പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ
കോഴിക്കോട്: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) പ്രതിമാസ വേതന പരിധി 25,000 രൂപയായി ഉയർത്തിയതുമായി ബന്ധപ്പെട്ട് ഗവ. സൈബർപാർക്കിൽ ജീവനക്കാർക്കായി പ്രത്യേക ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സൈബർപാർക്കിലെ സഹ്യ കോൺഫറൻസ് ഹാളിലാണ് പരിപാടി നടന്നത്.
കേന്ദ്ര സർക്കാരിന്റെ പുതിയ ഭേദഗതി, അതിന്റെ പ്രായോഗിക വശങ്ങൾ, പുതിയ ജീവനക്കാരെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവ വിശദീകരിക്കാനാണ് സെമിനാർ സംഘടിപ്പിച്ചത്. കോഴിക്കോട് ഇ.പി.എഫ് റീജിയണൽ ഓഫീസിലെ എൻഫോഴ്സ്മെന്റ് ഓഫീസർമാരായ ചന്ദ്രഭാനു വി.വി, സുരേന്ദ്രൻ കെ എന്നിവർ സെമിനാറിന് നേതൃത്വം നൽകുകയും പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
സൈബർപാർക്കിലെ വിവിധ കമ്പനികളിലെ എച്ച്.ആർ പ്രതിനിധികളും ജീവനക്കാരും പങ്കെടുത്ത സെമിനാർ പുതിയ മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്നതിന് ഏറെ സഹായകരമായി. തൊഴിൽ നിയമഭേദഗതികളെ കുറിച്ചുള്ള വ്യക്തമായ ധാരണ ഐ.ടി മേഖലയിലെ തൊഴിൽ അന്തരീക്ഷത്തിനും നിയമപരമായ അവബോധത്തിനും പ്രയോജനകരമാണെന്ന് സൈബർപാർക്ക് അധികൃതർ വ്യക്തമാക്കി.