റാബീസ് ഫ്രീ കേരള: വാക്സിനേഷൻ ക്യാമ്പയിന് തുടക്കം
കോഴിക്കോട്: പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെയും അനിമൽ ഡിസീസ് കണ്ട്രോൾ പ്രൊജക്റ്റിന്റെയും നേതൃത്വത്തിൽ ‘റാബീസ് ഫ്രീ കേരള’ വാക്സിനേഷൻ ക്യാമ്പയിന്റെ നാലാം ഘട്ടം സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 27 വരെ കോഴിക്കോട് ജില്ലയിൽ നടക്കും. ലോക റാബീസ് ദിനമായ സെപ്റ്റംബർ 28-ന് ക്യാമ്പയിന് തുടക്കമായി.
ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വെറ്ററിനറി ആശുപത്രികൾ, വെറ്ററിനറി ഡിസ്പെൻസറികൾ, വാർഡ് തല ക്യാമ്പുകൾ എന്നിവ മുഖേന റാബീസ് വാക്സിനേഷൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.’പേവിഷബാധമുക്ത കോഴിക്കോട്’ എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഓരോ പ്രദേശത്തിനും അനുയോജ്യമായ മൈക്രോപ്ലാൻ തയ്യാറാക്കി വാക്സിനേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ക്യാമ്പയിൻ്റെ ഭാഗമായി വളർത്തുനായകൾക്ക് യഥാസമയം പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കും.