ലോട്ടറി തൊഴിലാളികൾ ആദായനികുതി ഓഫീസ് മാർച്ച് നടത്തി

കോഴിക്കോട്: കേരള ലോട്ടറിയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് ലോട്ടറി തൊഴിലാളികളും ഏജന്റുമാരും മാര്‍ച്ച് നടത്തി. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുള്ള ഭാഗ്യക്കുറി സംരക്ഷണ സമിതി ആഭിമുഖ്യത്തിലായിരുന്നു മാർച്ചും ധർണയും സംഘടിപ്പിച്ചത്. മുതലക്കുളത്ത് നിന്നാരംഭിച്ച മാർച്ചില്‍ നിരവധി പേര്‍ പങ്കെടുത്തു.

ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ (എഐടിയുസി) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി എം ജമാൽ ഉദ്ഘാടനം ചെയ്തു. എ സി തോമസ് (ഐഎൻടിയുസി) അധ്യക്ഷത വഹിച്ചു. സി സി രതിഷ് (സിഐടിയു) സ്വാഗതം പറഞ്ഞു. വി കെ മോഹൻദാസ് (സിഐടിയു), ഷാജു പൊൻപാറ (ഐഎൻടിയുസി), നസുറുദ്ധീൻ (വിവിഎസ് – കെഎൽഎ), ബി കെ ബാലകൃഷ്ണൻ (സിഐടിയു), വിനയകൃഷ്ണൻ (വ്യാപാരി സമിതി), കബീർ സലാല (എച്ച്എംഎസ്), പി കെ മുഹമ്മദ് (എഐടിയുസി) എന്നിവർ സംസാരിച്ചു.

2017ൽ ജിഎസ്‌ടി ആരംഭിച്ചതുമുതൽ 12 ശതമാനമായിരുന്നു നികുതി. എന്നാൽ 2020 ആകുമ്പോൾ ഇത് 28 ശതമാനമായി. ഇപ്പോൾ 40 ശതമാനമാക്കി വർദ്ധിപ്പിച്ചിരിക്കുകയാണ്.  ഈ തീരുമാനം തൊഴിലാളികളുടെ വരുമാനത്തെ സാരമായി ബാധിക്കുകയും ഭിന്നശേഷിക്കാരും പ്രായമായവരും രോഗികളുമായ രണ്ടു ലക്ഷത്തോളം പേരുടെ ഉപജീവനമാർഗം ഇല്ലാതാക്കുകയുമാണ്. ക്ഷേമനിധി ബോർഡ് നടപ്പാക്കുന്ന പെൻഷൻ, ബോണസ് ചികിത്സ ധനസഹായം, മരണാനന്തര കുടുംബസഹായം, വിദ്യാഭ്യാസ ധനസഹായം, പ്രസവ ധനസഹായം, ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹനങ്ങൾ എന്നീ ആനുകൂല്യങ്ങളുടെ വിതരണത്തെയും നികുതി വർദ്ധന പ്രതികൂലമായി ബാധിക്കുകയാണ്. ലോട്ടറിയിലെ വരുമാനം ഉപയോഗിച്ചുള്ള കാരുണ്യ ചികിത്സ പദ്ധതിയേയും ഇത് തകരാറിലാക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ വ്യക്തമാക്കി.