കാലിക്കറ്റ്‌ പ്രസ് ക്ലബ്ബിനെ വീഴ്ത്തി ഫോറസ്റ്റ് ഇലവൻ ചാമ്പ്യന്മാർ


കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരം ആവേശമായി. വാശിയേറിയ പോരാട്ടത്തിൽ  ഫോറസ്റ്റ് ഇലവൻ ചാമ്പ്യന്മാരായി.  ഫൈനലിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് കാലിക്കറ്റ്‌ പ്രസ് ക്ലബ്ബിനെയാണ് തോൽപ്പിച്ചത്.

ജില്ലാ തെരഞ്ഞെടുപ്പ് സ്വീപ് സെല്ലിൻ്റെ നേതൃത്വത്തിലാണ് സൗഹൃദ ഫുട്ബോൾ  മത്സരം സംഘടിപ്പിച്ചത്. ജില്ലാ കലക്ടറുടെയും സിറ്റി പൊലീസ് കമ്മീഷണറുടെയും ഉൾപ്പെടെ കലക്ടേഴ്സ് ഇലവൻ,
ഫോറസ്റ്റ് ഇലവൻ, കമ്മീഷണറേഴ്സ് ഇലവൻ, കാലിക്കറ്റ്‌ പ്രസ് ക്ലബ്ബ് ഇലവൻ എന്നീ നാല് ടീമുകളാണ് കോർപ്പറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പങ്കെടുത്തത്.

വാശിയേറിയ പോരാട്ടമാണ് ടീമുകൾ കാഴ്ചവച്ചത്. ബൂട്ടണിഞ്ഞ് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണ എന്നിവർക്ക് പുറമേ  സബ് കലക്ടർ ഹർഷിൽ ആർ മീണ, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരായ ആഷിഖ് അലി യു, ജോഷിൽ എം, പ്രസ്സ് ക്ലബ് ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മൈതാനത്തിറങ്ങി.

സൗഹൃദ ഫുട്ബോൾ മത്സരം  ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് കളക്ടർ പ്രതീക് ജെയ്ൻ അധ്യക്ഷത വഹിച്ചു.
സ്വീപ് അസിസ്റ്റൻറ് നോഡൽ ഓഫീസർ ഹനസ് വി സ്വാഗതവും ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഡോ. ശീതൾ ജി മോഹൻ നന്ദിയും പറഞ്ഞു.

മത്സരത്തിൽ ചാമ്പ്യന്മാരായ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ഇലവന് കാമറൂൺ ഫുട്ബോൾ താരം അമിനൗ ബൗബ സമ്മാനം നൽകി. പുതിയ വോട്ടർമാരും മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. സ്പോർട്സ് കൗൺസിലിന്റെയും നഗരത്തിലെ സ്വകാര്യസ്ഥാപനത്തിന്റെയും സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. ഇതിനോടനുബന്ധിച്ച് ഗവ. ലോ കോളേജ് വിദ്യാർത്ഥികളുടെ  ഫ്ലാഷ്മോബും അരങ്ങേറി.

സൗഹൃദ ഫുട്ബോളിൽ കലക്ടേഴ്‌സ് ഇലവനും കാലിക്കറ്റ് പ്രസ് ക്ലബ് ഇലവനും തമ്മിൽ നടന്ന മത്സരത്തിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ മുന്നേറ്റം

Leave a Reply

Your email address will not be published. Required fields are marked *