പ്രതിപക്ഷ സമരം ആരോഗ്യ മേഖല തകർക്കാൻ: എൽഡിഎഫ്

പൊതുജനാരോഗ്യ മേഖലയെ സംരക്ഷിക്കാൻ ജനങ്ങൾ രംഗത്തിറങ്ങണം


കോഴിക്കോട്: കേരളത്തിന്റെ ആരോഗ്യ മേഖലയെ തകർക്കാൻ ലക്ഷ്യം വെച്ചുള്ള സമരങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും  പ്രതിപക്ഷ സംഘടനകൾ നടത്തുന്ന സമരം സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനാണെന്നും എൽഡിഎഫ് കൺവീനർ ടി പി  രാമകൃഷ്ണൻ. പൊതുജനാരോഗ്യ മേഖലയെ സംരക്ഷിക്കാൻ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു.

കേരളത്തിന്റെ ആരോഗ്യരംഗം തകർന്നുവെന്ന് പ്രചരിപ്പിക്കാൻ ചില മാധ്യമങ്ങളുടെ സഹായത്തോടെ നീക്കം നടക്കുകയാണ്. കേരളത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്നാണ് ചില മാധ്യമങ്ങൾ സ്ഥാപിക്കുന്നത്. എന്താണ് യാഥാർത്ഥ്യമെന്ന്‌  പരിശോധിക്കാതെയാണ് ഇത്തരം മാധ്യമങ്ങൾ വാർത്തകൾ നൽകുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ഉയർന്ന നിലവാരത്തിലുള്ള ചികിത്സ മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ ലഭ്യമാകുമ്പോഴാണ് ഇത്തരം പ്രചാരണങ്ങൾ. 
കോട്ടയം മെഡിക്കൽ കോളജിലുണ്ടായ സംഭവം നിർഭാഗ്യകരമാണ്. മരിച്ച ബിന്ദുവിന്റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കും. ഇക്കാര്യത്തിൽ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും കാണാതെയാണ്‌ പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ അക്രമസമരങ്ങൾ നടക്കുന്നത്‌. ആംബുലൻസുകൾ തടയുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്യുന്നു.  മന്ത്രി വീണ ജോർജിനെ ആക്രമിക്കാനും ശ്രമം നടക്കുന്നു. ഇതൊന്നും കേരളത്തിന് അനുവദിക്കാൻ കഴിയില്ല. 
സർക്കാരിനെ അട്ടിമറിക്കുന്നതിനായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്‌ യുഡിഎഫ്‌ ശ്രമം. ഇതൊരു രാഷ്ട്രീയ പ്രശ്നമാക്കാനാണ് ശ്രമം. എന്നാൽ ഇത് ജനങ്ങളുടെ ജീവന്റെയും ആരോഗ്യത്തിന്റെയും വിഷയമാണ്. ആരോഗ്യരംഗത്തെ തകർക്കാനുള്ള നീക്കങ്ങളുണ്ടാവുമ്പോൾ അതിനെ സംരക്ഷിക്കാൻ നാടിന് വേണ്ടി ജനങ്ങൾ രംഗത്തിറങ്ങണം. ജനങ്ങൾക്കെതിരായ സമരമാണ് ഇപ്പോൾ നടക്കുന്നത്.

കോർപറേറ്റുകളെ സഹായിക്കാൻ

കേരളത്തിലെ ആരോഗ്യരംഗത്തിന്റെ വളർച്ചയിൽ സർക്കാർ ആശുപത്രികൾക്കൊപ്പം സ്വകാര്യ ആശുപത്രികൾക്കും വലിയ പങ്കുണ്ട്. എന്നാൽ ഈ രംഗത്തേക്ക് വൻകിട കോർപറേറ്റുകൾ കടന്നുവരികയാണ്. സംസ്ഥാനത്തെ പല വൻകിട സ്വകാര്യ ആശുപത്രികളുടെയും അമ്പത് ശതമാനത്തിലധികം ഷെയറുകൾ അമേരിക്കൻ കമ്പനികൾക്ക് ഉൾപ്പെടെ കൈമാറ്റം ചെയ്യപ്പെട്ടു കഴിഞ്ഞു. ഇതോടെ ഇവിടങ്ങളിലെ ചികിത്സാ ചെലവുകൾ വലിയ തോതിൽ വർധിക്കും. അഖിലേന്ത്യാ തലത്തിൽ ആരോഗ്യ രംഗത്തെ കോർപറേറ്റ് വൽക്കരണത്തിന്റെ ഭാഗമായാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് സാധാരണക്കാർക്ക് ആശ്രയം സർക്കാർ ആശുപത്രികൾ മാത്രമാണെന്നിരിക്കവെയാണ് അതിനെ തകർക്കാൻ സംഘടിത നീക്കമുണ്ടാവുന്നത്. കേരളത്തിലെ ആരോഗ്യ മേഖലയുടെ വളർച്ചയുടെ അടിസ്ഥാനം സർക്കാറിന്റെ ഇച്ഛാശക്തിയാണെന്നും ടി പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *