ഡിസംബറോടെ ദേശീയപാത വികസനം  യാഥാർഥ്യമാകും: മന്ത്രി

ഒള്ളൂർക്കടവ് പാലം നാടിന്‌ സമർപ്പിച്ചു

കോഴിക്കോട്:  ഡിസംബറോട് കൂടി ദേശീയപാത വികസനം യാഥാർഥ്യമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒള്ളൂർ കടവ് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പശ്ചാത്തല വികസനത്തിന്റെ എല്ലാ സാധ്യതകളും നടപ്പാക്കിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. 1200 കി. മീ മലയോര ഹൈവേ യുടെ വിവിധ റീച്ചുകൾ പൂർത്തിയാവുന്നു. തീരദേശ ഹൈവേയുടെ പ്രവൃത്തിയും പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.  കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ ആറു വരി   പാതക്ക്‌ വേണ്ടി ഭൂമി ഏറ്റെടുക്കലിന് 5550 കോടി സംസ്ഥാന സർക്കാർ ചെലവഴിച്ചു.  ദേശീയപാത ഭൂമി ഏറ്റെടുക്കലിനായി ഇത്രയും തുക ചെലവഴിച്ച ഏക സംസ്ഥാനം കേരളമാണെന്നും വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനവും മുഖ്യമന്ത്രിയുടെ ഏകോപനവും ദേശീയ പാതയുടെ പ്രവർത്തനത്തെ യാഥാർഥ്യമാക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു.

മൂന്നേകാൽ കൊല്ലത്തിനിടെ നൂറു പാലങ്ങൾ സർക്കാർ നിർമ്മിച്ചു. നിലവിൽ 130 ഓളം പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിച്ചു. അഞ്ചുവർഷം കൊണ്ട് നേടാൻ ഉദ്ദേശിച്ച നേട്ടമാണ് സർക്കാർ   ചെറിയ കാലയളനുള്ളിൽ തന്നെ കൈവരിച്ചത്. ഇനിയും 50 ഓളം പുതിയ പാലങ്ങൾ ഈ സർക്കാരിന്റെ കാലത്ത് തന്നെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

കെ എം സച്ചിൻദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു. കാനത്തിൽ ജമീല എംഎൽഎ  മുഖ്യാതിഥിയായി. മുൻ എംഎൽഎമാരായ പി വിശ്വൻ മാസ്റ്റർ, കെ ദാസന്‍, പുരുഷൻ കടലുണ്ടി എന്നിവർ വിശിഷ്ടാതിഥികളായി.

പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ സി എസ് അജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അജിത, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ, ഉള്ളിയേരി ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ് എൻ എം ബലരാമൻ മാസ്റ്റർ, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വേണു മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആലംകോട് സുരേഷ് ബാബു, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ടി എം കോയ, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മെമ്പർ ടി കെ ശിവൻ, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ കെ അബ്ദുൾ ഷുക്കൂർ, കൊയിലാണ്ടി കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ടി കെ സുമേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ ഉത്തരമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർ പികെ മിനി സ്വാഗതവും അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ വി ഷിനി നന്ദിയും പറഞ്ഞു.

ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി   വാദ്യഘോഷ അകമ്പടിയോടുകൂടിയ  വർണാഭമായ ഘോഷയാത്രയും നടന്നു. ഒള്ളൂർ ടൗണിൽ നിന്ന് ആരംഭിച്ച  ഘോഷയാത്രയിൽ നിരവധി പേർ അണിനിരന്നു.

ബാലുശേരി മണ്ഡലത്തിലെ ഉള്ള്യേരിയെയും കൊയിലാണ്ടി മണ്ഡലത്തിലെ ചെങ്ങോട്ടുകാവിനെയും ബന്ധിപ്പിക്കുന്നതാണ് ഒള്ളൂർക്കടവ് പാലം. 2009 ൽ ആണ് പാലത്തിനായുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുന്നത്. 8.50 കോടി രൂപയുടെ പദ്ധതിയാണ് തുടക്കത്തിൽ തയ്യാറാക്കിയത്. അകലാപ്പുഴ ദേശീയ ജലപാതയായി അംഗീകരിച്ചതോടെ പാലത്തിന്റെ രൂപരേഖയിലും മാറ്റം വരുത്തി. കെ എം സച്ചിൻദേവ് എംഎൽഎയുടെയും കാനത്തിൽ ജമീല എംഎൽഎയുടെയും നിരന്തരമായ ഇടപെടലിലൂടെ സ്ഥലമേറ്റെടുക്കലും നിർമാണ പ്രവൃത്തിയും വേഗത്തിലാക്കി. 18.99 കോടി രൂപ ചെലവഴിച്ചാണ് പാലം പണി പൂർത്തീകരിച്ചത്.

പാലത്തിന്റെ മധ്യഭാഗത്ത് 55 മീറ്റർ നീളത്തിലും ജലോപരിതലത്തിൽ നിന്ന് ആറ് മീറ്റർ ഉയരത്തിലുമായി ആർച്ചുൾപ്പെടെ പത്ത് സ്‌പാനുകളിലായി 250.06 മീറ്റർ നീളത്തിലാണ് നിർമിച്ചത്. ഇരുവശത്തും  ഫുട്‌പാത്തും  ഗ്യാരേജുമുൾപ്പെടെ 12 മീറ്റർ വീതിയിൽ ബോസ്‌മിങ്സ്‌പാനും 11 മീറ്ററിൽ മറ്റു സ്‌പാനുകളും അപ്രോച്ചും നിർമിച്ചിട്ടുണ്ട്. പാലത്തിനിരുവശത്തും സമീപറോഡും നിർമിച്ചിട്ടുണ്ട്. ഉള്ളിയേരി, ബാലുശ്ശേരി നിവാസികൾക്ക്  കൊയിലാണ്ടി നഗരത്തിലെ തിരക്കിൽപ്പെടാതെ ഒള്ളൂർ കടവ് പാലത്തിലൂടെ ഇനി എളുപ്പത്തിൽ കാപ്പാട് ബീച്ചിലും എത്താം.