തെരഞ്ഞെടുപ്പ്‌ ഗാനങ്ങൾ പുറത്തിറക്കി

കോഴിക്കോട്‌: എൽഡിഎഫ്‌ കോഴിക്കോട്‌ ലോക്‌സഭ മണ്ഡലം സ്ഥാനാർഥി എളമരം കരീമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങൾ ഗായകൻ വി ടി മുരളി പ്രകാശനം ചെയ്‌തു. ‘കരീം വരും’ പേരിട്ട ഗാനങ്ങൾ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ വിൽസൺ സാമുവൽ ഏറ്റുവാങ്ങി. കേരളത്തിന്റെ പോരാട്ട ചരിത്രത്തിൽ പാട്ടുകൾക്ക്‌ വലിയ സ്ഥാനമാണുള്ളതെന്ന്‌ വി ടി മുരളി പറഞ്ഞു. ലളിതഗാന ശാഖ കേരളത്തിലെ കമ്മ്യൂണിസ്‌റ്റുകാരുടെ സംഭാവനയാണെന്ന്‌ പി ഭാസ്‌കരൻ പറഞ്ഞിട്ടുണ്ട്‌. ലളിതമായി ആശയങ്ങൾ പാട്ടിലൂടെ ജനങ്ങളിലെത്തിക്കാനാണ്‌ ലളിതഗാനങ്ങൾ ആവിഷ്‌കരിച്ചത്‌. രാഷ്‌ട്രീയവും പാട്ടും ഇഴചേർന്ന്‌ നിൽക്കുന്ന പാട്ടു ചരിത്രമാണ്‌ കേരളത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഒ പി സുരേഷ്‌, ജിനേഷ് കുമാർ എരമം, നിഷാന്ത് കൊടമന, രാജീവ് പെരുമൺപുറ, ജയൻ കടലുണ്ടി, പി സലീം രാജ്, സതീഷ്‌ കെ സതീഷ്‌ എന്നിവരാണ്‌ ഗാനങ്ങൾ രചിച്ചത്‌. പിന്നണി ഗായകരായ അരുൺ കുമാർ, അജയ് കുമാർ, സിനോജ് രാജ്, രതീഷ് മേപ്പയൂർ, ആരതി അജയ് കുമാർ, ആതിര റെഗിലേഷ് തുടങ്ങിയവർ ആലപിച്ച ഗാനങ്ങൾ ബിജു യൂനിറ്റിയാണ് ചിട്ടപ്പെടുത്തിയത്‌. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയാണ്‌ സിഡി തയ്യാറാക്കിയത്‌.

പ്രകാശന ചടങ്ങിൽ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയർമാൻ കെ കെ ബാലൻ അധ്യക്ഷനായി. ജനറൽ കൺവീനർ എ പ്രദീപ്‌ കുമാർ, എം മെഹബൂബ്‌, എൻ സി മോയിൻകുട്ടി, എം പി സൂര്യനാരായണൻ, കെ കെ അബ്ദുള്ള, മുസ്‌തഫ എന്നിവർ സംസാരിച്ചു. എ കെ രമേഷ്‌ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *