കോഴിക്കോട്: സാഹിത്യ നഗരം എന്നതുപോലെ കോഴിക്കോടിന് നേടിയെടുക്കാൻ പറ്റുന്നതാണ് ഇന്ത്യയിലെ ആദ്യത്തെ വയോജന നഗരമെന്ന പദവിയെന്ന് മുൻ മന്ത്രി ഡോ. തോമസ് ഐസക്. കോർപറേഷൻ സംഘടിപ്പിച്ച വയോജനോത്സത്തിന്റെ ഭാഗമായി ഓപ്പൺ ഫോറത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് വയോജന സൗഹദ നഗരം – സാധ്യതകൾ, പരിമിതികൾ, തടസ്സങ്ങൾ
എന്ന വിഷയത്തിലായിരുന്നു ഓപ്പൺ ഫോറം.
കേരളം രൂപീകരി ക്കുമ്പോൾ കുട്ടികളെ കേന്ദ്രീകരിച്ചായിരുന്നു പരിപാടികൾ ആവിഷ്കരിച്ചത്. ഇന്ത്യയിലെ ഏറ്റവും മികച്ച ശിശുസൗഹൃദ സംസ്ഥാനം കേരളമാണ്. വയോജനങ്ങൾക്ക് വ്യത്യസ്തമായ പദ്ധതികൾ വേണം. അയൽക്കൂട്ടങ്ങളും പ്രാദേശിക തണലിടങ്ങളും വേണം. വിദ്യാഭ്യാസം, ആരോഗ്യം, എഞ്ചിനീയറിംഗ് എന്നിവയിൽ വയോജനങ്ങളുടെ കഴിവുകൾ ഉപയോഗപ്പെടുത്താൻ കഴിയണം.
ഇത്തരത്തിൽ ഉപയോഗപ്പെടുത്തിയാൽ ഫിൻലന്റിനേക്കാൾ വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ സാധിക്കും. വയോജനങ്ങളുടെ കഴിവും താൽപര്യവും മനസ്സിലാക്കി അവയെ നാടിന്റെ വികസനത്തിനായി ഉപയോഗിക്കാൻ കഴിയണമെന്നും ഐസക് പറഞ്ഞു.
മുൻ എംഎൽഎ എ പ്രദീപ് കുമാർ മോഡറേറ്റായി. മേയർ ബീനാ ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, മുൻ മേയർ മാരായ ടി പി ദാസൻ , വി കെ സി മമ്മദ് കോയ കൗൺസിലർ കെ സി ശോഭിത, മുതിർന്ന പത്രപ്രവർത്തകരായ പി പി അബൂബക്കർ, കെ എഫ് ജോർജ് എന്നിവർ സംസാരിച്ചു.
രണ്ടാം സെഷനിൽ മുതിർന്ന പൗരൻമാരും വിദ്യാർത്ഥികളും തമ്മിലുള്ള സംവാദം നടന്നു. തലമുറകളുടെ സംഗമം, വയോജനങ്ങളും വിദ്യാർത്ഥികളും തമ്മിലുള്ള കൂടിച്ചേരൽ സംവാദം, ചർച്ചകൾ എന്നിവ ഡോ. മെഹറൂഫ് രാജിന്റെ നേതൃത്വത്തിൽ നടന്നു.

