യു കലാനാഥൻ അന്തരിച്ചു

കോഴിക്കോട്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് യു കലാനാഥൻ (84) അന്തരിച്ചു.  മൃതദേഹം ഇന്ന് ഉച്ചവരെ വള്ളിക്കുന്ന് കച്ചേരിക്കുന്നിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിന് കൈമാറും.

ജീവിതരേഖ

1940 ൽ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് വില്ലേജിൽ ഉള്ളിശ്ശേരി തെയ്യൻ വൈദ്യരുടെയും യു കോച്ചിഅമ്മയുടെയും മകനായി ജനനം.
വള്ളിക്കുന്ന് നേറ്റീവ് എ.യു.പി.സ്കൂൾ, ഫറോക്ക് ഗവ. ഗണപത് ഹൈസ്കൂൾ, ഫാറൂഖ് കോളേജ്, ഫാറൂഖ് ബി.എഡ്. ട്രെയിനിംഗ് കോളേജ് എന്നിവടങ്ങളിൽ പഠനം. കേരള സ്റ്റുഡൻ്റ് ഫെഡറേഷൻ  പ്രവർത്തകൻ. ഗണപത് ഹൈസ്കൂൾ ലീഡർ.1960 മുതൽ സി.പി.ഐ, സി.പി.ഐ.(എം) പ്രസ്ഥാനങ്ങളോടൊപ്പം. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പാർട്ടി ക്ലാസ്സുകൾ നയിച്ചു.1965 ൽ മുതൽ ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്കൂളിലെ ശാസ്ത്രാദ്ധ്യാപകൻ.
1968ൽ സി.പി.ഐ (എം) മെമ്പർ.1970 മുതൽ 1984 വരെ സി.പി.ഐ.(എം) വള്ളിക്കുന്ന് ലോക്കൽ കമ്മിറ്റി അംഗം.
കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ലാഓർഗനൈസിംഗ് സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ റാഷനലിസ്റ്റ് അസോസിയേഷൻ ദേശീയ സെക്രട്ടറി.
ഗുരുവായൂരിൽ കൊടിമരം സ്വർണം പൂശുന്നതിനെതിരെ 1977 ൽ കേരള യുക്തിവാദി സംഘം നടത്തിയ സമരത്തിന് നേതൃത്വം. സമരം കയ്യേറിയ ആർ.എസ്.എസുകാരുടെ മർദ്ദനം ഏറ്റു.
1981ൽ ശബരിമലയിൽ മകരവിളക്ക് മനുഷ്യൻ കത്തിക്കുന്നതാണന്ന് തെളിയിക്കാനും 1989 ൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ കോഴി ബലി അവസാനിപ്പിക്കുന്നതിനുവേണ്ടിയും നിയമനടപടികൾ സ്വീകരിച്ചു.വിജയം കൈവരിച്ചു.
1979 മുതൽ 84 വരെയും 1995 മുതൽ 2000 വരെയും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്.2000 മുതൽ 2005 വരെ പഞ്ചായത്ത് മെമ്പർ.
ജനകീയാസൂത്രണ പദ്ധതി കാലത്ത് ഏറ്റവും നല്ല ഗ്രാമ പഞ്ചായത്തിനുള്ള ആദ്യത്തെ സ്വരാജ് സംസ്ഥാന അവാർഡ്, ഏറ്റവും നല്ല ഊർജസംരക്ഷണ പൊജക്ടിനുള്ള അവാർഡ്, ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനുള്ള ഭാരത് സേവക് അവാർഡ്, സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം. എൻ.സി.മമ്മുട്ടി മാസ്റ്റർ അവാർഡ്, യുക്തിവിചാരം അവാർഡ്,വി.ടി. മെമ്മോറിയൽ അവാർഡ്, ഡോ.രാഹുലൻ മെമ്മോറിയൽ അവാർഡ്, മുത്തഖി അവാർഡ് എന്നിവയും അദ്ദേഹത്തെ തേടിയെത്തി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം, തിരൂരങ്ങാടി ബ്ലോക്ക് വികസനസമിതി വൈസ് ചെയർമാൻ, പരപ്പനങ്ങാടി എ.കെ.ജി. ഹോസ്പിറ്റൽ ഡയറക്ടർ, കടലുണ്ടി – വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വ് മാനേജ്മെൻ്റ് കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യസംഘം കോഴിക്കോട് ജില്ലാഎക്സിക്യൂട്ടീവ് അംഗം. ദേശാഭിമാനി സ്റ്റഡി സർക്കിൾ, ശാസ്ത്രസാഹിത്യ പരിഷത്ത്, പ്രോഗ്രസീവ് ഫോറം എന്നീ സംഘടനകളിൽ പ്രവർത്തനം.
ആത്മാവ് സങ്കല്പമോ യാഥാർത്ഥ്യമോ  ജ്യോത്സ്യം ശാസ്ത്രമോ ശാസ്ത്രാഭാസമോ, മതം സാമൂഹ്യ പുരോഗതിയുടെ ശത്രു, ഇസ്ലാം മതവും യുക്തിവാദവും, ജീവ പരിണാമം, മതനിരപേക്ഷതയും ഏകസിവിൽകോഡും എന്നീ കൃതികൾ.
കോവൂർ ട്രസ്റ്റ് പ്രസിദ്ധീകരിച്ച യുക്തിദർശനത്തിൻ്റേയും യുക്തിരേഖയുടെയും ചീഫ് എഡിറ്റർ.നിരവധി പ്രബന്ധങ്ങൾ രചിച്ചു.1995 ൽ അദ്ധ്യാപക ജോലിയിൽ നിന്ന് വളണ്ടറി റിട്ടയർമെൻ്റ് എടുത്തു.
സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം കണ്ണൂർ പെരളശ്ശേരി സ്വദേശിയായ എം.കെ. ശോഭനയെ ജീവിത പങ്കാളിയാക്കി.
ഷമീറാണ് ഏക മകൻ.
മരണാനന്തരം ശരീരവും കണ്ണും കോഴിക്കോട് മെഡിക്കൽ കോളേജിന് ദാനം ചെയ്യാൻ എഴുതിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *