ഫാറൂഖ് കോളേജ് ജംഗ്ഷനില്‍ നവീകരണം പൂർത്തിയായി

ഫാറൂഖ് കോളേജ് ജംഗ്ഷനില്‍ നവീകരണം പൂർത്തിയായകോഴിക്കോട്: ഫാറൂഖ് കോളേജ് ജംഗ്ഷനിൽ പൂര്‍ത്തീകരിച്ച നവീകരണ പ്രവൃത്തികള്‍ പൊതുമരാമത്ത്- ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ബേപ്പൂര്‍ നിയോജകമണ്ഡലത്തില്‍ ഫാറൂഖ് കോളേജ് ജംഗ്ഷന്‍ റോഡ് നവീകരണം, യത്തീംഖാന റോഡ്, ഡ്രെയിനേജ് പ്രവൃത്തി, വൈദ്യുതവിളക്കുകള്‍ സ്ഥാപിക്കല്‍ എന്നിവയ്ക്ക് 76.30 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയതെന്ന് മന്ത്രി പറഞ്ഞു.

ഈ പ്രവൃത്തികളുടെ ഭാഗമായി കോളേജ് ഗേറ്റിനു മുന്‍വശം 130 ഓളം മീറ്റര്‍ ഡ്രൈനേജ് നിര്‍മ്മിച്ച് മുകളില്‍ ഫുട് പാത്തും ഇന്റര്‍ലോക്ക് ടൈലുകളും വിരിച്ചിട്ടുണ്ട്. ഇത് കോളേജിലെ കുട്ടികള്‍ക്ക് നടക്കുന്നതിനു വേണ്ടിയാണ്. കുട്ടികളുടെ നടത്തത്തിന് തടസ്സമാകുന്നത് ഒന്നും ഫുട് പാത്തില്‍ ഉണ്ടാകാന്‍ പാടില്ല എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഫുട്പാത്തില്‍ കാഴ്ച പരിമിതിയുള്ള സഹോദരി സഹോദരന്മാര്‍ക്കുള്ള പ്രത്യേക മാര്‍ക്കിങ് ടൈലുകള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ റോഡിന് ഇരുവശവും ഷോള്‍ഡറുകളും ഇന്റര്‍ലോക്ക് ടൈലുകളും സ്ഥാപിച്ചിട്ടുണ്ട്. ഡ്രയിനേജ് മെച്ചപ്പെടുത്തിയതിന്റെ ഭാഗമായി വെള്ളക്കെട്ട് പരിഹരിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

യത്തീംഖാന റോഡിലൂടെ 270 മീറ്റര്‍ ആര്‍സിസി ഡ്രെയിനേജ് കവറിങ് സ്ലാബോടുകൂടി സ്ഥാപിച്ചിട്ടുണ്ട്. വീതി കുറഞ്ഞ ഈ റോഡില്‍ ഗതാഗതക്കുരുക്കും മറ്റ് തടസ്സങ്ങളും ഉണ്ടാകാതെയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത് എന്നും മന്ത്രി ഓര്‍മിപ്പിച്ചു.17 അലങ്കാര വിളക്കുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. വൈദ്യുത വിതരണത്തിനായി ഭൂഗര്‍ഭ കേബിള്‍ സംവിധാനവും ഓട്ടോമാറ്റിക് ടൈമര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ കുട്ടികള്‍ക്ക് ഇരിക്കാനും ഇത് ഏറെ ഉപകാരപ്രദമാണ്. പാര്‍ക്കിങ്ങിന് സൗകര്യം കിട്ടുന്ന രീതിയിലാണ് റോഡിനി ഇരുവശവും ടൈലുകള്‍ വിരിച്ച് സൗകര്യം ഒരുക്കിയിട്ടുള്ളത്.

ജനപ്രതിനിധി എന്നതിനപ്പുറം പൂര്‍വ് വിദ്യാര്‍ത്ഥി എന്ന നിലയില്‍ ക്യാമ്പസിന്റെ വികസനവുമായി ബന്ധപ്പെട്ട സാധ്യമായതെല്ലാം ചെയ്യാമെന്നും മന്ത്രി പറഞ്ഞു.

ഫാറൂഖ് കോളേജ് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ രാമനാട്ടുകര നഗരസഭ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ റഫീഖ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ സുരേഷ് കുമാര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ അബ്ദുള്‍ ലത്തീഫ്, കൗണ്‍സിലര്‍മാരായ അബ്ദുല്‍ ഹമീദ്, ബീന പ്രഭ, ബേപ്പൂര്‍ ഡെവലപ്‌മെന്റ് മിഷന്‍ ഡയറക്ടര്‍ ടി രാധാഗോപി, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി ഹാഷിം, കെ സുധീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *