പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ വര്‍ധിക്കുന്നു; ചികിത്സ ലഭ്യമെന്ന് മലബാര്‍ കാന്‍സര്‍ സെന്റര്‍
തലശ്ശേരി: പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സറിന്റെ തോത് വര്‍ധിക്കുന്നതായി തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ കണക്കുകള്‍. പ്രൊസ്റ്റേറ്റ് കാന്‍സര്‍ നിയന്ത്രിക്കുന്നതിനായി റോബോട്ടിക് സര്‍ജറി ഉള്‍പ്പെടെ സൗകര്യങ്ങള്‍ സെന്ററില്‍ ലഭ്യമാണെന്ന് ഡയറക്ടര്‍ ഡോ. ബി സതീശന്‍ അറിയിച്ചു. സെന്ററിലെ കാന്‍സര്‍ രജിസ്ട്രി പ്രകാരം 2019 മുതല്‍ 2023 വരെ പ്രോസ്റ്റേറ്റ് കാന്‍സര്‍ കേസുകളില്‍ 16 ശതമാനം വര്‍ധനയാണുണ്ടായത്. ഇതില്‍ അവസാന വര്‍ഷം മാത്രം 18.8 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.
ആധുനിക റോബോട്ടിക് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് റാഡിക്കല്‍ പ്രോസ്റ്റേറ്റെക്ടമി പോലുള്ള സങ്കീര്‍ണ്ണ ശസ്ത്രക്രിയകള്‍ വളരെ കൃത്യതയോടെ നടത്താനാകും. ഇതിലൂടെ പ്രധാന നാഡികളും അവയവങ്ങളും സംരക്ഷിക്കാന്‍ കഴിയും. മൂത്രനിയന്ത്രണ ശേഷിയും പ്രത്യുൽപാദന-ലൈംഗിക പ്രവര്‍ത്തനങ്ങളും നിലനിര്‍ത്തുന്നതിന് ഇത് വളരെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ വര്‍ഷം കേരളത്തിലെ ഏറ്റവും മികച്ച കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളായ തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിലും തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിലും അത്യാധുനിക ഡാവിഞ്ചി റോബോട്ടിക് സര്‍ജിക്കല്‍ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്.
കാന്‍സര്‍ ബാധ പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ ഒതുങ്ങി നില്‍ക്കുമ്പോഴാണ് ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്യുന്ന റാഡിക്കല്‍ പ്രോസ്റ്റേറ്റെക്ടമി സാധാരണയായി ശുപാര്‍ശ ചെയ്യാറുള്ളത്. ഇടുപ്പിനുള്ളിലായി അതിലോലമായ നാഡികളുടെയും രക്തക്കുഴലുകളുടെയും സമീപത്തായി ഗ്രിന്ഥി സ്ഥിതി ചെയ്യുന്നതിനാല്‍ ഈ ശസ്ത്രക്രിയ സാങ്കേതികമായി ആതീവ സങ്കീര്‍ണ്ണമാണ്. എന്നാല്‍ ആധുനിക റോബോട്ടിക് സംവിധാനത്തിന്റെ 3ഡി മാഗ്‌നിഫൈഡ് വിഷന്‍, റിസ്റ്റഡ് ഉപകരണങ്ങള്‍ എന്നിവ ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ കൃത്യതയും നിയന്ത്രണവും സാധ്യമാക്കും. ഇത് ടിഷ്യു കേടുപാടുകള്‍ കുറയ്ക്കുന്നതിനും സുഗമമായ സുഖപ്പെടലിനും സഹായിക്കുന്നു.
മൂത്രസഞ്ചി, മൂത്രനാളി എന്നിവ വീണ്ടും ബന്ധിപ്പിക്കുന്നത് പോലുള്ള ഘട്ടങ്ങളില്‍ റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയ വളരെ കൃത്യമായ തുന്നല്‍ സാധ്യമാക്കും. അവയവങ്ങളുടെയും നാഡികളുടെയും സംരക്ഷണത്തിനു പുറമേ, മിനിമലി ഇന്‍വേസീവ് ശസ്ത്രക്രിയകള്‍ ചെറിയ മുറിവുകള്‍, കുറഞ്ഞ രക്തനഷ്ടം, അണുബാധയ്ക്കുള്ള കുറഞ്ഞ സാധ്യത എന്നീ മികവുകളുള്ളതാണ്. മിക്ക രോഗികളും 3-4 ദിവസത്തിനുള്ളില്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നു. പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്തുന്ന രീതി കേരളത്തില്‍ വളര്‍ന്നുവരുന്നതിനാല്‍ നൂതന ശസ്ത്രക്രിയാ രീതികളിലേക്കുള്ള ഈ മാറ്റത്തിന് കൂടുതല്‍ പിന്തുണ കിട്ടുന്നുണ്ടെന്ന് ഡോ. സതീശന്‍ പറഞ്ഞു.
വടക്കന്‍ കേരളത്തിലുടനീളമുള്ള രോഗികള്‍ക്ക് മാത്രമല്ല, അയല്‍ സംസ്ഥാനമായ തമിഴ്നാട്, കര്‍ണാടക, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്കും മലബാര്‍ കാന്‍സര്‍ സെന്റര്‍ റോബോട്ടിക് ശസ്ത്രക്രിയ സേവനം നല്‍കുന്നതായി സെന്ററിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം തലവനും പ്രൊഫസറുമായ ഡോ. നിസാമുദ്ദീന്‍ പറഞ്ഞു.