ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ എൽഡിഎഫ് പരാതി നൽകി

കോഴിക്കോട്: ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ് റിയാസിനെതിരെ യുഡിഎഫ് സ്ഥാനാർഥി പി വി അൻവർ നിരന്തരമായി നടത്തുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെ എൽഡിഎഫ് ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനും റിട്ടേണിങ് ഓഫീസർക്കും പരാതി നൽകി.

അൻവർ സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് നിയോജകമണ്ഡലം സെക്രട്ടറി ടി രാധാഗോപി പരാതിയിൽ പറഞ്ഞു. വോട്ടർമാരെ തെറ്റായ നിലയിൽ സ്വാധീനിക്കാൻ വേണ്ടി എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വ്യാജ ആരോപണങ്ങളും അവഹേളന പ്രസ്താവനകളും പ്രചരിപ്പിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി. മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും വാഹനങ്ങളിലെ അനൗൺസ്മെൻ്റ് വഴിയും ഇത്തരം ആക്ഷേപങ്ങൾ ബോധപൂർവം പ്രചരിപ്പിക്കുകയാണ്.  എംഎൽഎ എന്ന നിലയിൽ മുഹമ്മദ് റിയാസ് മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ തമസ്കരിക്കുന്നതിനു വേണ്ടിയാണ് ഇത്തരം വ്യക്തി അധിക്ഷേപങ്ങൾ.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശങ്ങൾ അനുസരിക്കാതെയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഇത്തരം കള്ള പ്രചാരണങ്ങൾ നടത്തുന്നത്. അതിനാൽ ഇക്കാര്യത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.