ടി.ഡി.രാമകൃഷ്ണനും ആർ.സ്വാതിക്കും പുരസ്കാരം

തലശ്ശേരി: 2025 ലെ  ധർമ്മടം ബാങ്ക് എം.പി.കുമാരൻ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണനും ചെറുകഥാ പുരസ്കാരത്തിന്  ആർ.സ്വാതിയും അർഹരായി. അശോകൻ ചരുവിൽ, എൻ.പ്രഭാകരൻ, ജിസ ജോസ്
എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

യുവ കഥാകാരികൾക്കുള്ള വി.വി.രുഗ്മിണി ചെറുകഥാ പുരസ്കാരം ആർ.സ്വാതിയുടെ
“വലിയങ്ങാടിക്കടുത്തൊരു വീട്ടിൽ” എന്ന കഥയ്ക്ക് ലഭിച്ചു. 2026 സെപ്റ്റംബർ 13 ന് ഞായറാഴ്ച വൈകുന്നേരം 4 ന് ധർമ്മടം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ മാതൃഭൂമി
ആഴ്ചപ്പതിപ്പ് പത്രാധിപർ സുഭാഷ് ചന്ദ്രൻ പുരസ്കാര സമർപ്പണം നിർവഹിക്കും. 50000 രൂപയും
പ്രശസ്ത ശില്പി മനോജ് കണ്ണൂർ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ്  സാഹിത്യപുരസ്കാരം. 10000 രൂപയും മെമന്റോയും അടങ്ങിയതാണ് ചെറുകഥാ പുരസ്കാരം.

പുരസ്കാര സമിതി ചെയർമാൻ ടി. അനിലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജിഷ ചാലിൽ പ്രഭാഷണം നടത്തും. അഡ്വ. കെ.കെ.രമേഷ് അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തും. പി.എം.പ്രഭാകരൻ (തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്),  ബി.ഗീതമ്മ (ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്) ജോയ്ച്ചൻ (ജോയ്ന്റ് രജിസ്ട്രാർ സഹകരണവകുപ്പ്) എന്നിവർ ആശംസാ പ്രസംഗം നടത്തും.

മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും വിവർത്തകനുമായ ടി.ഡി. രാമകൃഷ്ണൻ  1961ൽ തൃശൂർ ജില്ലയിലെ എയ്യാൽ ഗ്രാമത്തിൽ ജനിച്ചു. സതേൺ റെയിൽവേയിൽ ചീഫ് കൺട്രോളറായി ജോലി ചെയ്ത ശേഷം 2016ൽ സ്വയം വിരമിച്ചു. ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, ആൽഫ, മാമ അഫ്രിക്ക, പച്ച മഞ്ഞ ചുകപ്പ്, കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ എന്നീ കൃതികൾ.
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവലിന് 2016ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും 2017ൽ വയലാർ പുരസ്കാരവും ലഭിച്ചു.

കണ്ണൂർ ജില്ലയിലെ ചാലാട് സ്വദേശിയാണ് ആർ. സ്വാതി.  എഞ്ചിനീയറിങ്ങിൽ ബിരുദവും മലയാള സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടി. ദേശാഭിമാനിയിൽ സീനിയർ സബ് എഡിറ്ററായി ജോലി ചെയ്യുന്നു. സ്കൂൾ വിദ്യാർഥിനിയായിരിക്കെ ദ്രാവിഡപുത്രി എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. കണ്ണൂർ സർവകലാശാല ചെറുകഥാ പുരസ്കാരം, ദേശാഭിമാനി വാരിക കോളേജ് വിദ്യാർഥികൾക്കായി നടത്തിയ സാഹിത്യമത്സരത്തിൽ ചെറുകഥാ പുരസ്കാരം
എന്നിവ ലഭിച്ചു. ഇപ്പോൾ കോഴിക്കോട് ജില്ലയിലെ ചേവായൂരിൽ താമസം.

ടി ഡി രാമകൃഷ്ണൻ
പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000