കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണം കുടുംബ ബന്ധങ്ങളുടെ തകർച്ച: ശ്രീധരൻപിള്ള
കോഴിക്കോട്: സംസ്ഥാനത്ത് മുമ്പെങ്ങുമില്ലാത്തവിധം കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ കാരണം കുടുംബബന്ധങ്ങളുടെ തകർച്ചയാണെന്ന് മുൻ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള. കുറ്റകൃത്യങ്ങൾ നിത്യസംഭവമായ സാഹചര്യത്തിൽ മതനേതാക്കളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ പി.ഗംഗാധരൻനായരുടെ ശതാഭിഷേക ആഘോഷ പരിപാടികൾ അളകാപുരി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വീട്ടിൽ മാതാപിതാക്കളും കുട്ടികളും തമ്മിൽ ആശയവിനിമയം നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നില്ല. ഓരോരുത്തരും അവരവരുടെതായ മേഖലകളിലേക്ക് ഒതുങ്ങുകയാണ്. ഇന്നത്തെ സമൂഹം എങ്ങോട്ടാണ് പോകുന്നതെന്ന് നാം വിലയിരുത്തേണ്ടതുണ്ടെന്ന് പതിമൂന്നുകാരി ക്വട്ടേഷൻ നൽകി മുത്തച്ഛനെ കൊലപ്പെടുത്തിയ സംഭവത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ നമ്മിൽ ഉണ്ടാക്കുന്ന ആഘാതത്തിന്റെ ആഴവും പരപ്പും വലുതാണ്. ജുവനൈൽ ജസ്റ്റിസ് നിയമം ബാധകമായ കുട്ടികളാണ് ഇത്തരം കൊടുംക്രൂരതയ്ക്ക് നേതൃത്വം നൽകുന്നത് എന്നത് എന്നെ ആശ്ചര്യപ്പെടുത്തി. രാഷ്ട്രീയപാർട്ടികൾ പരസ്പരം കുറ്റപ്പെടുത്തുന്നതിന് പകരം പ്രശ്‌നപരിഹാരത്തിനുള്ള വഴി കണ്ടെത്തേണ്ടതുണ്ട്. യുവതലമുറയെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഘാടകസമിതി ചെയർമാർ എ.കെ.ബി. നായർ അധ്യക്ഷനായി. ഇന്തോ അറബ് കോൺഫഡറേഷൻ കൗൺസിൽ പ്രസിഡൻ്റ് എം.വി.കുഞ്ഞാമു, പയിമ്പ്ര വായനശാല പ്രസിഡൻ്റ് ഭാസ്‌കരൻമാസ്റ്റർ എന്നിവർ പൊന്നാട അണിയിച്ചു. എ.കെ.ബി. നായർ ഉപഹാരം നൽകി. സ്വാമി വിവേകാമ്യതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. ‘പി.ഗംഗാധരൻ നായർ സൗഹാർദ്ദത്തിൻ്റെ ആൾരൂപം’ എന്ന ഗ്രന്ഥം മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി.ചന്ദ്രൻ ഡോക്യുമെൻ്ററി ഫിലിം സംവിധായകൻ വേണു താമരശ്ശേരിക്ക് നൽകി പ്രകാശനം ചെയ്‌തു. പി.ടി.നിസാർ പുസ്‌തകം പരിചയപ്പെടുത്തി. കേണൽ ആർ.കെ. നായർ, പി.ആർ.നാഥൻ, കെ.എഫ്.ജോർജ്,
ആറ്റക്കോയ പള്ളിക്കണ്ടി, ഗോപിനാഥ് ചേന്നര എന്നിവർ സംസാരിച്ചു. പി.ഗംഗാധരൻ നായർ മറുപടി പ്രസംഗം നടത്തി.