പാഴ്സികളും കോഴിക്കോടും
1857 ലാണ് പാഴ്സികളുടെ (സൗരാഷ്ട്രീയർ) ദക്ഷിണേന്ത്യയിലേക്കുള്ള വരവ്. മംഗലാപുരം, കൊച്ചി, കോഴിക്കോട്, ആലപ്പുഴ, കോയമ്പത്തൂർ എന്നിവിടങ്ങളായിരുന്നു അവരുടെ വ്യാപാര മേഖലകൾ.
കോഴിക്കോട്ട് എത്തിയ പാഴ്സികളിൽ പ്രധാനികൾ ജാംഷഡ്ജി മാർഷൽ, കൂവർജി ദലാൽ സഹോദരന്മാരാണ്.
ഇന്നത്തെ ബോംബെ ഹോട്ടലിന്റെ സ്ഥലത്താണ് കോഴിക്കോട്ടെത്ത ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് ഫിറോസ് മാർഷൽ ആരംഭിച്ചത്. വ്യാപാരികളായി വന്ന പാഴ്സികൾ ചുരുങ്ങിയ കാലം കൊണ്ട് കോഴിക്കോട് നഗരത്തിൽ നിറഞ്ഞുനിന്നു. കോഴിക്കോട് മുനിസിപ്പൽ കൗൺസിൽ ചെയർമാനായിരുന്നു കൂവർജി ദലാൽ എന്ന പാഴ്സി. ഇന്നത്തെ മേയർ ഭവൻഒരു കാലത്ത് പാഴ്സി യായിരുന്ന ഡോ. മുഗ സേത്തിന്റേതായിരുന്നു. കോസ്മോപൊളിറ്റൻ ക്ലബ് സ്ഥാപകനും ഇദ്ദേഹമാണ്.
മിഠായിത്തെരുവിലും പാഴ്സികളുടെ അടയാളങ്ങൾ കാണാം. ശങ്കർ സ്റ്റേഷനറി കഴിഞ്ഞാൽ ബാറ്റാ ഷൂ കട വരെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലമുണ്ട്. ഒരു മതിലും പൂട്ടിക്കിടക്കുന്ന കവാടവും ഇവിടെ കാണാം. പാഴ്സികളുടെ സിനഗോഗ് ( ആരാധനാലയം) ആയിരുന്നു ഈ സ്ഥലത്ത്. ഇതാണ് ഇവരുടെ ഫയർ ടെമ്പിൾ. പാഴ്സി അൻജുമാൻ എന്നാണ് ഇത് അറിയപ്പെടുന്നത്. 300 പാഴ്സി കുടുംബങ്ങളാണ് സ്വാതന്ത്ര്യം കിട്ടിയ വേളയിൽ ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നത്. ഇവരുടെ ആസ്ഥാനമായിരുന്നു അൻജുമാൻ. ഇവിടെ ഫയർ ടെമ്പിൾ, ശ്മശാനം, മുഖ്യ പുരോഹിതന്റെ വാസസ്ഥലം, ഗസ്റ്റ് ഹൗസ് എന്നിവയാണുണ്ടായിരുന്നത്.
കോഴിക്കോട്ട് സോഡ വെള്ളം എത്തിച്ചതും പാഴ്സികളാണ്. പാഴ്സികളുടെ ഉടമസ്ഥതയിൽ നഗരത്തിൽ നിരവധി സോഡ വാട്ടർ വർക്സ് സ്ഥാപനങ്ങളുണ്ടായിരുന്നു. പ്രധാനപ്പെട്ട ഒന്നായിരുന്നു എഫ് എൻ സോഡ വർക്സ്.
1866 ലാണ് കോഴിക്കോട് നഗരസഭ രൂപീകരിച്ചത്. കോഴിക്കോട് മുനിസിപ്പൽ കൗൺസിൽ. തുടക്കത്തിൽ ബ്രിട്ടീഷ് സർക്കാർ നാമനിർദേശം ചെയ്യുന്നവർ മാത്രമായിരുന്നു അംഗങ്ങൾ. 11 അംഗങ്ങൾ. എല്ലാ ജാതിയിൽ നിന്നും ഓരോരുത്തർ. അങ്ങനെ പാഴ്സി വംശജൻ കൂവർജി ദലാൽ ചെയർമാനാകുന്നത്.
(ടി ബി സെലുരാജിന്റെ ‘കോഴിക്കോടിന്റെ പൈതൃകം’ പുസ്തകത്തിൽ നിന്ന്)