അന്‍സാരി പാര്‍ക്കില്‍ 70 ഫല-ഔഷധ വൃക്ഷങ്ങള്‍ നടും

വൃക്ഷവത്ക്കരണത്തിന് സെപ്തംബര്‍ അഞ്ചിന് തുടക്കം

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന ‘പാരിസ്ഥിതികം’ പദ്ധതിയിലൂടെ വൃക്ഷവത്ക്കരണത്തിന് സെപ്തംബര്‍ അഞ്ചിന് തുടക്കമാകും. അന്‍സാരി പാര്‍ക്കില്‍ 70 ഫല-ഔഷധ വൃക്ഷങ്ങളാണ് പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിക്കുക. കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ രാവിലെ 9.30ന്  വൃക്ഷതൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ അഡ്വ. ഫൈസല്‍ ബാബു എംഎല്‍എ അധ്യക്ഷനാകും. ഡെപ്യൂട്ടി മേയര്‍ ഡോ. എസ്. ജയശ്രീ, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തൈകള്‍ നട്ടുപിടിപ്പിക്കും.

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, സി.ഡബ്ല്യു.ആര്‍.ഡി.എം., മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മാത്തോട്ടം സാമൂഹ്യ വനവത്ക്കരണ വിഭാഗം എന്നിവയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരിക വേദി 2021-22ല്‍ സമര്‍പ്പിച്ച പദ്ധതിയാണിത്. 2025-ലാണ് ഇതിനായി ആദ്യ ഗഡു അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി സരോവരം ബയോപാര്‍ക്കിലെ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍, നാല് ഇനം കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിക്കല്‍, തണ്ണീര്‍ത്തട ആവാസവ്യവസ്ഥയുടെ സര്‍വേ, അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം എന്നിവ നടപ്പാക്കിയിട്ടുണ്ട്.

അന്‍സാരി പാര്‍ക്കില്‍ വൃക്ഷങ്ങള്‍ നടുന്നതിനുള്ള കുഴിയൊരുക്കല്‍ ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലെ എം.എസ്.ഡബ്ല്യു. വിദ്യാര്‍ത്ഥികളും കോര്‍പ്പറേഷന്റെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ജീവനക്കാരും ചേര്‍ന്നാണ് പൂര്‍ത്തിയാക്കിയത്. സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തില്‍ ഉമി, ചകിരിച്ചോര്‍, ചാണകപ്പൊടി എന്നിവ ഉപയോഗിച്ചാണ് കുഴികള്‍ സജ്ജമാക്കിയത്. മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍ദേശിച്ച രണ്ടുവര്‍ഷം പ്രായമുള്ള തൈകളാണ് നടുന്നത്. ചടങ്ങില്‍ ഗാനരചയിതാവ് പി.കെ. ഗോപി രചനയും വിജയന്‍ കോവൂര്‍ സംഗീതവും നിര്‍വഹിച്ച പ്രകൃതി ഗാനം തളി സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ആലപിക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000