ആഭ്യന്തര കമ്മിറ്റികൾ കാര്യക്ഷമമല്ല: വനിതാ കമ്മീഷന്
കോഴിക്കോട്: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്ന പോഷ് നിയമ പ്രകാരമുള്ള ആഭ്യന്തര കമ്മിറ്റി സംവിധാനം എല്ലാ സ്ഥാപനങ്ങളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി സതീദേവി. കമ്മീഷന് തുടര്‍ച്ചയായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളില്‍ കമ്മിറ്റികള്‍ രൂപീകൃതമായിട്ടുണ്ടെങ്കിലും കൃത്യമായ രീതിയില്‍ പ്രവര്‍ത്തനക്ഷമമല്ല എന്നാണ് മനസ്സിലാക്കുന്നത്. കൃത്യമായ നിയമാവബോധമുള്ള സമൂഹമായി കേരളം മാറേണ്ടതിന്റെ അനിവാര്യതയാണ് വിവിധയിടങ്ങളിലെ സിറ്റിംഗില്‍ നിന്നും മനസ്സിലാകുന്നതെന്നും അവര്‍ പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മീഷന് ജില്ലാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ.
സ്ത്രീകളുടെ പരിരക്ഷയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനുള്ള വിവിധ സംവിധാനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകള്‍ക്കിടയില്‍ കൃത്യമായ അവബോധം സൃഷ്ടിക്കാനുള്ള ഇടപെടലുകള്‍ കമ്മീഷന് നിരന്തരമായി നടത്തിവരുന്നുമുണ്ട്. എന്നാലും സ്ത്രീകളില്‍ വേണ്ടത്ര നിയമാവബോധം ഇല്ല എന്നതാണ് മനസ്സിലാകുന്നതെന്നും കമ്മീഷന് അധ്യക്ഷ പറഞ്ഞു.
സ്ത്രീകള്‍ക്കിടയില്‍ നിയമാവബോധം ശക്തമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗമായി ബോധവത്കരണ പരിപാടികള്‍ ആവശ്യമാണ്. എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി.
വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ഏറിവരുന്നതായാണ് എല്ലാ ജില്ലകളിലും കാണുന്നത്. വിവാഹേതര ബന്ധങ്ങളുടെ ഭാഗമായി കുടുംബ പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുന്ന അവസ്ഥയുണ്ട്. ഇത്തരം പരാതികളില്‍ ദമ്പതിമാര്‍ക്ക് വനിത കമ്മിഷന് മുഖാന്തിരം കൗണ്‍സിലിംഗ് നല്‍കുന്നതിനുള്ള സംവിധാനമുണ്ട്. വനിത ശിശു വകുപ്പിന്റെ കൗണ്‍സിലര്‍മാരുടെ സേവനം സിറ്റിംഗുകളില്‍ പൂര്‍ണമായും ലഭ്യമാക്കുന്നുണ്ട്. തുടര്‍ കൗണ്‍സലിംഗ് ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും കമ്മിഷന് ഇടപെട്ട് വനിത – ശിശുവികസന വകുപ്പ് മുഖാന്തിരം നല്കി വരുന്നുണ്ട്. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് പരാതിപ്പെടുന്നവര്‍ക്ക് നിയമസഹായത്തിനായി വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസറുടെ സേവനം ലഭ്യമാണ്. സൗജന്യമായി നിയമസഹായം ലഭ്യമാക്കുന്നതിനായി ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. പ്രശ്നങ്ങളില്‍ അകപ്പെട്ടു പോകുന്ന സ്ത്രീകള്‍ക്കും ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകള്‍ക്കും ആവശ്യമായ പരിരക്ഷ നല്‍കാനുള്ള സംവിധാനം വണ്‍സ്റ്റോപ് സെന്ററിലൂടെ നല്കി വരുന്നുണ്ടെന്നും അധ്യക്ഷ പറഞ്ഞു.
അയല്‍വീട്ടുകാര്‍ തമ്മിലുള്ള പ്രശ്നങ്ങളില്‍ സ്ത്രീകള്‍ക്കുനേരെ അസഭ്യവും അധിക്ഷേപ വാക്കുകളും പ്രയോഗിക്കുന്നതായുള്ള ഒട്ടേറെ പരാതികള്‍ ജില്ലയില്‍ കമ്മീഷനു ലഭിച്ചതായി അധ്യക്ഷ പറഞ്ഞു. ഇത്തരം പരാതികളില്‍ റിപ്പോര്‍ട്ട് നല്കുന്ന ജാഗ്രത സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും കമ്മീഷന് പറഞ്ഞു. ജാഗ്രതാ സമിതിയുടെ പരിശീലനവും വനിതാ കമ്മീഷന് നേതൃത്വത്തില്‍ നടത്തിവരുന്നുണ്ട്. മികച്ച പ്രവര്‍ത്തനം നടത്തുന്ന ജാഗ്രത സമിതിക്ക് വനിതാദിനത്തില്‍ 50,000 രൂപയും സര്‍ട്ടിഫിക്കറ്റും പാരിതോഷികം നല്‍കുമെന്നും അധ്യക്ഷ പറഞ്ഞു.
കോഴിക്കോട് ജില്ലാതല അദാലത്തില്‍ 15 പരാതികള്‍ തീര്‍പ്പാക്കി. ആറ് പരാതകിള് നിയമ സഹായത്തിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കൈമാറി. നാല് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടി. 45 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. ആകെ 71 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഏഴ് പുതിയ പരാതികള്‍ ലഭിച്ചു.
വനിത കമ്മീഷന് അംഗം അഡ്വ. പി കുഞ്ഞായിഷ, അഭിഭാഷകരായ അബിജ, ശരണ്‍ പ്രേം, കൗണ്‍സലര്‍മാരായ സുധിന സനുഷ്, സുനിഷ റിനു, സബിന രണ്‍ദീപ്, സി അവിന, കോഴിക്കോട് വനിത സെല്‍ സിപിഒ രമ്യ എന്നിവര്‍ പങ്കെടുത്തു.
വനിതാ കമ്മീഷന് പ്രവര്‍ത്തിക്കുന്നത് കൃത്യമായ നിയമത്തിന്റെ അടിസ്ഥാനത്തില്‍
പുരുഷ കമ്മീഷന് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചില സംഘടനകളും വ്യക്തികളും അഭിപ്രായപ്പെട്ടതായി കാണുന്നുണ്ട്. എന്നാല്‍, വനിതാ കമ്മീഷന് പ്രവര്‍ത്തിക്കുന്നത് കൃത്യമായ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. പ്രത്യേക പരിരക്ഷ ആവശ്യമുള്ള വിഭാഗമായാണ് സ്ത്രീകളെ നിയമം കാണുന്നത്. പാര്‍ശ്വവത്കൃത ജനവിഭാഗം എന്ന നിലയില്‍ പ്രത്യേക നിയമപരിരക്ഷ ആവശ്യമുള്ളവരാണ് സ്ത്രീകള്‍ എന്നതിന്റെ അടിസ്ഥാനത്തില്‍ ഭരണഘടാപരമായാണ് കമ്മീഷന് രൂപീകരിക്കുന്നത്.
1990 നിലവില്‍ വന്ന ദേശീയ വനിതാ കമ്മീഷന് നിയമ പ്രകാരം 1996-ലാണ് കേരള വനിതാ കമ്മീഷന് രൂപീകൃതമായത്. വനിതാ കമ്മീഷന്റെ പ്രസക്തിയും പ്രാധാന്യവും പ്രവര്‍ത്തനത്തിന്റെ അനിവാര്യതയും അതുതന്നെയാണെന്നും അധ്യക്ഷ പറഞ്ഞു.