സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശം -മുഖ്യമന്ത്രി

വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കോഴിക്കോട്: സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓഫീസുകള്‍ കയറിയിറങ്ങാതെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാനാണ് കെ സ്മാര്‍ട്ട് പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതെന്നും അതിന്റെ ലക്ഷ്യത്തെ  പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ജീവനക്കാര്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സേവനങ്ങള്‍ ജനങ്ങളുടെ അവകാശവും ജീവനക്കാരും ഉദ്യോഗസ്ഥരുമെല്ലാം ജനങ്ങളുടെ സേവകരുമാണ്. ഈ ബോധ്യം എല്ലാവര്‍ക്കുമുണ്ടാകണം. സത്യസന്ധതയോടെയും ആത്മാര്‍ഥതയോടെയും ജോലിചെയ്യുന്ന ജീവനക്കാരെ എല്ലാ നിലക്കും സംരക്ഷിക്കും. എന്നാല്‍, അഴിമതിക്കാരോട് വിട്ടുവീഴ്ചയുണ്ടാകില്ല. വ്യാവസായിക മുന്നേറ്റം, മാലിന്യ നിര്‍മാര്‍ജനം, പാലിയേറ്റീവ് കെയര്‍, ജൈവ വൈവിധ്യ സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ കെ കെ രമ, കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, ഷാഫി പറമ്പില്‍ എംപി, മുന്‍ മന്ത്രി സി കെ നാണു, മുനിസിപ്പല്‍ ചെയര്‍മാന്‍ ചേംബര്‍ അധ്യക്ഷന്‍ എം കൃഷ്ണദാസ്, വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു, വൈസ് ചെയര്‍മാന്‍ പി കെ സതീശന്‍ മാസ്റ്റര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ രാജിത പതേരി, പി സജീവ് കുമാര്‍, എ പി പ്രജിത, എം ബിജു, സിന്ധു പ്രേമന്‍, കൗണ്‍സിലര്‍ എ പ്രേമകുമാരി, നഗരസഭ സെക്രട്ടറി ഡി വി സനല്‍കുമാര്‍, നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു. എല്‍എസ്ജിഡി ചീഫ് എഞ്ചിനീയര്‍ കെ ജി സന്ദീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

15 കോടി രൂപ ചെലവില്‍ നാലു നിലകളിലായി നിര്‍മിച്ച കെട്ടിടത്തില്‍ നഗരസഭ ഓഫീസ്, കൗണ്‍സില്‍ ഹാള്‍, ലിഫ്റ്റുകള്‍, അഗ്‌നി നിയന്ത്രണ സംവിധാനം, പാര്‍ക്കിങ് സൗകര്യം, വിവിധ വകുപ്പുകള്‍ക്ക് പ്രത്യേകം മുറികള്‍ തുടങ്ങിയ സൗകര്യങ്ങളാണുള്ളത്. ഹരിത, നെറ്റ് കാര്‍ബണ്‍ മാനദണ്ഡം പാലിച്ചാണ് കെട്ടിടം പരിപാലിക്കുക.