കോഴിക്കോട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുന്നതിനായി എൽഇഡി വാളുകൾ സ്ഥാപിച്ച് ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എ കെ ശശീന്ദ്രൻ നിർവ്വഹിച്ചു. ഉജ്ജീവനം പദ്ധതിയുടെ ചുവട് പിടിച്ച് ജില്ലയിലെ വിവിധ പൊതു ഇടങ്ങളിൽ സ്ഥാപിക്കുന്ന എൽഇഡി വാളുകളുടെ നിർമാണം ശ്രദ്ധേയമായി.
ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങുന്ന എൽഇഡി ബോർഡുകൾ ആണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്നത്. തലക്കുളത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെ സഹകരണത്തോടെ സിഎംഎം ഹയർ സെക്കൻഡറി സ്കൂളാണ് എൽഇഡി വാൾ നിർമിച്ചത്. തുടർ പ്രവർത്തനമായി ജില്ലയിലെ 156 എൻഎസ്എസ് യൂണിറ്റുകളും പൊതു ഇടങ്ങളിൽ എൽ ഇ ഡി വാളുകൾ സ്ഥാപിക്കും.
തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ ജി പ്രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം ഐ പി ഗീത, പ്രിൻസിപ്പൽ ഫാത്തിമ ഹന്ന ഹഗർ, ജില്ല കോർഡിനേറ്റർ എസ് ശ്രീചിത്ത്, ക്ലസ്റ്റർ കൺവീനർ കെ പി അനിൽകുമാർ, പ്രോഗ്രാം ഓഫീസർ ഇ രാധിക തുടങ്ങിയവർ സംസാരിച്ചു.

