ഒമ്പത് വേദികളിലും സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കും;പാര്‍ക്കിംഗ് കുറ്റമറ്റതാക്കും

മാവേലിക്കസ് 2025

കോഴിക്കോട്: ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് പരിപാടികള്‍ നടക്കുന്ന ഒന്‍പത് വേദികളിലും സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കും. ഇതുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെക്യൂരിറ്റി കമ്മറ്റി യോഗത്തിലാണ് തീരുമാനം. വേദികള്‍ക്ക് സമീപമായി പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തും. വേദികള്‍ക്ക് സമീപത്തെ പ്രൈവറ്റ് സ്ഥലങ്ങള്‍ അവരുടെ കൂടെ സഹകരണത്തോടെ പാര്‍ക്കിംഗിന് വേണ്ടി ഉപയോഗിക്കും.സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 21, 22 തിയ്യതികളില്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തും. വേദികള്‍ക്ക് സമീപം സിസിടിവി, ഫസ്റ്റ് എയ്ഡ്, ബാരിക്കേഡുകള്‍, സൂചന ബോര്‍ഡുകള്‍ എന്നിവയും സജ്ജീകരിക്കും.

യോഗത്തില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്‍, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍മാര്‍, കൗണ്‍സിലര്‍മാരായ അനുരാധ തായാട്ട്, ടി റനീഷ്, പോലീസ്, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, ടൂറിസം ഡിഡി പ്രദീപ് ചന്ദ്രന്‍, സംസ്ഥാന യുവജന കമ്മീഷന്‍ അംഗം പി സി ഷൈജു, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ടി നിഖില്‍ ദാസ്, കമ്മിറ്റി കണ്‍വീനര്‍ ശ്രീപ്രസാദ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കേരള ആര്‍ട്സ് ക്രാഫ്റ്റ് വില്ലേജിന്റെയും നേതൃത്വത്തില്‍
ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെയാണ് ഓണാഘോഷം. പൂക്കളമത്സരത്തോടെയാണ് മാവേലിക്കസിന് തുടക്കമാവുക. തുടര്‍ന്ന് ഏഴ് ദിവസങ്ങളില്‍ കോഴിക്കോട് ബീച്ച്, ലുലുമാള്‍, ബട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗണ്‍ ഹാള്‍, ബേപ്പൂര്‍ ബീച്ച്, സര്‍ഗാലായ ക്രാഫ്റ്റ് വില്ലേജ് എന്നിവിടങ്ങളിലായി വ്യത്യസ്ത കലാപരിപാടികള്‍ അരങ്ങേറും. ഒമ്പത് വേദികളിലായി അമ്പതോളം കലാകാരരാണ് വിവിധ പരിപാടികള്‍ അവതരിപ്പിക്കുക. കൈത്തറി മേള, വ്യാപാരപ്രദര്‍ശനം, ഭക്ഷ്യമേള, പുസ്തകമേള എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടക്കും.