കോഴിക്കോട്: അസോസിയേഷൻ ഓഫ് സൈക്യാട്രിക് സോഷ്യൽ വർക് പ്രൊഫഷണൽസ്(APSWP) ദേശീയ സമ്മേളനം ഫെബ്രുവരി 7 മുതൽ 9 വരെ കോഴിക്കോട്ട് നടക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിലെ (IMHANS) സൈക്യാട്രിക് സോഷ്യൽ വർക്ക് വിഭാഗവും APSWPയും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. “എല്ലാവർക്കും മാനസികാരോഗ്യം – അതിരുകൾ മറികടക്കുക” എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. മാനസികാരോഗ്യ സേവനം, പരിശീലനം , ഗവേഷണം എന്നിങ്ങനെ വിപുലമായ മേഖലകളെ ഉൾക്കൊള്ളുന്ന ഉപപ്രമേയങ്ങളും സമ്മേളനത്തിൽ ഉണ്ടായിരിക്കും. മാനസികാരോഗ്യ മേഖലകളിലെ പ്രൊഫഷണലുകൾക്ക് അറിവ് പങ്കുവെക്കാനും വൈദഗ്ധ്യം മെച്ചപ്പെടുത്താനുമുള്ള വേദിയാണ് സമ്മേളനം.
ഫെബ്രുവരി 7, 8, 9 തീയതികളിൽ കോഴിക്കോട് ഇംഹാൻസിലാണ് ഒന്നാമത് ദേശീയ സമ്മേളനം. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 350 ൽ പരം മാനസികാരോഗ്യവിദഗ്ദരും വിദ്യാർത്ഥികളും പങ്കെടുക്കും.. 20 ഉപപ്രമേയങ്ങൾ ഉൾപ്പെടുന്ന കോൺഫറൻസിൽ മാനസികാരോഗ്യ മേഖലയുമായി ബന്ധപ്പെട്ടു വരുന്ന വെല്ലുവിളികളും പരിഹാരങ്ങളും ചർച്ച ചെയ്യുന്നു. 5 പ്രീ കോൺഫറൻസ് വർക്ക് ഷോപ്പുകൾ, 8 വർക്ക് ഷോപ്പുകൾ, 7 സിംബോസിയങ്ങൾ, 200 ഓളം പേപ്പർ പ്രസൻ്റേഷൻസ്, ഒരു കീനോട്ട് പേപ്പർ അവതരണം , ഒരു പ്ലീനറി പേപ്പർ അവതരണം എന്നിവ സമ്മേളനത്തിൽ ഉണ്ടായിരിക്കും. ഇന്ത്യൻ കൌൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ (ICSSR) സാമ്പത്തിക സഹായം ഈ സമ്മേളനത്തിന് ലഭിച്ചിട്ടുണ്ട്.
ഉദ്ഘാടന പരിപാടി 8 ന് രാവിലെ 10 ന് ഡോ. എസ് എൽ വയ (മെമ്പർ, നാഷണൽ കൗൺസിൽ ഫോർ അലൈഡ് ഹെൽത്ത് കെയർ പ്രൊഫെഷണൽസ്) ഉദ്ഘാടനം ചെയ്യും.
1982 ൽ കേരള സർക്കാരിന് കീഴിൽ സ്ഥാപിക്കപ്പെട്ട സ്വയംഭരണ സ്ഥാപനമായ ഇംഹാൻസ് (Institute of Mental Health and Neurosciences), ഇപ്പോൾ രാജ്യത്തെ മാനസികാരോഗ്യ മേഖലയിലെ മികവിന്റെ കേന്ദ്രങ്ങളിൽ ഒന്നും കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി (KUHS) അഫിലിയേറ്റ് ചെയ്‌ത അക്കാദമിക് സ്ഥാപനവുമാണ്. സൈക്യാട്രിക് സോഷ്യൽ വർക്ക്, ക്ലിനിക്കൽ സൈക്കോളജി, സൈക്യാട്രി, സൈക്യാട്രിക് നഴ്സിംഗ് എന്നീ വകുപ്പുകൾ പ്രധാനമായും ഇവിടെ പ്രവർത്തിച്ചുവരുന്നു. സൈക്യാട്രിക് സോഷ്യൽ വർക്ക്, ക്ലിനിക്കൽ സൈക്കോളജി എന്നിവയിൽ എം.ഫിൽ & പിഎച്ച്ഡി പ്രോഗ്രാമുകളും സൈക്യാട്രിക് നഴ്സിംഗിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ കോഴ്സും ഇവിടെ നടത്തിവരുന്നു. കുട്ടികളിലും കൗമാരക്കാരിലും ഉണ്ടാകുന്ന മാനസികവും വൈകാരികവുമായ പ്രശ്നങ്ങളെ മനസ്സിലാക്കുന്നതിനും ചികിത്സിക്കുന്നതിനുമായി വിവിധ മേഖലകളിലെ വിദഗ്ധർ ഉൾപ്പെടുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സർവീസ് (CDS) കേരളത്തിലെ മലബാർ മേഖലയിലെ ഒരു സവിശേഷ സ്ഥാപനമാണ്. അധ്യാപനം, പരിശീലനം, ഗവേഷണം, ക്ലിനിക്കൽ സേവനങ്ങൾ എന്നിവയിൽ കേരളത്തിലെ മാനസികാരോഗ്യ രംഗത്ത് ഇംഹാൻസിന് സ്വന്തമായൊരു മുദ്ര പതിപ്പിക്കാൻ ഇതിനുള്ളിൽ കഴിഞ്ഞിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ ഡോ. സീമ പി ഉത്തമം( കോൺഫറൻസ് ജനറൽ സെക്രട്ടറി & വൈസ് പ്രിൻസിപ്പൽ, ഇംഹാൻസ്, ഹെഡ്, സൈക്യാട്രിക് സോഷ്യൽ വർക്ക് വിഭാഗം) ഡോ. വിമൽകുമാർ എസ് വി( കോൺഫറൻസ് പബ്ലിസിറ്റി ഹെഡ്) ഡോ. ജി രാഗേഷ് (കോൺഫറൻസ് കൺവീനർ) രേഷ്മ ടി (കോൺഫറൻസ് ട്രഷറർ) എന്നിവർ പങ്കെടുത്തു.
സൈക്യാട്രിക് സോഷ്യൽ വർക് പ്രൊഫഷണൽസ് ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കം

