ഉന്നത വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2024 അദ്ധ്യയനവര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു.  കേന്ദ്ര/കേരള സര്‍ക്കാര്‍/എയ്ഡഡ് യൂണിവേഴ്‌സിറ്റി,  കോളേജുകളില്‍ പഠിച്ച ഡിഗ്രി, പിജി, പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പിജി, ടിടിസി, ഐടിഐ, പോളിടെക്‌നിക്ക്, ജനറല്‍ നഴ്‌സിങ്ങ്, ബി എഡ്, മെഡിക്കല്‍ ഡിപ്‌ളോമ എന്നീ കോഴ്‌സുകളിലേതിലെങ്കിലും ആദ്യ ചാന്‍സില്‍ ഉന്നതവിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം.  ജില്ലയില്‍ ആദ്യത്തെ മൂന്നു സ്ഥാനക്കാര്‍ക്ക് മാത്രമേ അവാര്‍ഡിന് അര്‍ഹതയുളളൂ. 2024 ജനുവരി ഒന്ന് മുതല്‍  ഡിസംബര്‍ 31 വരെ  ലഭിച്ച റിസള്‍ട്ടിന്റെ  അടിസ്ഥാനത്തിലാണ് അപേക്ഷ നൽകേണ്ടത്.

നിശ്ചിത ഫോമില്‍  അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ക്ക്  31 വൈകീട്ട് അഞ്ച് വരെ സമര്‍പ്പിക്കാം.  അപേക്ഷിക്കുന്ന അംഗത്തിന് വിദ്യാര്‍ത്ഥിയുടെ പരീക്ഷ തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തില്‍ 12 മാസത്തെ അംഗത്വകാലം പൂര്‍ത്തീകരിക്കണം.  പരീക്ഷ തീയതിയില്‍ അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ അംശാദായ കുടിശ്ശിക ഉണ്ടായിരിക്കാന്‍ പാടില്ല. ഫോമിന്റെ മാതൃകയും മറ്റു വിവരങ്ങളും കോഴിക്കോട് ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും www.agriworkersfund.org എന്ന വെബ് സൈറ്റിലും ലഭ്യമാണ്.

മാര്‍ക്ക് ലിസ്റ്റിന്റെ  സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം.  അംഗവും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന് മറ്റു രേഖകളുടെ അഭാവത്തില്‍ റേഷന്‍കാര്‍ഡിന്റെ  നിശ്ചിത പേജ്
ഹാജരാക്കണം.  ഫോണ്‍: 0495-2384006.