-ചെറുകഥ
സുധീഷ് നടുത്തുരുത്തി
അവസാന താളും വായിച്ചു തീർത്ത ആ പുസ്തകം നെഞ്ചോടു ചേർത്ത് പിടിച്ച് അയാൾ കിടന്നു.
അയാളങ്ങനെയായിരുന്നു
വായിച്ചു തീർത്ത പുസ്തകങ്ങളിലെ കഥാപാത്രങ്ങളോടോ, എഴുത്തുകാരനോടു തന്നെയോ മണിക്കൂറുകളോളം സംവദിച്ചിരിക്കും.
ഭാര്യയുമായി തുടരുന്ന ശീത സമരമായിരുന്നില്ല അന്നും അയാളെ അലട്ടിയിരുന്നത്.വായനയിൽ നിന്നും ഉരുത്തിരിയുന്ന വേദനയെ ആവാഹിച്ച് തന്റെ വിഹ്വലതകളെ മറവിയിലേക്ക് തള്ളാനുതകുന്ന
ശാന്തി മന്ത്രങ്ങളായിരുന്നു അയാൾ തേടിയിരുന്നത്.
ആദിത്യനും, രാധയും …
തന്റെ സമ്പാദ്യമെല്ലാം ഭൂപരിചരണത്തിനായി സംഭാവന നൽകിയ ആദിത്യൻ പോക്കറ്റിലെ അവശേഷിച്ച രൂപയിൽ,
തന്ത്രികൾ പൊട്ടിയ ഒരു സിത്താർ വാങ്ങി ഡൽഹിയിലെ ഒരു തെരുവിലെ ഇരുളിലേക്ക് മറയുന്നു.
അയാളുടെ സിത്താറിൽ ഒരിക്കലും സംഗീതമുയരുന്നില്ല.
അയാളാഗ്രഹിച്ച ഹൃദയത്തിന്റെ തന്ത്രികളിൽ വിരൽ മീട്ടിയത് അച്ഛന്റെയും അമ്മയുടെയുടെയും ആഗ്രഹങ്ങളായിരുന്നു.
അറിയപ്പെടുന്ന ചിത്രകാരിയായിരുന്നിട്ടും ആവശ്യത്തിന് പണവുമുണ്ടായിരുന്നിട്ടും ഏകാന്തത തിന്നു തീർത്ത രാധ പണി തീരാത്ത വീടിനുള്ളിൽ ആത്മാഹുതി ചെയ്തപ്പോൾ
ആദിത്യൻ,
അല്ല ….ആദിത്യന്മാർ
തന്ത്രി പൊട്ടിയ സിത്താർ പോലെ
ഓരോ തെരുവിലും അലഞ്ഞു തിരിഞ്ഞു കൊണ്ടേയിരുന്നു.
ഇവിടെ
ഒരു റോമി ഫെർണാണ്ടസോ , അഭിമന്യൂ ജലനോ, ബൃഹസ്പതിയോ മുന്നോട്ടുള്ള കഥയിൽ അവതരിക്കുന്നേയില്ല. അണുകുടുംബത്തിൽ ശിഥിലമാക്കപ്പെട്ട മനസ്സിന്റെ ഭാരവും പേറി ജീവിതാവസാനം വരെ അയാൾ ഏകാകിയായിരിക്കുന്നു.
പേര് –
ദാസൻ .
ഭാര്യയുടെ പേര് –
ദാസന്റെ ഭാര്യ.
മകളുടെ പേര് –
ദാസന്റെ മകൾ .
കാട് കയറിയ ഗതികിട്ടാത്ത അശ്വത്ഥാമാവിനെപ്പോലെയായിരുന്നു ദാസൻ. പച്ചയായ മനുഷ്യനായതുകൊണ്ടായിരിക്കാം, കയറിയ കാടിറങ്ങി
വന്ന അയാളുടെ ചിന്തകളിൽ അടുത്ത മുറിയിൽ സുഖനിദ്രയിൽ ആണ്ടുറങ്ങുന്ന ഭാര്യയുടെയും മകളുടെയും ഓർമ്മകൾ നൊമ്പരമുണർ ത്തിയത്.
ഉയർന്ന വിദ്യാഭ്യാസവും ജോലി സാധ്യതയും ഉണ്ടായിരുന്നിട്ടും ഒരു പ്രൈവറ്റ് കമ്പനിയിലെ അക്കൗണ്ടന്റിനെ വിവാഹം കഴിച്ചതോടെ അവളിലെ മാനസിക പിരിമുറുക്കങ്ങൾക്ക് സമ്മർദ്ദമേറുകയായി.
യാന്ത്രികമായിത്തീർന്ന ഇരുതല ജീവിതങ്ങൾ ….
അവരൊരുമിച്ചുള്ള യാത്രയിൽ ദാസന്റെ ഭാര്യയുടെ വാക്കുകൾ അയാളെ നോവിക്കുന്നതായി.
” നിങ്ങളോട് എനിക്ക് യാതൊരു വികാരവും തോന്നുന്നില്ല”
എന്ന അവളുടെ വാക്കുകൾ
ഹൃദയമിടിപ്പ് വർദ്ധിച്ച് ധമനികൾ പൊട്ടി പോകുന്നതു പോലെയോ, ഹൃദയം നിലച്ചു പോകുന്ന പോലെയോ അയാൾക്കനുഭവപ്പെട്ടു.
വായിച്ച പുസ്തകങ്ങളിലും, അനുഭവിച്ച ജീവിതത്തിലും
ഒരു പ്രണയ വീണ്ടെടുപ്പിനായി തിരഞ്ഞു നടന്നപ്പോൾ
മൂർച്ചയേറിയ അവളുടെ വാക്കുകളെ ഭയന്ന് പ്രകടിപ്പിക്കാൻ കഴിയാത്ത സ്നേഹത്തെ ചങ്ങലയിട്ട്
അയാളും മൗനിയായി.
വർഷം രണ്ട് കഴിഞ്ഞു.
ദാസന്റെ ഭാര്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അവളെ ലേബർ റൂമിലേക്ക് കയറ്റുമ്പോൾ , പുതിയ അതിഥിയെ വരവേൽക്കുന്നതിനായി അയാൾ
ബാർബർ ഷോപ്പിലേക്ക് ഓടിക്കയറി. താടിയും മുടിയും വളർന്ന്
കണ്ടാൽ തിരിച്ചറിയാത്ത വിധം
അയാൾ മാറിക്കഴിഞ്ഞിരുന്നു.
അപ്രതീക്ഷിതമായി സംഭവിച്ച ഗർഭധാരണത്തിൽ, ഓരോ മാസവും വളർന്നു വരുന്ന വയറ്റിൽ ഇടിച്ചും,
ഡോക്ടർ എഴുതിക്കൊടുത്ത വിറ്റാമിൻ ഗുളികകൾ കുടിക്കാതെയും,
ചിലപ്പോൾ എല്ലാം കൂടി ഒരുമിച്ചു കുടിച്ചും അവൾ വാശിതീർക്കുമ്പോൾ
നിസ്സഹായതയുടെ പരകോടിയിലെത്തിയ അയാൾ റെയിൽവേ സ്റ്റേഷനിലെ സിമന്റ് ബെഞ്ചിൽ അഭയം തേടും.
വർഷം പതിനഞ്ച് കഴിഞ്ഞിരിക്കുന്നു.
ചിന്തകളിൽ നിന്നുണർന്ന അയാൾ മേശപ്പുറത്തിരിക്കുന്ന ജഗ്ഗിലേക്ക് കൈ നീട്ടി,
വെള്ളം തീർന്നിരിക്കുന്നു.
മുറിയിൽ നിന്നും പുറത്തേക്കിറങ്ങി അടുക്കളയിലേക്ക് നടന്നു.
തൊട്ടടുത്ത മുറിയിൽ ലൈറ്റണഞ്ഞിട്ടില്ല.
മകളുടെ ഉച്ചത്തിലുള്ള വായന ഉയർന്നു കേൾക്കാം. തന്റെ ഷെൽഫിൽ നിന്നും പുസ്തകങ്ങളെടുത്ത് വായിക്കുന്നത് അവളൊരു പതിവാക്കിയിരിക്കുന്നു. ജീവിതത്തിൽ താനൊരു നോക്കുകുത്തി മാത്രമായിരിക്കുന്നു. മകളെ ലാളിക്കാനും, സ്നേഹിക്കാനും കഥകൾ പറഞ്ഞു കൊടുക്കാനും കഴിയാതെ വെറുമൊരു നോക്കുകുത്തിയായി നിൽക്കേണ്ടുന്ന അവസ്ഥ. പലപ്പോഴും മകൾക്കരികിലിരിക്കുമ്പോൾ
“നിനക്ക് പഠിക്കാനൊന്നുമില്ലെടീ….
വല്ലവരുടേം കൂടെ
തെണ്ടിത്തിരിഞ്ഞു നടക്കുവാണോ? എന്ന
അവളുടെ വാക്കുകൾ ചുമരുകൾക്കപ്പുറം അലയടിച്ചുയരും.
ഭയവും, നിസ്സഹായതയും വിടർന്ന കണ്ണുകളിൽ ചാലുകൾ കനത്തു വരുമ്പോൾ ദാസന്റെ മകൾ അവളുടെ കൈപ്പിടിയിൽ മുറുകി മുറിയിലേക്ക് നടന്നു നീങ്ങുമ്പോളയാൾ
ലാവ പോലെ ഉള്ളിലുദിച്ചു പൊങ്ങുന്ന മറുവാക്കിന് കടിഞ്ഞാണിട്ടു നിർത്തും.
പക്ഷെ, പിന്നീട്
ഉള്ളിലൊരു വിങ്ങലാണ്.
അടച്ചിട്ട മുറിയിലെ വാതിലിനരികിൽ മകളുടെ ശബ്ദം കേൾക്കാനായി അയാൾ കാതോർത്തിരിന്നു.
കേട്ടതോ?
ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന ഭാര്യയുടെ അലർച്ച ….
“കേറി കെടക്കെടീ… പാതിരാത്ര്യാ ഓളെ ഒരു വായന ….
നിശബ്ദത,
റൂമിലെ ലൈറ്റണഞ്ഞു.
മുറിയിലേക്ക് തിരിച്ചു നടക്കുമ്പോൾ നെഞ്ചിൽ കൈ വച്ചു നോക്കി. ഹൃദയം പടപടാന്ന് മിടിക്കാൻ തുടങ്ങിയിരിക്കുന്നു. അവളുടെ വാക്കുകൾ അയാളുടെ ഹൃദയത്തിൽ ക്രൂരമ്പുകളായിട്ടാണല്ലോ പെയ്തിറങ്ങാറ്.
അന്നും ഓഫീസ് കഴിഞ്ഞ് അയാൾ നേരെ പോയത് ബീച്ചിനടുത്തുള്ള റിസോട്ടിലേക്കാണ്. ഐസ് ക്യൂബിട്ട റം ചുണ്ടോട് ചേർത്ത് ബാൽക്കണിയിൽ നിന്നും അസ്തമയ സൂര്യനെ നോക്കിക്കാണും.
കടൽക്കരയിലെ കാഴ്ചകൾ
അതെല്ലാം അയാൾക്ക് ഒരു
മായികലോകം പോലെ തോന്നി. അയാളുടെ ജീവിതത്തിൽ ഭാര്യയും മകളുമായുള്ള യാത്രകളോ, താലോലിക്കാൻ സുഖമുള്ള ഓർമ്മകളോ ഉണ്ടായിരുന്നില്ല.
വിവാഹം കഴിഞ്ഞു കുറച്ച് നാൾ പിന്നിട്ടപ്പോൾ തെറ്റിപ്പിരിഞ്ഞ് വീട്ടിലേക്ക് വന്നു കയറിയ അവളെ അച്ഛനും ജ്യേഷ്ഠനും ഉപദേശിച്ചും ഗത്യന്തരമില്ലാതെ ഒന്നു കൊടുത്തും തിരിച്ചയക്കുകയായിരുന്നു. അവളുടെ മുൻ ശുണ്ഠിയും സ്വഭാവ വൈകൃതവും അവർ നേരത്തെ മനസ്സിലാക്കിയിരുന്നു. തിരിച്ചു വന്നതിന് ശേഷം പിന്നീടൊരിക്കലും സ്വന്തം വീട്ടിലേക്ക് അവൾ പോയിരുന്നില്ല. ഹയർ സെക്കന്ററി സ്ക്കൂൾ അദ്ധ്യാപികയായി നിയമനം കിട്ടിയതിന് ശേഷമായിരുന്നു തന്റെ ജീവിതം കൂടുതൽ ക്ലേശകരമായി തീർന്നത് എന്നയാൾ ഓർത്തു. അവൾക്കും മകൾക്കും മാത്രമായി ഭക്ഷണം പാകം ചെയ്യാൻ തുടങ്ങി.
മാത്രമല്ല, അവർ അടുത്ത മുറിയിലേക്ക് മാറുകയും ചെയ്തതോടെ താൻ പൂർണ്ണമായും ഒറ്റപ്പെടാൻ തുടങ്ങി. അപ്പോഴും തൊട്ടടുത്ത് മകളുണ്ടല്ലോ എന്ന ആശ്വാസം ……
വർഷങ്ങൾ എത്ര കടന്നുപോയി.
ദുസ്സഹമായിത്തീർന്ന ജീവിതത്തിന് തിരശ്ശീലയിടാൻ തീരുമാനിച്ചുറച്ച്
ബാറിൽ നിന്നുമിറങ്ങി അയാൾ വീട്ടിലേക്ക് നടന്നു.
ചാരിയിട്ടിരുന്ന വാതിൽ തുറന്ന് അയാൾ അകത്തേക്ക് കടന്നപ്പോൾ ബാത്ത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം ഉയരുന്നുണ്ട്. അയാൾ കട്ടിലിൽ ഇരുന്നു. കൈകാലുകളിൽ വിറയൽ അനുഭവപ്പെടുന്നു. നാക്കുകൾ ബന്ധിക്കപ്പെട്ട പോലെ ….
എങ്ങനെ അവളെ അഭിമുഖീകരിക്കും എന്ന ചിന്ത അയാളെ അലട്ടി. കട്ടിലിന് താഴെ അഴിച്ചിട്ട അവളുടെ വസ്ത്രങ്ങൾ .അയാൾ വസ്ത്രങ്ങൾ കയ്യിലെടുത്തു മണത്തു നോക്കി, അവളുടെ ഗന്ധം ഓർത്തെടുക്കാൻ ശ്രമിച്ചു. അവളുടെ ഗന്ധം എന്നേ മറന്നിരിക്കുന്നു.
തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും അവളോടുള്ള സ്നേഹം ആർദ്രമായി
ഒഴുകാൻ തുടങ്ങിയപ്പോൾ വസ്ത്രങ്ങൾ അയാൾ മാറോട് ചേർത്തു.
പക്ഷെ, ആ വസ്ത്രത്തിൽ നിന്നും കയ്യിൽ പുരണ്ട കറ അയാളെ നിശ്ചലനാക്കി.
കൈകളിൽ നിന്നും വസ്ത്രങ്ങൾ ഊർന്നു വീണു.
തന്റെ ജീവിതം കവർന്ന വിധിയെ, നിസ്സഹായതയെ പഴിച്ചു കൊണ്ട് പുറത്തേക്കിറങ്ങുമ്പോൾ അയാളുടെ മനസ്സ് മന്ത്രിച്ചു…..,
ആ വസ്ത്രത്തിൽ അവളുടെ വിയർപ്പിന്റെ ഗന്ധം മാത്രമായിരുന്നില്ല മുറ്റിനിന്നത്.
റെയിൽവേ സ്റ്റേഷനിൽ താനിരിക്കുന്ന
സിമന്റ് ബെഞ്ച് മറ്റാരോ കയ്യടക്കിയിരിക്കുന്നു. കുറച്ചു ദൂരം നടന്ന് അയാൾ ട്രാക്കിലേക്കിറങ്ങി, മരണത്തിന്റെ ദൂരത്തിനടുത്തേക്ക് ഏന്തിവലിഞ്ഞു നടന്നു.
ശരീരം വിയർത്തൊഴുകി ചെരിപ്പിനും കാലിനുമിടയിൽ വഴുക്കൽ അനുഭവപ്പെട്ടപ്പോൾ ചെരിപ്പുകളൂരി അയാൾ ദൂരേക്ക് വലിച്ചെറിഞ്ഞു. നഗ്നപാദനായി ട്രാക്കിലൂടെ നടക്കുമ്പോൾ കാലുകൾ മൂർച്ചയുള്ള കല്ലിൽ തട്ടി ചോര ഒഴുകി.
നിസ്സഹായതയുടെ കനം പേറിയുളള
പതിനഞ്ചു വർഷക്കാലത്തെ ജീവിതം …
അങ്ങകലെ മഞ്ഞ വെളിച്ചം തെളിഞ്ഞു കാണാം. ട്രെയ്നിന്റെ ചൂളം വിളി അടുത്തു വരുന്നു.
” അച്ഛാ….
മകളുടെ ശബ്ദം കാതുകളിൽ മുഴങ്ങുന്നു. പുഞ്ചിരിച്ച അവളുടെ മുഖം കണ്ണുകളിൽ നിറയുന്നു.
ദാസൻ ട്രാക്കിൽ നിന്നും മാറി, കാതടപ്പിക്കുന്ന ശബ്ദത്തിൽ ട്രെയ്ൻ കടന്നുപോയി. തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ
കൈകാലുകളിൽ തളർച്ച അനുഭവപ്പെട്ട
ദാസൻ റെയിൽവേ സ്റ്റേഷനരികിലെ ആൽമരം ചാരി കിടന്നു.
അയാളുടെ ചിന്തകൾ
പതിമൂന്ന് വർഷങ്ങൾക്കിപ്പുറം, ലേബർ റൂമിനു മുന്നിലേക്ക് ഓടിയെത്തി.
“പെൺകുട്ടിയാ …..
തുണിയിൽ പൊതിഞ്ഞ തന്റെ
തുടിപ്പുമായി വരുന്ന സിസ്റ്റർ …
ഭൂമിയിലേക്ക് പിറന്നുവീണ ആലസ്യത്തിൽ മയങ്ങുന്ന മകളുടെ ചിത്രം.
ദാസന്റെ ചുണ്ടിൽ ചെറുമന്ദഹാസം വിടർന്നു.
ഒപ്പം, ശരീരം നിർജ്ജലമാകുന്നതായും ,
കണ്ണുകളിൽ ഇരുട്ട് പടരുന്നതായും അയാൾക്ക് അനുഭവപ്പെട്ടു.
“വേദനിക്കുന്നുണ്ട്….
എനിക്കു വേദനിക്കുന്നുണ്ട് ….ഞാൻ മരിച്ചിട്ടില്ല. “
തണുത്തുറഞ്ഞ മോർച്ചറിയിലെ മറുപടി
യില്ലാത്ത നിശബ്ദതയിൽ കോറത്തുണി പുതച്ച് കിടക്കുമ്പോൾ ഇരുമ്പ് കട്ടിലിന്റെ തലക്കൽ നിന്നും ഒരൊച്ച് അയാളുടെ കറുപ്പിനിടയിൽ വെളുത്ത് തുടങ്ങിയ മുടിയിഴ കൾക്കിടയിലേക്ക് ഇഴഞ്ഞു നീങ്ങിയിരുന്നു.
അയാളോർത്തു …
കഴിഞ്ഞ ദിവസം രാത്രിയിലെപ്പോഴോ
ശ്വാസം കിട്ടാതെ പിടഞ്ഞതും, തൊണ്ടയിൽക്കുരുങ്ങിയ കനം കുറഞ്ഞ വാക്കുകൾക്ക് കാതോർക്കാൻ ആരുമില്ലാതെ,
അരൂപിയായ കറുത്ത വലയത്തിൽ ഇത്രയും നേരം നിശ്ചലനായി കിടക്കുകയായിരുന്നു.
മരണമായിരിക്കില്ല…
ഒരു പക്ഷെ …..
വേരറ്റു പോയ വൃക്ഷത്തിന്റെ ഇലകളും ശിഖരങ്ങളും ഉണങ്ങിത്തുടങ്ങുന്നതു പോലെ ഓർമ്മ നഷ്ടപ്പെട്ടതാകുമോ ?
തൊട്ടടുത്ത ബെഡ്ഡിൽ കിടന്ന കറുത്തു നീലിച്ച ഒരു മൃതശരീരം തലയിലെ തുണി മാറ്റി അയാളെ നോക്കി പുഞ്ചിരിച്ചു പറഞ്ഞു …
സുഹൃത്തെ ,
നിങ്ങൾ മരണപ്പെട്ടതാണ്…
ഏതാനും മണിക്കൂറുകൾ കൂടി ശരീരത്തിൽ ജീവന്റെ കണികകൾ അവശേഷിക്കും…..
പിന്നെ ഈ വേദനയും, ചിന്തകളും ,
അത്
ആഗ്രഹ സഫലീകരണത്തിന്റെ വെറും പുറംപൂച്ചുകൾ മാത്രം….
എനിക്കെന്റെ മകളെ കാണണം …. അവസാനമായി അവളോടൊന്ന് യാത്ര പറയണം…
ചിതയിലേക്കെടുക്കും മുൻപ് മകൾ നിങ്ങളെ കാണും… അപ്പോഴേക്കും കണ്ണുകൾ തുറന്ന് കാണാൻ പറ്റാത്ത ലോകത്തിലേക്ക് നിങ്ങൾ യാത്രയായിരിക്കും…..
എന്റെ സമയമായിരിക്കുന്നു.
യാത്ര പറയുന്നില്ല.
നിങ്ങൾക്കിനിയും സമയമുണ്ട്.
ഓർമ്മകളിൽ വേട്ടയാടപ്പെടാനുള്ള സമയമാണിത്….
കണ്ണുകളടച്ച്
കറുത്ത് നീലിച്ച ശരീരം
കോറത്തുണി കൊണ്ട് സ്വയം മുഖംമൂടി
നിമിഷങ്ങൾക്കുള്ളിൽ നിശ്ചലനായി.
അയാൾ ചുറ്റിലും നോക്കി. വെള്ള പുതച്ചുറങ്ങുന്ന അനേകം രൂപങ്ങൾ.
ആത്മഹത്യയോ , കൊലപാതകമോ,
അപകടമോ, രോഗാതുരമായോ മരണപ്പെട്ട, പോസ്റ്റ്മോർട്ടം കാത്തു കിടക്കുന്ന ശരീരങ്ങൾ.
ശവങ്ങൾ ….
ഒരാൾ ഒന്നുമല്ലാതായിത്തീരുന്ന ഏറ്റവും
നിരർത്ഥകമായ പദം ….
ജീവിച്ചിരിക്കുമ്പോഴേ താൻ വെറുമൊരു ശവം മാത്രമായിരുന്നു.
മോർച്ചറിയിലെ ശ്മശാന മൂകതയിൽ ഓർമ്മകൾ ചെറുതായി ചെറുതായി ചുരുങ്ങവെ, അയാളുടെ നെറ്റിയിലൂടെ ഇളം തണുപ്പുമായി ഒരു ഒച്ച് പതുക്കെ അരിച്ചുനീങ്ങിക്കൊണ്ടിരുന്നു.


