അർഹതയില്ലാത്ത മുൻഗണനാ റേഷൻ കാർഡുകൾ സറണ്ടർ ചെയ്യണം
കോഴിക്കോട്: ജില്ലാ സപ്ലൈ ഓഫിസറുടെ കാര്യാലയത്തിന് കീഴിൽ അനർഹമായി കൈവശം വെച്ചിരിക്കുന്ന മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ സ്വമേധയാ സറണ്ടർ ചെയ്യുന്നതിന് രണ്ടുമാസത്തെ സമയം അനുവദിച്ചു. ഒക്ടോബർ ഒൻപത് മുതൽ രണ്ടുമാസത്തിനുള്ളിൽ കാർഡുകൾ സറണ്ടർ ചെയ്യുന്നവർക്കെതിരെ പിഴയോ മറ്റ് ശിക്ഷാനടപടികളോ സ്വീകരിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
ജീവിതസാഹചര്യങ്ങളിലെ മാറ്റം കാരണം മുൻഗണനാ വിഭാഗം റേഷൻ കാർഡിനുള്ള അർഹത നഷ്ടപ്പെട്ടിട്ടും കാർഡുകൾ കൈവശംവെച്ചിരിക്കുന്ന ഗുണഭോക്താക്കൾക്ക് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അവസരം അനുവദിച്ചിരിക്കുന്നത്.
ആയിരം ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള വീടുള്ളവർ, ഒരേക്കറിലധികം ഭൂമിയുള്ളവർ, സർക്കാർ/അർധസർക്കാർ/പൊതുമേഖലാ/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷൻകാർ, ആദായനികുതി ദാതാക്കൾ, കുടുംബത്തിൻ്റെ പ്രതിമാസ വരുമാനം 25,000 രൂപയിൽ കൂടുതലുള്ളവർ, നാലുചക്ര വാഹനം സ്വന്തമായുള്ളവർ(ഏക വരുമാന മാർഗമായ ടാക്സി ഒഴികെ) എന്നിവർ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളെ സമീപിച്ച് മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ സറണ്ടർ ചെയ്യണം. എന്നാൽ സർവീസിലെ പാർട്ട് ടൈം ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, ക്ലാസ് ഫോർ തസ്തികയിൽ നിന്ന് വിരമിച്ചവർ, 5,000 രൂപയിൽ താഴെ പെൻഷൻ ലഭിക്കുന്നവർ 10,000 രൂപയിൽ താഴെ സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങുന്നവർ എന്നിവരെ റേഷൻ കാർഡുകൾ സറണ്ടർ ചെയ്യുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഫോൺ :04952370655