വെർച്വൽ റിയാലിറ്റി തിയേറ്റർ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ നരിക്കുനി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം കമ്മ്യൂണിറ്റി ബെയ്സ്ഡ് ഡിസബിലിറ്റി മാനേജ്മെൻ്റ് സെൻ്റററി (സി ഡി എം സി)ൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് എളമരം കരീം എം പി. നരിക്കുനി കുടുംബാരോഗ്യ കേന്ദ്രത്തിൽ എം പി ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ച് ഒരുക്കിയ വെർച്വൽ റിയാലിറ്റി തിയേറ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഐ സാങ്കേതിക വിദ്യയുടെ സഹായത്താൽ പ്രവർത്തിക്കുന്ന വെർച്വൽ റിയാലിറ്റി തിയേറ്റർ ഓട്ടിസം ബാധിച്ചവർ ഉൾപ്പെടെ ശാരീരിക- മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ചലനശേഷി വികാസത്തിനും സാമൂഹിക നൈപുണ്യ വികാസത്തിനും സഹായകരമാകും. കേരളത്തിൽ ആദ്യമായാണ് ഒരു ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇത്തരം ഒരു ഓട്ടി കെയർ സംവിധാനം നിലവിൽ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം, ജില്ലാ ആർ സി എച്ച് ഓഫീസർ സച്ചിൻ ബാബു എന്നിവർ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി, സ്ഥിരം സമിതി അധ്യക്ഷന്മാരായ സർജാസ് കുനിയിൽ, ഹരിദാസൻ ഇച്ചരോത്ത്, സുജ അശോകൻ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. ബേബി പ്രീത സ്വാഗതവും സ്റ്റാഫ് കൗൺസിൽ അംഗം മഹിജ നന്ദിയും പറഞ്ഞു
നരിക്കുനി സി ഡി എം സി പ്രവർത്തനം മാതൃകാപരം: എളമരം കരീം എം പി

