പരാതികൾ സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം

കോഴിക്കോട്: മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അസംബ്ലി നിയോജക മണ്ഡലങ്ങളില്‍ നേരിട്ടെത്തുന്ന നവകേരള സദസ്സുകളില്‍ പൊതുജനങ്ങളില്‍ നിന്നുള്ള പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് സംഘാടക സമിതി ജില്ലാ കണ്‍വീനര്‍ കൂടിയായ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. പ്രധാന വേദിയില്‍ നിന്ന് മാറി പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ ഇതിനായി കൗണ്ടറുകള്‍ സ്ഥാപിക്കും. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്‍മാര്‍, വിഭിന്ന ശേഷിയുള്ളവര്‍ എന്നിവര്‍ക്കായി പ്രത്യേക സംവിധാനം ഒരുക്കും.

നവകേരള സദസ്സില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് തന്നെ പരാതികള്‍ സ്വീകരിച്ചു തുടങ്ങും. മുഴുവന്‍ പരാതികളും സ്വീകരിച്ച ശേഷം മാത്രമേ കൗണ്ടറുകള്‍ അടയ്ക്കൂ. പരാതിക്കാരന്റെ പേരും പൂര്‍ണമായ വിലാസവും മൊബൈല്‍ നമ്പറും ചേര്‍ക്കാന്‍ പരാതിക്കാര്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ അറിയിച്ചു. ഇ-മെയില്‍ വിലാസം ഉണ്ടെങ്കില്‍ അതും രേഖപ്പെടുത്തണം.

പരാതികള്‍ സ്വീകരിച്ച് കൗണ്ടറുകളില്‍ നിന്ന് തന്നെ കൈപ്പറ്റ് രസീത് നല്‍കും. പരാതി ലഭിച്ച് രണ്ട് ദിവസത്തിനകം ബന്ധപ്പെട്ട വെബ് ആപ്ലിക്കേഷനില്‍ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കി ബന്ധപ്പെട്ട ജില്ലാതല വകുപ്പ് തലവന്‍മാര്‍ക്ക് പോര്‍ട്ടല്‍ വഴി കൈമാറും. ജില്ലാതല ഉദ്യോഗസ്ഥര്‍ പരാതി പരിശോധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയും പരാതിക്കാര്‍ക്ക് മറുപടി നല്‍കുകയും വേണം. കൂടുതല്‍ നടപടിക്രമങ്ങളും സമയവും ആവശ്യമുള്ള പരാതികളാണെങ്കില്‍ പരമാവധി നാലാഴ്ച സമയമെടുക്കാം. സംസ്ഥാന തലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയങ്ങളില്‍ 45 ദിവസത്തിനകം തീരുമാനം കൈക്കൊള്ളണമെന്നും കലക്ടര്‍ അറിയിച്ചു.