രാമനാട്ടുകരയിൽ വീണ്ടും ലഹരിവേട്ട

ഗുഡ്സ് ഓട്ടോയിൽ വിൽപനക്കായി കൊണ്ടു വന്ന നാല് കിലോ കഞ്ചാവുമായി  മലപ്പുറം സ്വദേശി പിടിയിൽ

കോഴിക്കോട്: രാമനാട്ടുകര ഭാഗത്ത്  വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ. മലപ്പുറം  കൊളത്തൂർ പടപറമ്പ് കപോടത്ത് ഹൗസിൽ കെ മുനീറി(34) നെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ഫറോക്ക് എസ് ഐ ആർ എസ് വിനയൻ്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്ന് പിടികൂടിയത്.

ഫറോക്ക്, രാമനാട്ടുകര ഭാഗങ്ങൾ കേന്ദ്രീകരിച്ച് യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിൽ ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മലപ്പുറം ഭാഗത്തു നിന്നും ഗുഡ്സ് ഓട്ടോയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവ് പിടികൂടിയത്. വിപണിയിൽ ഗ്രീൻസ് എന്ന പേരിൽ അറിയപ്പെടുന്ന രണ്ട് ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം 105 ഗ്രാം എംഡിഎംഎയുമായി ബിബിഎ വിദ്യാർത്ഥി മലപ്പുറം സ്വദേശി ശ്രാവൺ സാഗറിനെ രാമാനാട്ടുകര ഫ്ലൈ ഓവറിനു താഴെ വച്ച് പിടികൂടിയിരുന്നു.

ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായി കോഴിക്കോട് സിറ്റിയിലെ ബസ് സ്റ്റാൻ്റുകൾ, വിദ്യാലയ ങ്ങളുടെ പരിസരം, റെയിൽവെ സ്റ്റേഷൻ പരിസരം, അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, ലോഡ്ജുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കോഴിക്കോട് സിറ്റി ഡാൻസാഫിൻ്റെ നിരീക്ഷണം ഉണ്ടാകുമെന്നും  ലഹരിമരുന്ന് ഉപയോഗിക്കുന്നവരെയും , വിൽപനക്കാരെയും പിടികൂടുമെന്നും നാർക്കോട്ടിക്ക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ കെ എ ബോസ് പറഞ്ഞു.

ഡാൻസാഫ് എസ്ഐ മാരായ മനോജ്‌ ഇടയേടത്ത്,  അബ്ദുറഹ്മാൻ കെ, എഎസ്ഐ അനീഷ് മൂസേൻവീട്, അഖിലേഷ് കെ, ശ്രീശാന്ത് എൻ കെ , അഭിജിത്ത് പി, അതുൽ ഇ വി, ഫറോക്ക് സ്റ്റേഷനിലെ  സനൂപ്, സുമേഷ്, ശന്തനു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

പിടിയിലായ മുനീർ