തെരുവത്ത് രാമന്‍ അവാര്‍ഡ് ആര്‍. രഞ്ജിത്തിന്
കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബിന്റെ 2025ലെ മലയാള ദിനപത്രങ്ങളിലെ മികച്ച മുഖപ്രസംഗത്തിനുള്ള തെരുവത്ത് രാമന്‍ അവാര്‍ഡിന് ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ (സ്‌പോര്‍ട്‌സ്) ആര്‍. രഞ്ജിത് അർഹനായി. 15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം കാലിക്കറ്റ് പ്രസ് ക്ലബുമായി ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.
2025 ഒക്ടോബർ ഒന്നിന് കളി മതി, യുദ്ധം വേണ്ട എന്ന തലക്കെട്ടിൽ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗമാണ് രഞ്ജിത്തിനെ അവാർഡിന് അർഹനാക്കിയതെന്ന് പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ.പി മുഹമ്മദ്, സെക്രട്ടറി പി.കെ സജിത് എന്നിവർ അറിയിച്ചു. കളിക്കളങ്ങൾ പരസ്പര സൗഹൃദത്തിൻ്റെയും സ്പോർട്സ്മാൻ സ്പിരിറ്റിൻ്റെയും വേദിയാകണമെന്ന സന്ദേശമാണ് മുഖപ്രസംഗം മുന്നോട്ടുവച്ചത്. കഴിഞ്ഞ വർഷം ദുബായിൽ നടന്ന ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ – പാകിസ്ഥാൻ കളിക്കാർക്കിടെയുണ്ടായ അസ്വാരസ്യങ്ങളും ഹസ്തദാനത്തിന് തയ്യാറാവാത്ത സമീപനവും
സമ്മാനദാന ചടങ്ങിലെ അസ്വാഭാവിക രംഗങ്ങളും പരാമർശിക്കുന്ന മുഖപ്രസംഗം മത്സരവേദികൾ യുദ്ധഭൂമിയല്ലെന്നും കളിക്കാർ പടയാളികളല്ലെന്നും വിശദീകരിക്കുന്നു. കളത്തിൽ മുഴങ്ങേണ്ടത് വിദ്വേഷത്തിൻ്റെ അട്ടഹാസമല്ല, ഒരുമയുടെ സംഗീതമാണെന്നും സ്പോർട്സ്മാൻ സ്പിരിറ്റില്ലാത്ത ഒരു കളിയെയും കളിയായി കാണാനാവില്ലെന്നും മുഖപ്രസംഗം ഓർമപ്പെടുത്തുന്നു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എന്‍.പി ചെക്കുട്ടി, എ. സജീവന്‍, അശോക് ശ്രീനിവാസ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
1997 മുതല്‍ ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുന്ന രഞ്ജിത്ത് നിലവില്‍ കോഴിക്കോട്ട് സ്‌പോര്‍ട്‌സ് ഡസ്‌കില്‍ ന്യൂസ് എഡിറ്ററാണ്.
മലപ്പുറം തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശിയാണ്. കോഴിക്കോട് സൈബര്‍ പാര്‍ക്കിനടുത്ത് കെ.ടി താഴം ഏദനിലാണ് താമസം. പരേതനായ പി.എന്‍ രാഘവന്റെയും എന്‍.ജി സുധയുടെയും മകനാണ്. ഭാര്യ: രജി ആര്‍. നായര്‍ (സീനിയര്‍ സബ് എഡിറ്റര്‍, മാതൃഭൂമി), മകന്‍: ഋതുനന്ദന്‍.
സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം രണ്ടു തവണ നേടി. 2022ലെ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ റിപ്പോര്‍ട്ട് ചെയ്തു.