ക്ഷയരോഗ പരിശോധന ക്യാമ്പയിൻ; ജില്ലയിൽ 619 രോഗികളെ കണ്ടെത്തി

ക്ഷയരോഗ നിർമാർജന പരിപാടി ജില്ലാതല അവലോകന യോഗം ചേർന്നു

കോഴിക്കോട്: ജില്ലാതല ക്ഷയരോഗ നിർമാർജനത്തിന്റെ ഭാഗമായുള്ള 100 ദിന ക്യാമ്പയിനിൽ കോഴിക്കോട് ജില്ലയിൽ ഇതുവരെ 2,27,091 പേരിൽ ക്ഷയരോഗ പരിശോധന നടത്തിയതിൽ 619 രോഗികളെ കണ്ടെത്തി. 

കോഴിക്കോട് ജില്ലാതല ക്ഷയരോഗ നിർമാർജനത്തിന്റെയും എയിഡ്സ് രോഗപ്രതിരോധ, നിയന്ത്രണത്തിന്റെയും അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗം
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം സംസ്‌ഥാന സർക്കാർ നടപ്പാക്കുന്ന 100 ദിന കർമ പരിപാടിയുടെ ഭാഗമായി നടന്നുവരുന്ന ജില്ലാതല ക്ഷയരോഗ നിർണയ- ബോധവത്കരണ പരിപാടികളുടെ അവലോകനമാണ് നടത്തിയത്. കഴിഞ്ഞ ഡിസംബർ 7 നാണ് നൂറു ദിന പരിപാടി ജില്ലയിൽ ആരംഭിച്ചത്. മാർച്ച്‌ 24 ന് അവസാനിക്കും. ക്യാമ്പയിന്റെ ഭാഗമായി പരിശോധനകളും വിവിധങ്ങളായ അവബോധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ജില്ലാ ടിബി ഓഫീസറും എയ്ഡ്‌സ് കൺട്രോൾ ഓഫീസറുമായ ഡോ. കെ വി സ്വപ്‍ന വിവരങ്ങൾ വിശദീകരിച്ചു.

ക്ഷയ രോഗികൾക്കുള്ള ഐസൊലേഷൻ വാർഡുകൾ ജില്ലയിൽ തന്നെ സജ്ജീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും പോഷകാഹാരം ലഭ്യമാക്കാൻ രൂപീകരിച്ച നിക്ഷയ് മിത്ര പദ്ധതി സജീവമാക്കാൻ  തദ്ദേശസ്വയം ഭരണ സ്‌ഥാപനങ്ങളെ തയ്യാറാക്കാനും നിർമിതി ബുദ്ധി അടിസ്‌ഥാനമാക്കിയുള്ള എക്സ് റേ വാങ്ങുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊള്ളാനും ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ഹ്രസ്വ വീഡിയോ മത്സരം നടത്താനും യോഗത്തിൽ തീരുമാനിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ രാജേന്ദ്രൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി കെ ഷാജി,
ലോകാരോഗ്യ സംഘടന കൺസൾട്ടന്റ് ഡോ. അനൂപ് കുമാർ, ജില്ലാ പഞ്ചായത്ത്‌, സാമൂഹ്യ നീതി വകുപ്പ്, പട്ടിക വർഗ വികസന വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000