പാചകവാതകം: വ്യാപാരികള്‍ അടുപ്പുകൂട്ടി പ്രതിഷേധിച്ചു

കോഴിക്കോട്:  പാചകവാതക ദൗര്‍ലഭ്യം പരിഹരിക്കുക, ഹോട്ടല്‍ – റസ്റ്റോറന്റ് മേഖലയിലെ പ്രതിസന്ധി അവസാനിപ്പിക്കുക ,അന്യായമായ വില വര്‍ദ്ധനവ് പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും അടുപ്പ് കൂട്ടി പ്രതിഷേധവും സംഘടിപ്പിച്ചു.

മാര്‍ച്ച് സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് സൂര്യ അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ഒരു തൊഴില്‍ മേഖലയെയാകെ നിശ്ചലമാക്കുന്ന പ്രവൃത്തിയാണ് ഗാര്‍ഹികേതര ഗ്യാസ് വിതരണം നിര്‍ത്തിവച്ചതുവഴി കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്ന് സൂര്യ ഗഫൂര്‍ പറഞ്ഞു. ഓരോ ദിവസം ചെല്ലുംതോറും ഹോട്ടലുകള്‍ കൂട്ടത്തോടെ അടച്ചു പൂട്ടുകയാണ്.  ഹോട്ടല്‍ വ്യാപാരികള്‍ക്കും   തൊഴിലാളികള്‍ക്കും മാത്രമല്ല ദുരിതം. ഭക്ഷണം കിട്ടാതെ പൊതുജനവും വലയുകയാണ്.  വീട്ടില്‍ നിന്നു മാറി മറ്റിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഭക്ഷണത്തിനായി നെട്ടോട്ടം ഓടേണ്ട സ്ഥിതിയാണിന്ന്. പ്രശ്‌നപരിഹാരത്തിനായി പാചകവാതകവിതരണം എത്രയും പെട്ടെന്ന് സുതാര്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന കമ്മിറ്റി അംഗം കെ.എം. റഫീഖ് അധ്യക്ഷത വഹിച്ചു. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് സന്തോഷ് ,സമിതി ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.പി. പ്രദീപ്, മൊയ്തീന്‍ കോയ, സുനില്‍കുമാര്‍, തൃബുദാസ് ,അബ്ദുല്‍ റഷീദ് എന്നിവര്‍  സംസാരിച്ചു. വരുണ്‍ ഭാസ്‌കര്‍ സ്വാഗതവും അഹമ്മദ് കബീര്‍ നന്ദിയും പറഞ്ഞു.