വന്യജീവി ആക്രമണം തടയാൻ 29-ന് തിരുവമ്പാടിയിൽ സംസ്ഥാന കോൺക്ലേവ്
കോഴിക്കോട്: മലയോര മേഖലകളിലെ കർഷകർ നേരിടുന്ന വന്യജീവി ആക്രമണങ്ങൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരം കണ്ടെത്തുന്നതിനായി ഈ മാസം 29 ന് രാവിലെ 9.30 മുതൽ തിരുവമ്പാടി പാരിഷ് ഹാൾ ഓഡിറ്റോറിയത്തിൽ സംസ്ഥാനതല കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ് അറിയിച്ചു. സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കൃഷി വകുപ്പാണ് വനം വകുപ്പുമായി സഹകരിച്ച് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
വെറ്ററിനറി യൂണിവേഴ്സിറ്റി, കേരള കാർഷിക യൂണിവേഴ്സിറ്റി, ഐ.സി.എ.ആർ (ICAR), വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കെ.എഫ്.ആർ.ഐ (KFRI), വിവിധ ആഗ്രി-ടെക് സ്റ്റാർട്ടപ്പുകൾ എന്നിവയിലെ വിദഗ്ധരും കർഷകരും നേരിട്ട് പങ്കാളികളാകുന്ന വിപുലമായ ചർച്ചകളാണ് കോൺക്ലേവിൽ നടക്കുക.
കൃഷിയിടങ്ങളെ സംരക്ഷിക്കാൻ പരമ്പരാഗത പ്രതിരോധ രീതികൾക്ക് പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജൈവവേലി, സാങ്കേതികവിദ്യ അധിഷ്ഠിത തടസ്സങ്ങൾ എന്നിവ പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. വിള അധിഷ്ഠിതവും (Crop-centric), വന്യജീവി അധിഷ്ഠിതവും (Species-centric), പ്രദേശാധിഷ്ഠിതവുമായ (Area-centric) മൂന്ന് തലത്തിലുള്ള പ്രതിരോധ പദ്ധതികളാണ് ആവിഷ്കരിക്കുന്നത്.
കാർഷിക മേഖലകളിൽ നടക്കുന്നത് ഏകപക്ഷീയമായ ആക്രമണങ്ങളായതിനാൽ ‘മനുഷ്യ-വന്യജീവി സംഘർഷം’ എന്ന പ്രയോഗത്തിന് പകരം ‘വന്യജീവി ആക്രമണ പ്രതിരോധം’ എന്നതിനാണ് മുൻഗണന നൽകുന്നത്. കോൺക്ലേവിൽ രൂപപ്പെടുന്ന മികച്ച പ്രായോഗിക നിർദ്ദേശങ്ങൾ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ പൈലറ്റ് പ്രൊജക്റ്റുകളായി ഉടൻ നടപ്പിലാക്കും.
വന്യജീവി ആക്രമണത്തിനിരയാകുന്നവർക്കുള്ള നഷ്ടപരിഹാര തുക ഇനിയും വലിയ തോതിൽ വർധിപ്പിക്കാൻ വനം വകുപ്പ് നടപടി സ്വീകരിച്ചു വരുന്നു. വന്യജീവി ആക്രമണം മൂലമുള്ള വിളനാശത്തിന് നൽകുന്ന നഷ്ടപരിഹാരം 25 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. മുൻകാലങ്ങളിലെ കുടിശ്ശിക തുകകൾ വിതരണം ചെയ്തു വരുന്നു. 2021 മുതലുള്ള ദുരന്ത നിവാരണ ഫണ്ട് കുടിശ്ശികകളും വിത്തുതേങ്ങ കർഷകർക്കുള്ള കുടിശ്ശിക തുകയും വിതരണം ചെയ്യാനുള്ള നടപടികൾ ഊർജ്ജിതമാക്കി. കർഷകർക്ക് പരമാവധി പ്രയോജനം ലഭിക്കുന്ന രീതിയിൽ ഇൻഷുറൻസ് കവറേജിൽ ആവശ്യമായ പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.