ഓണം ഹരിത സന്ദേശയാത്രക്ക് തുടക്കം
കോഴിക്കോട്: ഓണാഘോഷങ്ങള്‍ ഹരിതചട്ടം പാലിച്ച് നടത്തുന്നതിനുള്ള സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന് സംഘടിപ്പിക്കുന്ന ‘മാവേലി വൃത്തിയുടെ ചക്രവര്‍ത്തി’ ഹരിത സന്ദേശ യാത്രക്ക് തുടക്കമായി. നടുവണ്ണൂര്‍ ഗ്രീന്‍ പരാസിയോ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വി.ടി സൂരജ് എം.എല്‍.എ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി, വാര്‍ഡ് മെമ്പര്‍ സി.പി ഷാജി, ശുചിത്വ മിഷന് അസിസ്റ്റന്റ് കോഓഡിനേറ്റര്‍ സി.കെ സരിത്ത്, ജില്ലാ റിസോഴ്സ് പേഴ്സണ്‍ കെ.പി രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
മൂന്ന് ദിവസം നീളുന്ന സന്ദേശ യാത്ര ജില്ലയിലെ കോളേജുകള്‍, സ്കൂളുകള്‍, ഓണം വിപണന മേളകള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. ഓണാഘോഷങ്ങള്‍ പരിസ്ഥിതി സൗഹൃദമായി സംഘടിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഹരിതചട്ടത്തിന്റെ പ്രാധാന്യവും യാത്രയിലൂടെ ജനങ്ങളിലെത്തിക്കും. നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കുക, പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ പ്രോത്സാഹിപ്പിക്കുക, ഭക്ഷണ വിതരണത്തിന് സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കുക, ആഘോഷ വേദികളില്‍ മാലിന്യസംസ്കരണത്തിന് ശാസ്ത്രീയ സംവിധാനം ഒരുക്കുക തുടങ്ങിയ സന്ദേശങ്ങളാണ് യാത്രയിലൂടെ നല്‍കുന്നത്.