വയനാട് ദുരന്തം: മൂന്ന് ദിവസത്തേക്ക് സൗജന്യ മൊബൈല്‍ ഫോണ്‍ സേവനങ്ങളുമായി ബിഎസ് എൻഎൽ

കോഴിക്കോട്: ചൂരല്‍മല-മുണ്ടക്കൈ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെയും മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്ക് പരിധിയിലെയും മുഴുവന്‍  ബിഎസ്എന്‍എല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്കും മൂന്ന് ദിവസത്തേക്ക് പരിധിയില്ലാത്ത സൗജന്യ കോളുകളും പ്രതിദിനം 1 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും. വാലിഡിറ്റി കഴിഞ്ഞ ഉപഭോക്താക്കള്‍ക്ക് മൂന്ന് ദിവസത്തേക്ക് വാലിഡിറ്റി നീട്ടി നല്‍കാനും കേരള സര്‍ക്കിള്‍ തീരുമാനിച്ചതായി ബിഎസ്എന്‍എല്‍ കോഴിക്കോട്-വയനാട് ജില്ലകളുടെ ചുമതലയുള്ള സീനിയര്‍ ജനറല്‍ മാനേജര്‍ സാനിയ അബ്ദുള്‍ ലത്തീഫ് അറിയിച്ചു.

വയനാട്ടിലെ പ്രകൃതിദുരന്തങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ട ഉപഭോക്താക്കള്‍ക്ക് പകരം സിം കാര്‍ഡുകള്‍ നല്‍കുന്നതിന് ബിഎസ്എന്‍എല്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി കല്‍പ്പറ്റ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ പ്രത്യേക ഹെല്‍പ് ഡസ്‌ക് ആരംഭിച്ചു. ഹെല്‍പ് ഡസ്‌ക് സേവനങ്ങള്‍ക്ക്  04936-207300 എന്ന നമ്പറില്‍ ബന്ധപ്പെടാം.

സിം കാര്‍ഡുകള്‍ മാറ്റി നല്‍കുന്നതിന് ട്രായ് നിബന്ധനകള്‍ പൂര്‍ണമായും പാലിക്കേണ്ടതുണ്ട്. എന്നാല്‍ രേഖകള്‍ നഷ്ടപ്പെട്ട ഉപഭോക്താക്കള്‍ക്ക് നിബന്ധനകളിലെ ഇളവുകളോടെ സിം കാര്‍ഡ് നല്‍കും. എന്നാല്‍ ആധാർ കാർഡ് മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച  ഉപഭോക്താവിന് മാത്രമേ സിം മാറ്റി നല്‍കാന്‍ സാധിക്കൂകയുള്ളൂ. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയ സിം കാര്‍ഡ് അനുവദിക്കുന്നതിന് ആധാര്‍ നമ്പര്‍ അറിയിച്ചാല്‍ മാത്രം മതി.

കസ്റ്റമര്‍ കെയര്‍ സെന്റര്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കും. രാവിലെ 6 മുതല്‍ രാത്രി 10 വരെ ഹെല്‍പ് ഡസ്‌ക് നമ്പറില്‍ ബന്ധപ്പെടാം.