയാനിടയായപ്പോൾ കോഴിക്കോട്ടെയും സമീപ ജില്ലകളിലെയും ചലച്ചിത്രാസ്വാദകർ ഒന്നമ്പരന്നു പോവുകയും, അമ്പരപ്പ് പൊടുന്നനെ അസൂയക്ക് വഴിമാറുകയും ചെയ്തതൊക്കെ നേര്. എങ്കിലും, ഇനി അടുത്ത കാലത്തൊന്നും ഇത്തരമൊരു മേള കോഴിക്കോട് നഗരത്തിൽ നടക്കാൻ പോകുന്നില്ലെന്ന് അവർ അപ്പോൾ നിരൂപിച്ചിരുന്നില്ല. ആ വഴിക്കാണോ കാര്യങ്ങളുടെ പോക്ക് എന്ന് ഭയപ്പെടാൻ മാധ്യമ വാർത്തകൾ അന്നേ വക നൽകിയിരുന്നുവെങ്കിലും.
അക്കൊല്ലം ഏപ്രിൽ 17-ന് വൈകീട്ട് കോഴിക്കോട് ടൗൺഹാളിൽ ഒരു ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കവെ, തങ്ങളുടെ പ്രിയ ചലച്ചിത്രകാരൻ കൂടിയായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് തന്നെ, വിശേഷിച്ചു പ്രകോപനമൊന്നുമില്ലാതെ എന്നു പോലും പറയത്തക്കവിധം, അവരോടു ചോദിക്കുകയായിരുന്നു, ഇവിടെ അതിന് തിയേറ്ററുകളുണ്ടോ; സാംസ്കാരിക കോംപ്ലക്സ് ഉണ്ടോ? ഐഎഫ്എഫ്കെയുടെ മേഖലാ പതിപ്പ് കൊച്ചിക്ക് അനുവദിച്ചെങ്കിലും കോഴിക്കോടിന് അതു അനുവദിക്കാതിരുന്നതിനെച്ചൊല്ലി പലരും തനിക്കെതിരെ തിരിഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു വെച്ചുകൊണ്ടായിരുന്നു രഞ്ജിത്ത് ഈ ചോദ്യങ്ങൾ ഉന്നയിച്ചത്.
ചലച്ചിത്ര അക്കാദമി അധ്യക്ഷൻ എന്ന നിലക്ക് അദ്ദേഹത്തിന്റെ ചോദ്യത്തിന്റെ അർഥം വളരെ വ്യക്തമായിരുന്നല്ലൊ. ഐഎഫ്എഫ്കെ യുടെ റീജ്യണൽ എഡിഷൻ നടത്താൻ ആവശ്യമായ സൗകര്യം കോഴിക്കോട്ടില്ല. കൊച്ചിയിലാണെങ്കിൽ എംജി റോഡിൽ കവിത തിയറ്ററുണ്ട്. സവിത, സരിത തിയേറ്ററുകൾ ബാനർജി റോഡിലുമുണ്ട്. മിനി ഐഎഫ്എഫ്കെ കോഴിക്കോട്ട് നടത്താത്തത് അതിനുള്ള സൗകര്യം ഇല്ലാത്തതുകൊണ്ടുതന്നെ.
ഐഎഫ്എഫ്കെ തുടങ്ങിയതുതന്നെ കോഴിക്കോട്ടായിരുന്നുവല്ലൊ എന്നു ചൂണ്ടിക്കാണിക്കാണിക്കുന്നവരുണ്ട്. അതു പക്ഷേ ഒരു ലക്ഷണമൊത്ത ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ആയിരുന്നെന്ന് അവകാശപ്പെടുന്നവരാരെങ്കിലുമുണ്ടോ? ഐഎഫ്എഫ്കെ അന്നത്തേതിൽ നിന്നെല്ലാം എത്ര വളർന്നു പോയിരിക്കുന്നു. അന്നത്തെ ഫെസ്റ്റിവൽ തിയറ്ററുകൾ തന്നെ എല്ലാം ഇന്നു ശേഷിപ്പുണ്ടോ?
ഈയവസ്ഥയിൽ, രഞ്ജിത്ത് മുന്നോട്ടു വെച്ച നിർദേശം കോഴിക്കോട്ടുകാർക്ക് സർവാത്മനാ സ്വീകരിക്കാവുന്നതേയുള്ളു. നിലവിലെ എംഎൽഎയെയും മുൻ എംഎൽഎയെയും ജില്ലയിൽ നിന്നുള്ള രണ്ടു മന്ത്രിമാരെയും കൂട്ടി നഗരത്തിൽ സർവസൗകര്യങ്ങളോടും കൂടിയ ഒരു സാംസ്കാരിക കോംപ്ലക്സ് നേടിയെടുക്കുക. അല്ലാതെ, ഫെസ്റ്റിവൽ നടത്തുകയോ തിയററ്റർ കോംപ്ലക്സ് പണിയുകയോ എന്തൊക്കെയാണ് ചലച്ചിത്ര അക്കാദമി ചെയ്യുക?
ഏതായാലും മിനി ഐഎഫ്എഫ്കെയ്ക്ക് മാനദണ്ഡമായിക്കഴിഞ്ഞു. അതനുസരിച്ച്, കോഴിക്കോട്ട് അടുത്തെങ്ങും ഇനി അത് പ്രതീക്ഷിക്കേണ്ട. എങ്കിലും സംശയം അവശേഷിക്കുന്നവരുണ്ടാകാം. കെഎസ്എഫ്ഡിസിയുടെ ആഭിമുഖ്യത്തിൽ നടന്ന ഒന്നാമത് ഐഎഫ്എഫ്കെ മാത്രമല്ല, അക്കാദമി തന്നെ സംഘടിപ്പിച്ച അഞ്ചാമത്, മിനിയല്ല സമ്പൂർണ, ഐഎഫ്എഫ്കെ (2000)യും കോഴിക്കോട്ടുതന്നെ ആയിരുന്നില്ലേ നടന്നത്? പഴയ കോറണേഷൻ, ക്രൗൺ തിയേറ്ററുകളൊക്കെ നവീകൃതമായി ചലച്ചിത്രാസ്വാദകരുടെ പ്രിയം സമ്പാദിച്ചു കഴിയുകയും ചെയ്തിരിക്കുന്നുവല്ലൊ. ആ പരിഗണനയിൽ ഒരു മിനി ഐഎഫ്എഫ്കെയ്ക്ക് കോഴിക്കോടിന് ഇപ്പോഴും ബാല്യമുണ്ട് എന്നു കരുതുന്നത് ധിക്കാരമായിപ്പോകുമോ? മാത്രവുമല്ല, കൂടുതൽ ജില്ലകളിലേക്ക് മേള വ്യാപിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ തന്നെ പറഞ്ഞതായും വാർത്ത വന്നു കണ്ടിരുന്നു (ദേശാഭിമാനി, കോഴിക്കോട്, മാർച്ച് 27, 2022).
അങ്ങനെയെങ്കിൽ, തിരുവനന്തപുരത്ത് നടന്ന ഫുൾഫ്ളെഡ്ജ്ഡ് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ച 173 ചിത്രങ്ങളിൽ, മത്സര വിഭാഗത്തിലെയുൾപ്പെടെ, കൊച്ചിയിലെ മേഖലാമേളയിലേക്ക് അനുവദിച്ചതുപോലെ 69 എണ്ണംതന്നെയില്ലെങ്കിലും നാല്പതോ അമ്പതോ ചിത്രങ്ങൾ ഉൾപ്പെടുന്ന ഒരു ഫെസ്റ്റിവലിന് കോഴിക്കോട്ട് ഇത്തവണയെങ്കിലും സാധ്യതയുണ്ടെന്നു കരുതാമോ? ഇടയ്ക്ക്, 2018 ൽ, മാർച്ച് 9 മുതൽ 15 വരെ ഒരാഴ്ച കെഎസ്എഫ്ഡിസി യുടെ കൈരളി- ശ്രീയിൽ മാത്രമായി നടന്ന മേഖലാ ഐഎഫ്എഫ്കെയിൽ കോഴിക്കോട്ട് അമ്പതോളം ചിത്രങ്ങൾ വിജയകരമായി പ്രദർശിപ്പിച്ചതുമാണല്ലൊ. കൈരളി- ശ്രീയുടെ അറ്റകുറ്റപ്പണികൾ തീരാനുള്ള ഏതാനും ദിവസങ്ങൾ കാക്കാൻ നേരമില്ലാതിരുന്നതുകൊണ്ടാണല്ലൊ 2021 ലെ വികേന്ദ്രീകൃത ഐഎഫ്എഫ്കെയുടെ ഒരു ഭാഗം തലശ്ശേരിയിലെത്തിയത്. സിനിമ കാണാൻ എന്തുകൊണ്ടും അഭിലഷണീയമായ ഇടമായി കൈരളി- ശ്രീ കോംപ്ലക്സ് ഇപ്പോൾ എത്രയും നവീകൃതമായി കോഴിക്കോട്ട് തലയെടുപ്പോടെ നിലകൊള്ളുകയും ചെയ്യുന്നു. അതോടൊപ്പം, അനുബന്ധ പരിപാടികൾക്കെങ്കിലുമുപകരിക്കും വിധം ‘ വേദി’ എന്ന മിനി തിയേറ്ററും ഈ കോംപ്ലക്സിൽ സജീവമായിക്കഴിഞ്ഞിട്ടുണ്ടല്ലൊ.


