കാലാവസ്ഥ പ്രവചനം: കോഴിക്കോട്ട് വരുന്നുവിൻ്റ് പ്രൊഫൈലുകൾ

കോഴിക്കോട്: ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണവും മുന്നറിയിപ്പുകളും ശക്തമാക്കുന്നതിന് വിപുലമായ പദ്ധതികളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ വിവിധ പ്രധാന നഗരങ്ങളിൽ അന്തരീക്ഷത്തിന്റെ വിവിധ ഉയരങ്ങളിലുള്ള കാറ്റിന്റെ ഗതിയും വേഗവും കണ്ടെത്താനുള്ള റഡാർ സംവിധാനമായ വിൻ്റ് പ്രൊഫൈലുകൾ സ്ഥാപിക്കും.

കേരളത്തിൽ നേരത്തെ കൊച്ചിയിലും തിരുവനന്തപുരത്തും മാത്രമാണ് റഡാർ ഉണ്ടായിരുന്നത്. ഇതിന് പുറമെ വയനാട്ടിലെ മീനങ്ങാടി മീനങ്ങാടിയിൽ റഡാറിന്റെ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുകയാണ്. ഈ വർഷം ഡിസംബറോടെ ഇത് ഉദ്ഘാടനം ചെയ്യാൻ കഴിയും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. കൊല്ലത്തും മറ്റൊരു റഡാർ വരുന്നുണ്ട്. കൂടാതെ മംഗലാപുരത്ത് പ്രവർത്തനം തുടങ്ങിയ റഡാറിന്റെ നിരീക്ഷണത്തിൽ വടക്കൻ കേരളത്തിലെ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളും ഉൾപ്പെടുന്നു.

നേരത്തെ കൊച്ചി റഡാറിന്റെ നിരീക്ഷണം ലഭിക്കാത്ത മേഖലകളാണ് ഇപ്പോൾ മംഗലാപുരം റഡാറിന്റെ നിരീക്ഷണത്തിൽ വരുന്നത്.

കോഴിക്കോട്ടും തിരുവനന്തപുരത്തും വിൻ്റ് പ്രൊഫൈലുകൾ

കേന്ദ്രസർക്കാറിന്റെ 2000 കോടി രൂപയുടെ മിഷൻ മൗസം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തുകയാണ് കോഴിക്കോട് ഉൾപ്പെടെ 10 നഗരങ്ങളിൽ വിൻ്റ് പ്രൊഫൈലുകൾ സ്ഥാപിക്കുന്നത്. 2024 സെപ്റ്റംബറിൽ ആണ് ഈ പദ്ധതി തുടങ്ങിയത്.

ഈ പദ്ധതിയുടെ ഭാഗമായി 15 സ്ഥലങ്ങളിലാണ് കാറ്റിൻ്റെ ലംബമായ പഠനത്തിനു വേണ്ടി ഉപയോഗിക്കുന്ന vertical wind profilers സ്ഥാപിക്കുന്നത്. 54  റേഡിയോ സോണ്ടെകളും സ്ഥാപിക്കും . ഓരോ മണിക്കൂറിലും കാറ്റിൻ്റെ വേഗത,  ദിശ, അന്തരീക്ഷത്തിലെ വിവിധ ഉയരങ്ങളിലെ താപനില, ആർദ്രത എന്നിവ അളക്കാൻ കഴിയുന്നവയാണ് ഇവ. സമുദ്രനിരപ്പിൽ നിന്ന് 12 കിലോമീറ്റർ ഉയരത്തിൽ വരെയുള്ള വിവരങ്ങൾ ലഭിക്കും.

പ്രധാനമായും മഴ, കാറ്റ്, ഇടിമിന്നൽ,  ചുഴലിക്കാറ്റ് എന്നിവ ഉണ്ടാകുന്നത് ഈ മേഖലയിലാണ്.

പ്രവചന കൃത്യത ഉയർത്താൻ കഴിയും

കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം നിലവിൽ 12 കിലോമീറ്റർ റസല്യൂഷനിൽ ഉള്ളതാണ്. ഇത് കൂടുതൽ ചെറിയ അളവിലേക്ക് (Spatial Resolution) എത്തിക്കാൻ കഴിയും എന്നാണ് കാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര അഭിപ്രായപ്പെടുന്നത്.

മൂന്നു മണിക്കൂറിന് പകരം ഒരു  മണിക്കൂർ കൂടി നേരത്ത നൗകാസറ്റ് ( Nowcast) നൽകാം എന്നതാണ് പുതിയ സംവിധാനങ്ങളുടെ സവിശേഷത. ഇപ്പോൾ മൂന്നു മണിക്കൂർ മുൻപാണ് എവിടെയൊക്കെ മഴപെയ്യുമെന്ന് കൂടുതൽ കൃത്യമായി പ്രവചിക്കുന്നത്. നേരത്തെ മുന്നറിയിപ്പ് ലഭിക്കുന്നത് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് സഹായകമാകും. കൃഷി, വിമാന ഗതാഗതത്തെ ബാധിക്കുന്ന അന്തരീക്ഷ ചുഴി എന്നിവയ്ക്കും പുതിയ സംവിധാനം മൂലം കൃത്യമായ മുന്നറിയിപ്പ് നൽകാൻ കഴിയും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000