കോഴിക്കോട്: എറണാകുളം ജില്ലയിലെ മികച്ച അടിസ്ഥാനസൗകര്യവികസന പരിപാടിയുടെ നിർവഹണത്തിന് ഊരാളുങ്കൽ സൊസൈറ്റിക്ക് പുരസ്കാരം. ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് (ഐസിഐ) കൊച്ചി കേന്ദ്രവും അൾട്രാടെക് സിമന്റ് ലിമിറ്റഡും ചേർന്ന് നിർമ്മാണമേഖലയിലെ മികവിനു നല്കുന്ന 2023-ലെ അവാർഡിന് ഊരാളുങ്കൽ സൊസൈറ്റി നിർമ്മിക്കുന്ന ചെല്ലാനം തീരസംരക്ഷണപദ്ധതി അർഹമായി. പ്രധാന ഇനമായ ‘വേറിട്ടുനില്ക്കുന്ന അടിസ്ഥാനസൗകര്യപദ്ധതി’ (Outstanding Infrastructure Project) വിഭാഗത്തിലാണ് അവാർഡ്.
ഈ പദ്ധതിയുടെ ഡിസൈൻ തയ്യാറാക്കിയ എൻസിസിആറിനും പദ്ധതി നടപ്പാക്കുന്ന ജലസേചനവകുപ്പിനും പദ്ധതിയുടെ ചുമതലയുള്ള ഉപസ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനും അവാർഡുണ്ട്.
സൊസൈറ്റിക്കുവേണ്ടി ഡയറക്ടർ എം പദ്മനാഭൻ, പ്രൊജക്ട് മാനേജർ നിറ്റിൻ ഇ ബെർണാഡ്, ലീഡർ ആർ കെ രേബിൻ, എൻജിനീയർ സി എം ശരത്ത്, ജലസേചനവകുപ്പിനുവേണ്ടി എക്സിക്യൂട്ടീവ് എൻജിനീയർ ടി സന്ധ്യ എന്നിവർ ഐസിഐ കൊച്ചി കേന്ദ്രം വൈസ് ചെയർമാൻ വൈസ് ചെയർമാൻ ഡോ. എൽസൺ ജോണിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. ഐസിഐ കൊച്ചി ചെയർമാൻ അനിൽ ജോസഫ്, അൾട്രാ ടെക് പ്രതിനിധി സജിത് ഭാസ്കർ തുടങ്ങിയവർ സംബന്ധിച്ചു.
കാലത്തെ അതിജീവിക്കാനുള്ള നിർമ്മാണത്തിന്റെ കഴിവ്, സുസ്ഥിരത, കാർബൺ ഫൂട് പ്രിന്റ് കുറയ്ക്കൽ, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തൽ തുടങ്ങിയ തുടങ്ങിയ സവിശേഷതകളുള്ള പദ്ധതിയാണ് ടെട്രാപോഡ് ഉപയോഗിച്ചു നടത്തുന്ന കടൽബിത്തിനിർമ്മാനവും അനുബന്ധസൗകര്യവികസനവും.
ചെല്ലാനം പദ്ധതിക്ക് ഊരാളുങ്കലിന് അവാർഡ്

