കോഴിക്കോട്: പുറമേരിയിൽ ഊണിനൊപ്പം വിളമ്പിയ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി കണ്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു. ഹോട്ടലിൽ ഊൺ കഴിക്കുന്നതിനിടെയാണ് സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി കിട്ടിയത്. വിവരം അറിയിച്ചപ്പോൾ, കടയിലെ ജീവനക്കാരൻ ‘കുഴപ്പമില്ല പ്ലാസ്റ്റിക് സഞ്ചിയല്ലേ’ എന്ന മറുപടി നൽകിയതോടെ ഊൺ കഴിക്കാനെത്തിയ ആൾ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചു.സംഭവത്തിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്.
കറിയിൽ പ്ലാസ്റ്റിക് കണ്ടെത്തിയത് പ്രശ്‌നമില്ലെന്ന നിലപാടിലാണ് കടയിലുള്ളവർ. ഭക്ഷണം കഴിക്കാനെത്തിയ ആൾ പരാതി പറയുമ്പോൾ അവിടെ ഉള്ളവർ ചിരിക്കുന്നതും വീഡിയോയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഊണിൽനിന്ന് പ്ലാസ്റ്റിക് സഞ്ചി കണ്ടെടുത്ത് ഹോട്ടൽ പൂട്ടിച്ചു. സ്ഥാപനത്തിന് പിഴ ചുമത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

