ബേപ്പൂർ തുറമുഖം: മാലിന്യസംസ്കരണത്തിന് ട്രീറ്റ്മെന്റ് പ്ലാന്റ്
തുറമുഖത്തെ അഴുക്കുചാല്‍ പദ്ധതി ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തീകരിക്കണം
കോഴിക്കോട്: ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനം. പൊതുമരാമത്ത്, വിനോദസഞ്ചാര മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം.
ബേപ്പൂര്‍ ഹാർബർ മാനേജ്മെന്റ് സൊസൈറ്റി (എച്ച്എംഎസ്), കോഴിക്കോട് കോർപ്പറേഷൻ, ജില്ലാ ശുചിത്വമിഷൻ എന്നിവ ചേർന്നാണ് പ്ലാന്റ് സ്ഥാപിക്കുക.
ഇതിനായി എച്ച്എംഎസും കോര്‍പറേഷനും തമ്മില്‍ ധാരണാപത്രം ഉണ്ടാക്കും. ശുചിത്വ മിഷന് പദ്ധതി നടപ്പാക്കും.
ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് എച്ച്എംസിന് ആവശ്യമായ വരുമാനം കണ്ടെത്താനുള്ള വഴികള്‍ യോഗം ചര്‍ച്ച ചെയ്തു. ഇതിന്റെ ഭാഗമായി ബോട്ടുകളിലേക്കുള്ള ജലവിതരണം പണം ഈടാക്കി എച്ച്എംഎസ് ഏറ്റെടുക്കും. ഒരു ദിവസത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്ന് നിശ്ചിത തുക ഫീസ് ഈടാക്കും. ഹാര്‍ബറില്‍ വല റിപ്പയറിംഗ് നടത്തുന്നവര്‍ എച്ച്എംഎസില്‍ രജിസ്റ്റര്‍ ചെയ്യണം. ഇവരില്‍ നിന്നും നിശ്ചിത തുക മാസാന്ത ഫീസായി ഈടാക്കും. ചർച്ചകൾക്ക് ശേഷമാകും ഇത് നടപ്പിൽ വരുത്തുക.
26.6 ലക്ഷം രൂപ ചെലവില്‍ തുറമുഖത്ത് നിര്‍മിക്കുന്ന അഴുക്കുചാല്‍ പദ്ധതി ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തീകരിക്കാന്‍ ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പിന് മന്ത്രി നിര്‍ദ്ദേശം നല്കി. വാര്‍ഫില്‍ മണല്‍ അടിഞ്ഞുകൂടിയതിനാല്‍ ഇവിടേക്ക് ബോട്ടുകള്‍ അടുപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നും ഡ്രഡ്ജിംഗ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. എല്ലാ മത്സ്യ ലേലക്കാരെയും രജിസ്റ്റർ ചെയ്തു അവർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യണമെന്നും ആവശ്യമുണ്ടായി.
യോഗത്തിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടർ ബി കെ സുധീർ കിഷൻ, ശുചിത്വ മിഷന് ജില്ലാ കോ- ഓർഡിനേറ്റർ എം ഗൗതമൻ, മത്സ്യഫെഡ് ജില്ലാ മാനേജർ ഇ മനോജ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. വി ആർ ലതിക തുടങ്ങിയവർ സംബന്ധിച്ചു.