യുഎൽ സൈബർ പാർക്കിൽ ടെക്കികളുടെ കൊയ്ത്തുത്സവം

കോഴിക്കോട്: ഐടിയിൽ മാത്രമല്ല കൃഷിയിലും മികവ് തെളിയിച്ച് ടെക്കികൾ. യുഎൽ സൈബർപാർക് വളപ്പിലാണ് കൊയ്ത്തുത്സവം നടത്തി ഐടി പ്രൊഫഷണലുകൾ കൈയടി നേടിയത്. ഐടി പ്രൊഫഷണലുകളും പാർക്ക് ജീവനക്കാരും നടത്തുന്ന നെൽകൃഷിയുടെ കൊയ്ത്തുത്സവം യുഎൽ ടെക്നോളജി സൊല്യൂഷൻസ് സിഇഒ മുരളി ഗോപാലൻ ഉദ്ഘാടനം ചെയ്തു.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, ഡയറക്ടർ ടി ടിഷിജിൻ, ക്യൂബഴ്സ്റ്റ് (Qburst) ടെക്നോളജീസ് സീനിയർ മാനേജർ കിരൺ രാജൻ തുടങ്ങിയവർ കൊയ്ത്തിനു നേതൃത്വം നല്കി.
മഴവെള്ളം സംഭരിച്ചാണ് കൃഷി. ഇതിനായി യുഎൽ സൈബർപാർക്കിൽ ഏഴരലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണി നിർമ്മിച്ചിട്ടുണ്ട്. പാർക്കിലെ തോട്ടം പരിപാലിക്കുന്ന ജീവനക്കാർക്കാണ് കൃഷിയുടെ നേതൃത്വം.

ജോലിക്കിടെ മനസ്സ് കുളിർപ്പിക്കാൻ ജാലകത്തിനപ്പുറം പച്ചപ്പും കൃഷിയും എന്നതിനപ്പുറം, പണിചെയ്തു മടുക്കുമ്പോൾ സ്വന്തം കൃഷിക്കിടയിലൂടെ ഒന്നു ചുറ്റിയടിച്ചുവരാനുള്ള അവസരവും ഇത് ഒരുക്കുന്നു. ഫലവൃക്ഷങ്ങൾ നിറഞ്ഞ വളപ്പ് ടെക്കികൾക്കിരുന്നു ജോലി ചെയ്യാൻ പാകത്തിൽ ഇരിപ്പിടങ്ങളും വൈഫൈ സൗകര്യവും മറ്റും ഒരുക്കി വികസിപ്പിക്കാനും അധികൃതർക്ക് പരിപാടിയുണ്ട്.

പാർക്കുകെട്ടിടത്തോടു ചേർന്ന 70 സെന്റിലെ നെല്ലാണ് സ്ത്രീകളടക്കമുള്ള ടെക്കികൾ കൊയ്തത്. നെല്ലു കൂടാതെ പച്ചക്കറികളും പഴവർഗങ്ങളും പാർക്കിൽ കൃഷി ചെയ്യുന്നുണ്ട്. ഐ ടി പ്രൊഫഷണലുകളുടെ തൊഴിൽ-മാനസിക സമ്മർദ്ദങ്ങളെപ്പറ്റി വ്യാപകമായ ആകുലതകൾ ഉയരുന്ന ഇക്കാലത്ത് സൈബർപാർക്കിൽ ജോലിചെയ്യുന്നവരുടെ മാനസികോല്ലാസം‌കൂടി ലക്ഷ്യമിട്ടാണ് പാർക്കിന്റെ വിശാലമായ വളപ്പിൽ വിവിധ വിളകൾ കൃഷി ചെയ്യുന്നത്.
ഊരാളുങ്കൽ സൊസൈറ്റിയുടെ എല്ലാ പ്രോജക്ട് സൈറ്റുകളിലും സ്ഥാപനങ്ങളിലും കൃഷി പ്രോത്സാഹിപ്പിക്കുക എന്നത് സംഘത്തിന്റെ നയമാണ്. അത്യുൽപ്പാദനശേഷിയും ഔഷധഗുണങ്ങളും ഉള്ള രക്തശാലിഎന്ന ഇനം നെല്ലാണ് കൃഷി ചെയ്തത്. വളരെ കുറച്ചു വെള്ളം മതിയാകും എന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആസൂത്രിത ജലവിനിയോഗത്തിന്റെയും ഇക്കാലത്ത് ഈ വിത്തിനത്തിനു പ്രാധാന്യം കൂട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *