കോഴിക്കോട്: ഇത്തവണയും റിപ്പബ്ലിക് ദിനം ജില്ലയിൽ സമുചിതമായി ആഘോഷിക്കും. റിപ്പബ്ലിക്ക് ദിനാഘോഷ പരേഡിൽ 32 പ്ലാറ്റൂണുകൾ പങ്കെടുക്കും. പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
പൊലീസ്, എക്സൈസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന, എൻ.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്കൗട്ട്, ഗൈഡ്സ്, സ്കൂൾ ബാൻഡ് അടക്കമുള്ള പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരക്കുക.
പരേഡിന് മുന്നോടിയായി ജനുവരി 22നും 23നും റിഹേഴ്സല്‍ പരേഡ് നടത്തും. ജനുവരി 24 ന് അന്തിമ ഡ്രസ് റിഹേഴ്സൽ നടക്കും. റിപ്പബ്ലിക്ക് ദിനാഘോഷം, പരേഡ് തുടങ്ങിയവയുടെ പ്രാഥമിക ഒരുക്കങ്ങള്‍ക്ക് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
യോഗത്തിൽ എ.ഡി.എം സി മുഹമ്മദ് റഫീഖ്, എ.സി.പി എ ഉമേഷ്, തഹസിൽദാർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

